ആർ.ജി കർ മുൻ പ്രിൻസിപ്പലിന്റെ മെഡിക്കൽ ലൈസൻസ് റദ്ദാക്കി
Mail This Article
കൊൽക്കത്ത ∙ പിജി വിദ്യാർഥിനി പീഡനത്തിൽ കൊല്ലപ്പെട്ട സംഭവത്തിന്റെ പേരിൽ സിബിഐ കസ്റ്റഡിയിൽ കഴിയുന്ന ആർ.ജി കർ ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ മെഡിക്കൽ റജിസ്ട്രേഷൻ റദ്ദാക്കി. മെഡിക്കൽ പ്രാക്ടീഷണർമാരുടെ പട്ടികയിൽനിന്ന് ബംഗാൾ മെഡിക്കൽ കൗൺസിൽ ഇദ്ദേഹത്തെ ഒഴിവാക്കി.
സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ നടത്തുന്ന സമരം 40–ാം ദിവസത്തിലേക്കു കടന്നു. ആരോഗ്യവകുപ്പിന്റെ ആസ്ഥാനമായ സ്വാസ്ഥ്യഭവനു മുന്നിൽ ഡോക്ടർമാർ കുത്തിയിരിപ്പുസമരം നടത്തുന്ന പന്തലിന്റെ ഭാഗങ്ങൾ പൊലീസിന്റെ സമ്മർദത്തെത്തുടർന്ന് പൊളിച്ചുനീക്കിയതായി ആരോപണമുണ്ട്.
മുഖ്യമന്ത്രി മമത ബാനർജിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ രണ്ടാംഘട്ടമായി ചീഫ് സെക്രട്ടറി മനോജ് പന്തുമായി ഡോക്ടർമാർ ചർച്ച നടത്തിയെങ്കിലും തീരുമാനങ്ങൾ എഴുതിക്കിട്ടണമെന്ന ആവശ്യം സർക്കാർ നിരസിച്ചു. തുടർന്ന് ചർച്ചയുടെ വിശദാംശങ്ങൾ ഡോക്ടർമാർ തന്നെ തയാറാക്കി ചീഫ് സെക്രട്ടറിക്കു സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനിർദേശങ്ങൾ സർക്കാർ പുറപ്പെടുവിക്കുമെന്നാണു പ്രതീക്ഷ.
ഡോക്ടർമാരുടെ ആവശ്യത്തിനു വഴങ്ങി കൊൽക്കത്ത പൊലീസ് മേധാവി വിനീത് ഗോയലിനെ സ്ഥലം മാറ്റുകയും ആരോഗ്യവകുപ്പിലെ 2 മുതിർന്ന ഉദ്യോഗസ്ഥരെ നീക്കം ചെയ്യുകയും ചെയ്തെങ്കിലും ആരോഗ്യ സെക്രട്ടറി എൻ.എസ് നിഗത്തിനെതിരെ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. സമരം അവസാനിപ്പിച്ച് ഡോക്ടർമാർ ജോലി പുനരാരംഭിക്കണമെന്ന് തൃണമൂൽ നേതാവ് അഭിഷേക് ബാനർജി ആവശ്യപ്പെട്ടു.
ഇതിനിടെ, കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഫോൺകോളുകളുടെ വിവരം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്ന് പിതാവ് സിബിഐയോട് അഭ്യർഥിച്ചു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കണമെന്നും പെൺകുട്ടി മരിച്ചതിനു തലേരാത്രിയിലെ ആശുപത്രിയിലെ ഡ്യൂട്ടി ഷെഡ്യൂൾ വീണ്ടെടുക്കണമെന്നും അദ്ദേഹം കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.