ഇടഞ്ഞ് ഷെൽജ; കോൺഗ്രസിന് വെല്ലുവിളി
Mail This Article
കർണാൽ (ഹരിയാന) ∙ ഹരിയാനയിൽ കോൺഗ്രസിനു ഞെട്ടലുണ്ടാക്കി മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കുമാരി ഷെൽജ പ്രചാരണരംഗത്തെത്താതെ ഇടഞ്ഞുനിൽക്കുന്നു. സ്ഥാനാർഥി നിർണയം പൂർത്തിയായതിനു ശേഷം ഹരിയാനയിലെ പ്രചാരണ വേദികളിൽ ഷെൽജ എത്തിയിട്ടില്ല.
കോൺഗ്രസിന്റെ ഗാരന്റി കാർഡ് പ്രകാശന ചടങ്ങിലും വിട്ടുനിന്നു. സ്ഥാനാർഥി നിർണയത്തിലെ അവഗണനയ്ക്കു പിന്നാലെ ജാതി അധിക്ഷേപം കൂടി ഉയർന്നതാണ് അതൃപ്തിക്കു കാരണമെന്നാണു വിവരം. തിരഞ്ഞെടുപ്പിനു രണ്ടാഴ്ച ബാക്കി നിൽക്കെ പ്രശ്നപരിഹാരത്തിന് ഹൈക്കമാൻഡ് ഇടപെട്ടു.
സ്ഥാനാർഥിയാകുമെന്നു ഷെൽജ വളരെ നേരത്തെ പരസ്യമായി പ്രഖ്യാപിച്ച ഉറ്റ അനുയായി ഡോ. അജയ് ചൗധരിക്കു പോലും ഭൂപീന്ദർ ഹൂഡ പക്ഷം സീറ്റ് നിഷേധിച്ചിരുന്നു. ഷെൽജയോട് അടുപ്പമുള്ളവരിൽ സ്ഥാനാർഥിത്വം ലഭിച്ചത് 11 പേർക്കു മാത്രമാണ്. 30–35 സീറ്റെങ്കിലും തനിക്കൊപ്പമുള്ളവർക്ക് വേണമെന്ന് അവർ ആവശ്യപ്പെട്ടിരിക്കെയാണ് ഹൂഡ പക്ഷത്തിന്റെ വെട്ടിനിരത്തൽ.
12നു സ്ഥാനാർഥി നിർണയം പൂർത്തിയായപ്പോൾ, എഐസിസി പുറത്തിറക്കിയ പട്ടികയിലുള്ളവർക്ക് ആശംസ നേർന്നു സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതൊഴിച്ചാൽ ഷെൽജ കാര്യമായ തിരഞ്ഞെടുപ്പു പ്രവർത്തനത്തിൽ ഇല്ല. ഹരിയാനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപക് ബാബ്രിയ ഹൂഡയ്ക്കു വേണ്ടി ചരടുവലിക്കുന്നുവെന്ന ആക്ഷേപം ഷെൽജ പക്ഷം നേരത്തേ ഉയർത്തിയിരുന്നു. ഹൂഡയ്ക്ക് മേൽക്കൈ ഉറപ്പാക്കുന്ന നീക്കങ്ങളാണു തുടർച്ചയായി നടന്നതും. സംസ്ഥാനത്തെ 18 എസ്‌സി സംവരണ മണ്ഡലങ്ങളിൽ പോലും ദലിത് നേതാവായ ഷെൽജ പറഞ്ഞവർക്ക് കിട്ടിയില്ല.