അരുത്, നമ്മുടെ കുഞ്ഞുങ്ങളാണ്; വിദ്യാർഥികൾ പീഡനത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സംഭവങ്ങളേറി
Mail This Article
ദാഹോദ് (ഗുജറാത്ത്) ∙ ലൈംഗികാതിക്രമം ചെറുത്ത വിദ്യാർഥിനിയെ ശ്വാസം മുട്ടിച്ചുകൊന്ന കേസിൽ സ്കൂൾ പ്രിൻസിപ്പൽ ഗോവിന്ദ് നാഥ് അറസ്റ്റിൽ. ദാഹോദ് ജില്ലയിൽ സിങ്‌വാദിലെ തൊരാനി ഗ്രാമത്തിലാണു സംഭവം. 6 വയസ്സുള്ള വിദ്യാർഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോയ പ്രിൻസിപ്പൽ സ്കൂളിൽ ഇറക്കിയെന്നു പറഞ്ഞെങ്കിലും ഇതു നുണയാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. കുട്ടിയുടെ മൃതദേഹം കാറിൽത്തന്നെ സൂക്ഷിച്ച ഇയാൾ വൈകിട്ട് അഞ്ചോടെ സ്കൂളിനു പിന്നിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതിക്കു ബിജെപി–ആർഎസ്എസ് ബന്ധമുണ്ടെന്നു കോൺഗ്രസ് ആരോപിച്ചു.
പീഡനം: അധ്യാപകൻ അറസ്റ്റിൽ
സിതാപുർ (യുപി) ∙ പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ സ്കൂൾ അധ്യാപകൻ സഞ്ജയ് ഗുപ്ത അറസ്റ്റിലായി. മഹ്മൂദാബാദിലാണു സംഭവം. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് വിദ്യാർഥിനിയെ കണ്ടെത്തിയത്. പരീക്ഷയിൽ തോൽപിക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. നാട്ടുകാരുടെ മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ അധ്യാപകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദ്യാർഥിയുടെ മരണം: സ്കൂൾ ഡയറക്ടർക്ക് എതിരെ കേസ്
ഹത്രസ് (യുപി) ∙ രണ്ടാം ക്ലാസ് വിദ്യാർഥി ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ സ്കൂൾ ഡയറക്ടർ ദിനേശ് ബാഗേൽ അടക്കം 5 പേർക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിക്കു സുഖമില്ലെന്ന് അധികൃതർ അറിയിച്ചതിനെത്തുടർന്ന് അച്ഛൻ എത്തിയെങ്കിലും ഡയറക്ടറുടെ കാറിൽ കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോയെന്നായിരുന്നു വിശദീകരണം. എന്നാൽ, ഇയാളുടെ കാറിൽനിന്നു കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നെന്ന് അച്ഛൻ പൊലീസിനോടു പറഞ്ഞു.
ക്ലാസിൽ ലൈംഗികാതിക്രമം: കേസെടുത്തു
കൗശാംബി (യുപി) ∙ അഞ്ചാം ക്ലാസിലെ 4 വിദ്യാർഥിനികൾക്കു നേരെ ലൈംഗികാതിക്രമം നടത്തിയ താൽക്കാലികാധ്യാപകന് എതിരെ പൊലീസ് കേസെടുത്തു. പഹാർപുർ കൊഡാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ ജോലി ചെയ്യുന്ന രാജേഷ് കുമാർ യാദവിനെതിരെയാണ് പരാതി. ക്ലാസെടുക്കുന്നതിനിടെ അതിക്രമം നടത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.