ADVERTISEMENT

∙ ഉള്ളിൽ സ്നേഹം സൂക്ഷിക്കുന്ന എല്ലാവരെയും പോലെ ദുഷ്യന്ത് ചൗട്ടാല ആളൊരു ചൂടനാണ്. പാർട്ടി നേതാക്കളുടെ തന്നെ സമ്മതത്തോടെ കയറിച്ചെന്നപ്പോൾ ഇതൊന്നു കഴിഞ്ഞോട്ടെയെന്നു പറഞ്ഞ് ഞങ്ങളെ മുറിയിൽ നിന്നു പുറത്താക്കി. അൽപനേരത്തിനു ശേഷം കേരളത്തിൽ നിന്നു വന്നവരെന്ന സ്നേഹത്തോടെ ചേർത്തുനിർത്തി.

30–ാം വയസ്സിൽ, മുത്തച്ഛന്റെ ‘ഐഎൻഎൽഡി’ തറവാട്ടിൽ നിന്നുവഴക്കുണ്ടാക്കി ഇറങ്ങിയ ആളാണ്. ജെജെപിയെന്ന സ്വന്തം പാർട്ടിയുണ്ടാക്കി. തൊട്ടടുത്ത വർഷം 10 എംഎൽഎമാരെ ജയിപ്പിച്ച പാർട്ടിയുടെ നേതാവായി. ഉപമുഖ്യമന്ത്രിയായി. പയ്യനു രാജയോഗമുണ്ടെന്നാണു സംസാരം.

ഇന്ത്യയുടെ മുൻ ഉപപ്രധാനമന്ത്രിയും ഹരിയാന മുഖ്യമന്ത്രിയുമായിരുന്ന ദേവിലാലിന്റെ മകനായ ഓം പ്രകാശ് ചൗട്ടാലയുടെ കൊച്ചുമകനാണ്. ഓം പ്രകാശ് ചൗട്ടാലയും മുഖ്യമന്ത്രിയായി ഹരിയാന ഭരിച്ചു. യുഎസിൽ നിന്നു ബിബിഎ നേടിവന്ന ദുഷ്യന്തിനും മുഖ്യമന്ത്രി കസേരയിൽ മോഹമുണ്ടെന്നത് ഹരിയാനയിൽ പാട്ടാണ്. ആർക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാതെ പോയ കഴിഞ്ഞ നിയമസഭയിൽ 10 സീറ്റ് നേടി ജെപിപി ഭരണം നിർണയിച്ചപ്പോൾ മുഖ്യമന്ത്രിക്കസേരയുടെ തൊട്ടടുത്ത് ദുഷ്യന്ത് എത്തിയതാണ്. ഉപമുഖ്യമന്ത്രിക്കസേരയിൽ തൃപ്തിപ്പെട്ട് ബിജെപിക്ക് കൈകൊടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് സഖ്യം വിട്ടു. 

മുന്നിൽ കടമ്പകകളേയുള്ളു. പോയ വോട്ടുവിഹിതം തിരിച്ചുപിടിക്കണം. വിലപേശാൻ കഴിയുന്നത്ര സീറ്റു വേണം. മാതൃപാർട്ടിയായ ഐഎൻഎൽഡിയെ മറികടന്നില്ലെങ്കിൽ നിലനിൽപ് പ്രശ്നം. ഒത്തുകിട്ടിയാൽ കിങ് മേക്കറോ കിങ് തന്നെയോ ആവുകയും വേണം. പരമ്പരാഗത ജാട്ട് വോട്ടുകൾക്കൊപ്പം ദലിത് വോട്ടുകൾകൂടി വശത്താക്കാൻ യുപിയിൽ നിന്ന് ചന്ദ്രശേഖർ ആസാദിനെ ഇറക്കിയിട്ടുണ്ട്. ജെജെപി–ആസാദ് സമാജ് സഖ്യം 77 സീറ്റിലാണ് ഒന്നിച്ചു മത്സരിക്കുന്നത്. 

കഴിഞ്ഞ തവണ വൻ ഭൂരിപക്ഷത്തിനു വിജയിച്ച ഉച്ചാന കലാൻ മണ്ഡലത്തിൽ ബിജെപിയിൽ നിന്നു കോൺഗ്രസിലെത്തിയ മുൻ ഐപിഎസ് ഓഫിസർ ബ്രിജേന്ദർ സിങ് ആണ് മുഖ്യ എതിരാളി. ഉച്ചാനയിലെ ജെജെപി ഓഫിസിൽ ദുഷ്യന്ത് മനോരമയോടു സംസാരിക്കുന്നു. 

∙ ജെജെപിക്ക് ഇക്കുറി എത്ര സീറ്റ് കിട്ടും? 

കഴിഞ്ഞ തവണ 10 സീറ്റ് ലഭിച്ചു. അതിനെക്കാൾ മികച്ച ഫലം ഉറപ്പാണ്. ചുരുങ്ങിയ കാലം കൊണ്ട് കർഷകർക്കായി ഒരുപാടു കാര്യങ്ങൾ ചെയ്തത് ഗുണം ചെയ്യും. 

ആവശ്യങ്ങൾ അംഗീകരിച്ചാൽ കോൺഗ്രസിനെ പിന്തുണയ്ക്കുമോ? 

ഞങ്ങളുടെ പാർട്ടിക്കും കോൺഗ്രസിനും എത്ര സീറ്റ് കിട്ടുമെന്ന് പറയാൻ ഞാൻ ജ്യോതിഷിയല്ല. ഫലം വരട്ടെ. 

ബിജെപിയുടെ ബി ടീമാണ് ജെജെപിയെന്നു കേൾക്കുന്നു?

ഒരു കാര്യവുമില്ല. ഏതെങ്കിലും പാർട്ടി വേറൊരു പാർട്ടിക്കു വേണ്ടിയാണോ ജോലി ചെയ്യുന്നത്. 

ആസാദ് സമാജ് പാർട്ടിയുമായുള്ള സഖ്യം ഗുണം ചെയ്യുമോ?  

കഠിനാധ്വാനിയാണ് ആസാദ്. ഞങ്ങൾ ഇരുവരും ചേർന്നു ലക്ഷ്യം നേടും. 

കഴിഞ്ഞ തവണ സർക്കാരുണ്ടാക്കാൻ ബിജെപിയെ പിന്തുണച്ചത് തെറ്റായിപ്പോയോ? 

നോക്കു, നിങ്ങളുമായി ഇന്നീ സംസാരിക്കുന്നത് ഒരുപക്ഷേ, നാളെ തെറ്റായ തീരുമാനമായിരുന്നുവെന്നു തോന്നാം. ബിജെപിയുമായുള്ള ബന്ധം തെറ്റായ തീരുമാനമായി. കർഷകസമരകാലത്ത് ആളുകളുടെ വികാരം മനസ്സിലാക്കുന്നതിൽ വന്ന പിഴവാണത്. അപ്പോൾ തന്നെ രാജിവയ്ക്കേണ്ടതായിരുന്നു. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു ശതമാനം വോട്ടുപോലും ലഭിക്കാതെ പോയത് എന്തുകൊണ്ടാണ്? 

അന്നു സ്ഥിതി മറ്റൊന്നായിരുന്നു. എൻഡിഎയും ഇന്ത്യാസഖ്യവും നേർക്കുനേർ പോരാടിയപ്പോൾ മറ്റു പ്രാദേശിക പാർട്ടികൾക്കൊന്നും നേട്ടമുണ്ടായില്ല. 

മുത്തച്ഛനെ പോലെ ദുഷ്യന്ത് ചൗട്ടാല ഹരിയാനയുടെ മുഖ്യമന്ത്രിയാകുമോ? 

സീറ്റെണ്ണം അനുകൂലമെങ്കിൽ. ആരെല്ലാം പിന്തുണയ്ക്കുമെന്നു നോക്കാം.

English Summary:

Writeup about Dushyant Chautala JJP leader of haryana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com