അഖാഡകളിൽ ‘കൈ’ക്കരുത്ത്
Mail This Article
അഖാഡകളിൽ നെഞ്ചുവിരിച്ച് ഫയൽവാൻമാർ തയാർ. ഇത്തവണ അതു ഗുസ്തിക്കല്ലെന്നു മാത്രം. ഒക്ടോബർ 5ന് നടക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ. രാഷ്ട്രീയത്തെയും തിരഞ്ഞെടുപ്പിനെയും അഖാഡയ്ക്കു (ഗുസ്തി പരിശീലന കേന്ദ്രം) പുറത്തു നിർത്തുന്നില്ല ഇവർ. ബിജെപി നേതാവും മുൻ എംപിയുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ സമരം മാത്രമല്ല, തൊഴിലില്ലായ്മയും സാമൂഹിക സുരക്ഷാ പെൻഷനും അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നു പ്രശസ്ത ഗുസ്തി താരങ്ങളെ സംഭാവന ചെയ്ത ഹരിയാനയിലെ അഖാഡകൾ. റോത്തക് ടൗണിനു ചുറ്റിലുമുള്ള ഗ്രാമങ്ങളിൽ മാത്രം 12 അഖാഡകളുണ്ട്.
ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉറച്ചു വിശ്വസിക്കുന്നു, റോത്തക് അനാജ്മണ്ഡിയിലെ സത്യവാൻ അഖാഡയുടെ ഉടമയും അർജുന അവാർഡ് ജേതാവുമായ സത്യവാൻ കാജാൻ. ഒളിംപിക്സ് വെങ്കല മെഡൽ ജേതാവായ സാക്ഷി മാലിക്കിന്റെ ഭർതൃപിതാവാണു സത്യവാൻ. സാക്ഷി മാലിക് 6 വർഷത്തോളം ഈ അഖാഡയിൽ പരിശീലനം നേടിയിരുന്നു. ‘ഗുസ്തി താരങ്ങളുടെ സമരം തുടങ്ങിയതു ബിജെപിയാണ്. കോൺഗ്രസല്ല. സമരത്തെ ബിജെപി അവഗണിച്ചതു തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ’– സത്യവാൻ പറഞ്ഞു. അഖാഡയിൽ പരിശീലനത്തിനെത്തിയ കുട്ടികളുടെ രക്ഷിതാക്കളായ വിഷു, ലാൽവീർ, ഭീം, ധരംവീർ, അശോക് എന്നിവർക്കും ഇതേ അഭിപ്രായം തന്നെ.
റോത്തക് സുനോരിയയിലെ ഭഗത്‌സിങ് അഖാഡയിലും കോൺഗ്രസിനു തന്നെ മുൻതൂക്കം. ഒട്ടേറെ ദേശീയതാരങ്ങളെ സംഭാവന ചെയ്ത ഈ അഖാഡയിൽ ഇപ്പോൾ നൂറോളം കുട്ടികൾ പരിശീലിക്കുന്നുണ്ട്. ‘വിനേഷ് ഫോഗട്ടിന് എല്ലാവരുടെയും പിന്തുണയുണ്ട്. അവർ ജയിക്കുക തന്നെ ചെയ്യും..’ ഗുസ്തിക്കാരനായ പ്രദീപ് ധാകർ പറഞ്ഞു. അതേസമയം, ഒപ്പമുണ്ടായിരുന്ന സോഹിലിന്റെ വോട്ട് ബിജെപിക്കാണ്. പുതിയ താരങ്ങളുടെ പരിശീലനം കാണാൻ അഖാഡയിലെത്തിയ, ക്യാപ്റ്റൻ റായ്സിങ് അടക്കമുള്ള പ്രായം ചെന്നവരും പിന്തുണയ്ക്കുന്നതു കോൺഗ്രസിനെ തന്നെ. ജെജെപിക്കോ എഎപിക്കോ ഇവർ തീരെ സാധ്യത കൽപിക്കുന്നില്ല.