റിസർവ് ബാങ്ക് പണനയസമിതി യോഗത്തിന് ഇന്നു തുടക്കം; പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയില്ല
Mail This Article
ന്യൂഡൽഹി ∙ പുതിയ 3 എക്സ്റ്റേണൽ അംഗങ്ങൾ ചുമതലയേറ്റതിനുശേഷമുള്ള റിസർവ് ബാങ്ക് പണനയസമിതിയുടെ (എംപിസി) ആദ്യ യോഗം ഇന്ന് ആരംഭിക്കും. ബുധനാഴ്ച രാവിലെ 10നു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അടുത്ത 2 മാസത്തേക്കുള്ള അടിസ്ഥാന പലിശനിരക്ക് സംബന്ധിച്ച പ്രഖ്യാപനം നടത്തും.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ച ശേഷമുള്ള എംപിസി യോഗമാണിത്. ഫെഡറൽ റിസർവ് 4 വർഷത്തിനിടെ ആദ്യമായാണ് അര ശതമാനം പലിശ കുറച്ചത്. യുഎസ് കുറച്ചതിന്റെ ചുവടുപിടിച്ച് റിസർവ് ബാങ്ക് പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
പലിശ കുറയ്ക്കുന്ന കാര്യത്തിൽ ഫെഡറൽ റിസർവിനെ പിന്തുടരില്ലെന്ന് ആർബിഐ ഗവർണർ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ സാഹചര്യങ്ങൾ പരിഗണിച്ചായിരിക്കും ആർബിഐയുടെ തീരുമാനം.
ഭക്ഷ്യവിലക്കയറ്റം ഇപ്പോഴും പ്രശ്നമായി തുടരുന്നതിനാൽ ഈ യോഗത്തിൽ നിരക്ക് കുറച്ചേക്കില്ല. മൊത്തത്തിലുള്ള വിലക്കയറ്റത്തോത് കഴിഞ്ഞ 2 മാസം കുറഞ്ഞെങ്കിലും സെപ്റ്റംബർ, ഒക്ടോബർ കണക്കുകൾ 5 ശതമാനത്തിനും മുകളിലാകാനാണു സാധ്യത.
ഭക്ഷ്യഎണ്ണ, അരി, സവാള എന്നിവയുടെ കയറ്റുമതി–ഇറക്കുമതി വ്യവസ്ഥകളിൽ വരുത്തിയ മാറ്റവും ആഭ്യന്തരവിപണിയിലെ വിലക്കയറ്റത്തിലേക്ക് നയിക്കാം. വിലക്കയറ്റത്തോത് തുടർച്ചയായി 4 ശതമാനത്തിനടുപ്പിച്ചു വന്നാൽ മാത്രമേ ആർബിഐ പലിശനിരക്ക് കുറയ്ക്കൂ.