ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി: ആയുർവേദം, ഹോമിയോ ഉൾപ്പെടുത്തുന്ന നടപടി അന്തിമഘട്ടത്തിൽ
Mail This Article
ന്യൂഡൽഹി ∙ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് (എബി–പിഎംജെഎവൈ) പദ്ധതിയിൽ ആയുർവേദം ഉൾപ്പെടെ ആയുഷ് ചികിത്സാരീതികളെയും ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള ആയുർവേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി, പ്രകൃതിചികിത്സ, യോഗ എന്നിവയിലെ ചികിത്സാരീതികളാണ് സൗജന്യ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാക്കുന്നത്.
-
Also Read
പ്രധാനമന്ത്രി മോദി ലാവോസ് ഉച്ചകോടിക്ക്
170 ചികിത്സാ പാക്കേജുകൾ ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള പട്ടിക ദേശീയ ആരോഗ്യ അതോറിറ്റി തയാറാക്കി കഴിഞ്ഞു. ജലദോഷം മുതൽ പക്ഷാഘാതം, കടുത്ത നടുവേദന, പ്രമേഹം, രക്തസമ്മർദം, അർബുദ ചികിത്സ വരെ ഇതിൽ ഉൾപ്പെടുന്നു. താമസം, ഭക്ഷണക്രമം, ജീവിതശൈലി മാർഗനിർദേശം, യോഗ എന്നിവ ഉൾപ്പെടുന്ന ഇൻഡോർ പഞ്ചകർമ സേവനങ്ങളുടെ ഭാഗമായും ഈ ചികിത്സകൾ നൽകും. ആയുർവേദം ഉൾപ്പെടെ ആയുഷ് ചികിത്സാ രീതികൾ എബി–പിഎംജെഎവൈയിൽ ഉൾപ്പെടുത്തുന്നത് കേരളത്തിന് ഏറെ ഗുണം ചെയ്യും.
ചികിത്സാ പാക്കേജുകളുടെ വില ദേശീയ ആരോഗ്യ ഏജൻസി അന്തിമമാക്കിയിട്ടുണ്ട്. തുക സംബന്ധിച്ച് ഇൻഷുറൻസ് കമ്പനികളും ആയുഷ് മന്ത്രാലയ പ്രതിനിധികളും തമ്മിൽ ചർച്ച പുരോഗമിക്കുകയാണ്. നടപടികൾ വേഗത്തിലാക്കുന്നതിനും വില ഘടന അന്തിമമാക്കുന്നതിനുമായി പർച്ചേസിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പൊതുജനാരോഗ്യം സംസ്ഥാന വിഷയമായതിനാൽ സംസ്ഥാന സർക്കാരുകളുടെ അഭിപ്രായങ്ങളും കേന്ദ്രസർക്കാർ പരിഗണിക്കുന്നുണ്ട്.