യുപിഐ ലൈറ്റ്: പരിധി ഉയർത്തി; 1000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾ ഇനി അതിവേഗം
Mail This Article
ന്യൂഡൽഹി ∙ പിൻ നമ്പർ നൽകാതെ അതിവേഗ പണമിടപാടിനുള്ള ‘യുപിഐ ലൈറ്റ്’ സംവിധാനം വഴി അയയ്ക്കാവുന്ന തുകയുടെ പരിധി 500 രൂപയിൽനിന്ന് 1000 രൂപയാക്കും. യുപിഐ ലൈറ്റ് വോലറ്റിൽ സൂക്ഷിക്കാവുന്ന പരമാവധി തുക 2000 രൂപയായിരുന്നത് 5000 രൂപയാക്കാനും റിസർവ് ബാങ്ക് തീരുമാനിച്ചു.
ഗൂഗിൾ പേ അടക്കമുള്ള യുപിഐ ആപ്പുകളിൽ മാറ്റം വൈകാതെ നടപ്പാകും. പരിധി 1000 രൂപയാകുന്നതോടെ ഭൂരിഭാഗം പേരുടെയും ദൈനംദിന ഇടപാടുകളിൽ ഏറിയപങ്കിനും പിൻ ആവശ്യമില്ലാതാകും. ബാങ്ക് സെർവർ തകരാറിലാണെങ്കിലും പണമിടപാട് നടക്കുമെന്നതാണ് യുപിഐ ലൈറ്റിന്റെ മെച്ചം. പണം പോകുന്നത് വോലറ്റിൽനിന്നായതിനാൽ ഇവ ബാങ്ക് സ്റ്റേറ്റ്മെന്റിലും പാസ്‍ബുക്കിലും രേഖപ്പെടുത്തില്ല. ചെറു ഇടപാടുകൾ സ്റ്റേറ്റ്മെന്റിൽ നിറയുന്നത് ഒഴിവാകുകയും സെർവർ ലോഡ് കുറയുകയും ചെയ്യും.
ഇന്റർനെറ്റ് ഇല്ലാത്ത സാധാരണ ഫീച്ചർ ഫോൺ വഴി പണമിടപാടിനുള്ള ‘യുപിഐ123പേ’ സംവിധാനത്തിൽ ഒരുതവണ അയയ്ക്കാവുന്ന പരമാവധി തുക 5000 രൂപയായിരുന്നത് 10,000 രൂപയായും ഉയർത്തി.
യുപിഐ ലൈറ്റ് ഉപയോഗിക്കാൻ
ഗൂഗിൾ പേ, പേയ്ടിഎം, ഫോൺപേ, ഭീം ആപ്പുകളിൽ ഹോം പേജിലെ ‘യുപിഐ ലൈറ്റ്’ ഓപ്ഷൻ തുറക്കുക. ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത് ‘Proceed’ ഓപ്ഷൻ നൽകുക. ഇഷ്ടമുള്ള തുക (നിലവിൽ പരമാവധി 2000 രൂപ വരെ) യുപിഐ ലൈറ്റ് വോലറ്റിലേക്കു മാറ്റാം. തുടർന്ന് ചെറു ഇടപാടുകൾക്കു പണം യുപിഐ ലൈറ്റ് വഴി നൽകാം.