ജെപി സെന്റർ സന്ദർശനം: അഖിലേഷിനെ തടഞ്ഞ് യുപി സർക്കാർ, പോര്
Mail This Article
ന്യൂഡൽഹി/പട്‌ന ∙ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്റെ ജന്മവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നതിനെ ചൊല്ലി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരും തമ്മിലുള്ള പോര് തെരുവിലേക്ക്. ജെപി ഇന്റർനാഷനൽ സെന്ററിലെത്താനുള്ള അഖിലേഷിന്റെ ശ്രമം തുടർച്ചയായി രണ്ടാംദിനവും യുപി പൊലീസ് തടഞ്ഞു.
സുരക്ഷാകാരണങ്ങളാൽ സെന്റർ സന്ദർശിക്കാൻ കഴിയില്ലെന്നാണ് പൊലീസ് അഖിലേഷിനെ അറിയിച്ചത്. പിന്നാലെ, ജെപിയുടെ പ്രതിമ വാഹനത്തിന്റെ മുകളിൽ സ്ഥാപിച്ച് അതിൽ പൂമാല അണിയിച്ചാണ് അഖിലേഷ് പ്രതികരിച്ചത്. നൂറുകണക്കിനു പ്രവർത്തകർ അഖിലേഷിന്റെ വാഹനത്തിനു ചുറ്റും കൂടിയിരുന്നു. ജെപി സെന്റർ സന്ദർശിക്കുന്നതു വിലക്കിയ സർക്കാർ നടപടി ദുരൂഹമാണെന്നും സന്ദർശനം തടയാനായി പൊലീസ് തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് അഖിലേഷ് കുറ്റപ്പെടുത്തി.
ജെപിയെ അവഹേളിച്ച ബിജെപിയുമായുളള സഖ്യം ഉപേക്ഷിക്കാൻ അദ്ദേഹത്തിന്റെ ശിഷ്യനായ നിതീഷ് കുമാർ തയാറാകണമെന്ന് പിന്നീട് അഖിലേഷ് ആവശ്യപ്പെട്ടു. ജെപിയുടെ ആദർശങ്ങളെ മാനിക്കാത്ത അഖിലേഷിന്റെ അഭ്യർഥന വിചിത്രമെന്നായിരുന്നു ജെഡിയു വക്താവ് രാജീവ് രഞ്ജൻ പ്രസാദിന്റെ പ്രതികരണം.