ആസ്മ മരുന്നുകൾക്ക് ഉൾപ്പെടെ വിലകൂടും
Mail This Article
ന്യൂഡൽഹി ∙ ആസ്മ, ക്ഷയം, ഗ്ലൂക്കോമ, മാനസിക പ്രശ്നങ്ങൾ തുടങ്ങിവയുടെ ചികിത്സയ്ക്കു വ്യാപകമായി ഉപയോഗിക്കുന്ന 8 അവശ്യ മരുന്നുകൾക്കു വൻ വിലവർധന വരുന്നു. ഈ മരുന്നുകളുടെ പരമാവധി വില 50% വർധിപ്പിക്കാൻ നാഷനൽ ഫാർമസ്യൂട്ടിക്കൽസ് പ്രൈസിങ് അതോറിറ്റി (എൻപിപിഎ) അനുമതി നൽകി.
ഉൽപാദകർ ആവശ്യപ്പെട്ടതനുസരിച്ചാണു വില കൂട്ടാനുള്ള സവിശേഷാധികാരം പ്രയോഗിച്ചതെന്ന് എൻപിപിഎ വ്യക്തമാക്കി. മരുന്നു ലഭ്യതയും താങ്ങാവുന്ന വിലയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്നും എൻപിപിഎ ന്യായീകരിച്ചു.
നേരത്തേ 2019 ലും 2021 ലും മരുന്നുവില 50% വർധിപ്പിച്ചിരുന്നു. എല്ലാ വർഷവും മൊത്തവില സൂചികയെ അടിസ്ഥാനമാക്കി കേന്ദ്ര സർക്കാരാണ് അവശ്യ മരുന്നുകളുടെ പരമാവധി വില നിശ്ചയിക്കുന്നത്.
വില വർധിക്കുന്ന മരുന്നുകൾ:
1. ബെൻസൈൽ പെനിസിലിൻ 10,00,000 ഐയു ഇൻജക്‌ഷൻ
2. അട്രൂപീൻ ഇൻജക്‌ഷൻ 06 എംജി/എംഎൽ
3. സ്ട്രെപ്ടോമൈസിൻ പൗഡർ ഫോർ ഇൻജക്‌ഷൻ 750,1000 എംജി
4. സൽബ്യൂട്ടമോൾ ടാബ്‍ലറ്റ് 2,4 എംജി, റസ്പിറേറ്റർ സൊല്യൂഷൻ
5. പൈലോകാർപീൻ 2% ഡ്രോപ്സ്
6. സെഫഡ്രോക്സിൽ ടാബ്‍ലറ്റ് 500 എംജി
7. ഡെഫറിയോക്സാമീൻ 500 എംജി
8. ലിഥിയം ടാബ്‍ലറ്റ് 300 എംജി