ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാർ ആസൂത്രണം ചെയ്യുന്ന ക്രിമിനൽ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ലഭിച്ചതായി കനേഡിയൻ പൊലീസ്. കാനഡയിൽ താമസിക്കുന്നവരുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഇടപെടലുകളുടെ വിശദാംശങ്ങൾ റോയൽ കനേഡിയൻ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചുവെന്നാണു വെളിപ്പെടുത്തൽ.

നിയമസംരക്ഷണത്തിനുള്ള ഇടപെടലുകൾ നടത്തിയിട്ടും ഭീഷണി തുടർന്നുവെന്നും ജനങ്ങളുടെ സുരക്ഷയ്ക്കു വെല്ലുവിളിയായെന്നുമാണു വിശദീകരണം. ഗുരുതരമായ ക്രിമിനൽ ഇടപാടുകളുടെ തെളിവുകൾ കാനഡയിലെ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ഈ ആഴ്ച ആദ്യം കൈമാറിയിരുന്നുവെന്നും പറയുന്നു. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ കേന്ദ്രസർക്കാരിനു വേണ്ടി വിവരങ്ങൾ ശേഖരിച്ചുവെന്നും ഈ വിവരങ്ങൾ ദക്ഷിണേഷ്യൻ വിഭാഗക്കാർക്കെതിരെ ഉപയോഗിച്ചുവെന്നുമാണ് ആരോപണം.

ജസ്റ്റിൻ ട്രൂഡോ സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചു കേന്ദ്രസർക്കാർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണു കാനഡയുടെ പ്രതികരണം. അന്വേഷണങ്ങളുടെ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്നതു പതിവല്ലെന്നും എന്നാൽ അസാധാരണ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും വ്യക്തമാക്കിയാണു റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ്(ആർസിഎംപി) കമ്മിഷണർ മൈക്ക് ഡ്യുഹീം വാർത്താസമ്മേളനം ആരംഭിച്ചത്.

കാനഡയിലെ ദക്ഷിണേഷ്യൻ വിഭാഗക്കാർക്ക്, പ്രത്യേകിച്ച് ഖലിസ്ഥാൻ അനുകൂലികൾക്ക്, ജീവനു ഭീഷണി നേരിടുന്ന ഒട്ടേറെ സംഭവങ്ങൾ സമീപകാലത്തുണ്ടായെന്നും ഇവയെ നേരിടാൻ ഈ വർഷം ഫെബ്രുവരിയിൽ ആർസിഎംപി ഒരു പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Details of criminal activities of Indian agents received says Canadian police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com