ജിമെയിൽ വഴിയും തട്ടിപ്പ്: എഐ ശബ്ദം ഉപയോഗിച്ച് ഫോൺ വഴി വിവരം ചോർത്തും
Mail This Article
ന്യൂഡൽഹി ∙ ജിമെയിൽ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കാൻ എഐ ശബ്ദമുപയോഗിച്ചു തട്ടിപ്പുകാരുടെ പുതിയ തന്ത്രം. ‘സൂപ്പർ റിയലിസ്റ്റിക് എഐ സ്കാം കോൾ’ എന്നറിയപ്പെടുന്ന ഈ തട്ടിപ്പ് പല ഘട്ടങ്ങളായാണ്.
ഒരാളുടെ ജിമെയിൽ അക്കൗണ്ട് മറ്റൊരു രാജ്യത്തുനിന്ന് ലോഗിൻ ചെയ്യാൻ ശ്രമിച്ചു എന്ന നോട്ടിഫിക്കേഷനിലാണു തട്ടിപ്പിന്റെ തുടക്കം. പെട്ടെന്ന് ഇത്തരമൊരു നോട്ടിഫിക്കേഷൻ ലഭിച്ചാൽ പലരും ഇത് റിജക്ട് ചെയ്യും. പിന്നീടാണ് തട്ടിപ്പിന്റെ ഏറ്റവും വിശ്വസനീയമായ ഘട്ടം .
ഗൂഗിളിൽ നിന്നെന്നപോലെ ഒരു ഓട്ടമേറ്റഡ് കോൾ ലഭിക്കും. പൂർണമായും എഐ ഉപയോഗിച്ചാണ് ഈ ഫോൺവിളി. അമേരിക്കൻ ശൈലിയിൽ ഗൂഗിൾ പ്രതിനിധിയെന്നു പരിചയപ്പെടുത്തി ഈ ശബ്ദം നിങ്ങളുടെ അക്കൗണ്ട് മറ്റൊരു രാജ്യത്തുനിന്ന് തുറക്കാൻ ശ്രമിച്ചെന്നും അക്കൗണ്ട് റിക്കവർ ചെയ്യാൻ ഗൂഗിൾ അയക്കുന്ന മെയിൽ വഴി ലോഗിൻ ചെയ്യാനും പറയും. പിന്നീട് യഥാർഥ ഗൂഗിൾ ഇമെയിൽ പോലെ തോന്നിക്കുന്ന വ്യാജ മെയിലും ഇവർ അയയ്ക്കും. ഇതിലെ ലിങ്കിൽ ക്ലിക് ചെയ്യുന്നതോടെ ഗൂഗിൾ അക്കൗണ്ട് തട്ടിപ്പുകാരുടെ കയ്യിലാകും. ഇമെയിലിൽ വരുന്ന ഒടിപി അടക്കം ഉപയോഗിച്ച് പണവും വ്യക്തി വിവരങ്ങളും തട്ടിപ്പുകാർ കൈക്കലാക്കും.
മുൻകരുതലെടുക്കാം
∙ നൽകാത്ത റിക്വസ്റ്റുകൾക്ക് അപ്രൂവൽ നൽകരുത്.
∙ സംശയാസ്പദമായ കോളുകൾ ലഭിക്കുമ്പോൾ, ആപ്പുകൾ (ട്രൂ കോളർ പോലുള്ള) ഉപയോഗിച്ച് നമ്പർ പരിശോധിക്കുക.
∙ ജിമെയിൽ അക്കൗണ്ടിലെ ‘മൈ ആക്ടിവിറ്റി’ ഓപ്ഷൻ ഉപയോഗിക്കുക.
∙ ശക്തമായ, ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പാസ്‌വേഡുകൾ സൃഷ്ടിക്കുക. ഇടയ്ക്കിടെ പാസ്‌വേഡുകൾ മാറ്റുക.
∙ രണ്ട്ഘട്ട സുരക്ഷ അഥവാ ടു-ഫാക്ടർ ഓതന്റിഫിക്കേഷൻ (2FA) സജ്ജമാക്കുക.