പാക്ക് അനുകൂല മുദ്രാവാക്യം: പ്രതി ഭാരത് മാതാ കീ ജയ് വിളിക്കണമെന്ന് ഹൈക്കോടതി
Mail This Article
ജബൽപുർ ∙ ദേശീയപതാകയെ അപമാനിക്കുകയും പാക്കിസ്ഥാന് സിന്ദാബാദ് വിളിക്കുകയും ചെയ്ത പ്രതിക്ക് ഭാരത് മാതാ കീ ജയ് വിളിക്കണമെന്ന വ്യവസ്ഥയിൽ മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ഭോപാലിലെ മിസ്റോഡ് പൊലീസ് മേയിൽ അറസ്റ്റ് ചെയ്ത ഫൈസൽ ഖാൻ (28) ഇനി കേസിന്റെ വിചാരണ കഴിയും വരെ എല്ലാ മാസവും ആദ്യത്തെയും നാലാമത്തെയും ചൊവ്വാഴ്ച രാവിലെ 10നും 12നും ഇടയിൽ സ്റ്റേഷനിലെത്തി ദേശീയപതാകയുടെ മുന്നിൽ ഭാരത് മാതാ കീ ജയ് വിളിക്കണം.
സമുദായ സ്പർധ ഉണ്ടാക്കാൻ വേണ്ടി പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് മേയ് 17ന് ഭോപാലിലെ മിസ്റോഡ് പൊലീസാണ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. തമാശയ്ക്ക് ചെയ്ത വിഡിയോ വൈറലാകുമെന്ന് കരുതിയില്ലെന്നാണ് ഫൈസൽ പറഞ്ഞത്.
സ്വന്തം രാജ്യത്തിന്റെ പേരിൽ അഭിമാനം കൊള്ളാനും പൗരന്റെ ഉത്തരവാദിത്തം മനസ്സിലാക്കാനും വേണ്ടിയാണ് ഈ വ്യവസ്ഥയെന്ന് ഹൈക്കോടതി ജബൽപുർ ബെഞ്ചിലെ ജസ്റ്റിസ് ഡി.കെ.പാലിവാൾ വ്യക്തമാക്കി.
ജനിച്ചുവളർന്ന രാജ്യത്തിനെതിരെയാണ് മുദ്രാവാക്യം വിളിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫൈസൽ 14 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നു പൊലീസ് വ്യക്തമാക്കി.