സമീർ വാങ്കഡെ ഷിൻഡെയ്ക്കൊപ്പം; ധൻകർ വിഭാഗം എൻഡിഎ വിട്ടു
Mail This Article
മുംബൈ ∙ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിക്കേസിൽ അറസ്റ്റ് ചെയ്യുകയും കേസിൽ നിന്ന് ഒഴിവാക്കാൻ കോടികൾ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം നേരിടുകയും ചെയ്ത ഐആർഎസ് ഓഫിസർ സമീർ വാങ്കഡെ ശിവസേനാ ഷിൻഡെ പക്ഷത്ത് ചേർന്നേക്കും. ജാതി സർട്ടിഫിക്കറ്റ് തിരുത്തി പിന്നാക്ക ക്വോട്ടയിൽ സിവിൽ സർവീസ് നേടിയെന്നും ഇദ്ദേഹത്തിനെതിരെ ആരോപണമുണ്ടായിരുന്നു.
-
Also Read
ബംഗാൾ സർക്കാർ പരാജയമെന്ന് ഗവർണർ
40 സീറ്റ് വേണമെന്ന ആവശ്യം തള്ളിയതോടെ ധൻകർ സമുദായ (ആട്ടിടയ വിഭാഗം) നേതാവ് മഹാദേവ് ജാൻകറുടെ രാഷ്ട്രീയ സമാജ് പക്ഷ (ആർഎസ്പി) എൻഡിഎ മുന്നണി വിട്ടു. ഒറ്റയ്ക്കു മത്സരിക്കാനുള്ള ആർഎസ്പിയുടെ തീരുമാനം ബിജെപിക്ക് തിരിച്ചടിയാണ്. ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി–ശിവസേന സർക്കാരിൽ മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്നു മഹാദേവ് ജാൻകർ.
ആദ്യ സ്ഥാനാർഥിപ്പട്ടിക ഞായറാഴ്ച പുറത്തിറക്കുമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പ്രസിഡന്റ് നാനാ പഠോളെ പറഞ്ഞു. ഭൂരിഭാഗം സിറ്റിങ് എംഎൽഎമാർക്കും സീറ്റ് ലഭിച്ചേക്കും. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഇന്ന് മഹാരാഷ്ട്ര സന്ദർശിക്കുന്നുണ്ട്. സീറ്റ് തർക്കത്തിന്റെ പേരിൽ ജയസാധ്യത ഇല്ലാതാക്കരുതെന്ന് ഡൽഹിയിൽ ചേർന്ന ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗം മഹാരാഷ്ട്രയിലെ ബിജെപി കോർ കമ്മിറ്റി അംഗങ്ങളോടു നിർദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗത്തിൽ പങ്കെടുത്തു.