അമിത് ഷാ ഇടപെട്ടു; ആരോപണം ആവർത്തിച്ച് കാനഡ സർക്കാർ
Mail This Article
ന്യൂഡൽഹി ∙ കാനഡയിൽ സിഖ് വിഭാഗക്കാർക്കെതിരെയുള്ള അതിക്രമത്തിനും അവരെ നിരീക്ഷിക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് അനുമതി നൽകിയതെന്ന ആരോപണം കാനഡ സർക്കാർ ആവർത്തിച്ചു. ആരോപണം യുക്തിയില്ലാത്തതും ദുർബലവുമാണെന്നാണു കേന്ദ്രസർക്കാർ വൃത്തങ്ങൾ വിലയിരുത്തിയത്. വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കാനഡ പാർലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മിറ്റിക്കു മുന്നിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ദേശീയ സുരക്ഷ–രഹസ്യാന്വേഷണ ഉപദേശക നതാലി ഡ്രൂയിനും വിദേശകാര്യ സഹമന്ത്രി ഡേവിഡ് മോറിസണുമാണ് ആരോപണം ആവർത്തിച്ചത്. സിഖ് വിഘടനവാദികളെ ലക്ഷ്യമിട്ട് അതിക്രമങ്ങൾ, രഹസ്യവിവര ശേഖരണം എന്നിവ നടക്കുന്നുവെന്നും ഇതിനു നിർദേശം നൽകിയത് അമിത് ഷായാണെന്നും വാഷിങ്ടൻ പോസ്റ്റ് ഈ മാസം 14നു റിപ്പോർട്ട് ചെയ്തിരുന്നു.
ഡേവിഡ് മോറിസണും താനുമാണ് പത്രലേഖകരോട് ഇക്കാര്യം സംസാരിച്ചതെന്നു നതാലി സ്ഥിരീകരിച്ചു. ഇന്ത്യ കാനഡയിലെ മാധ്യമങ്ങളെ ഉപയോഗിച്ച് പ്രചാരണം നടത്തിയെന്നും മറുപടി പറയേണ്ടി വന്ന സാഹചര്യത്തിലാണു വാഷിങ്ടൻ പോസ്റ്റിനു വിവരം കൈമാറിയതെന്നുമാണു നതാലിയുടെ സ്ഥിരീകരണം. നയതന്ത്രമാർഗങ്ങളിലൂടെ വിവരങ്ങൾ ശേഖരിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥർ അത് ഡൽഹി വഴി ലോറൻസ് ബിഷ്ണോയിയുടെ ക്രിമിനൽ സംഘത്തിനു നൽകുകയാണ് ചെയ്യുന്നത്. ബിഷ്ണോയി ജയിലിൽ ആണെങ്കിലും കാനഡയിൽ നടക്കുന്ന പല കൊലപാതകങ്ങൾക്കും തട്ടിക്കൊണ്ടു പോകലുകൾക്കും പിന്നിൽ സംഘത്തിനു പങ്കുണ്ടെന്ന് നതാലി ആരോപിച്ചു.
അമിത് ഷായുടെ പങ്കിനെക്കുറിച്ചു കഴിഞ്ഞ വർഷം തന്നെ ഇന്ത്യൻ സർക്കാരിനെ ധരിപ്പിച്ചിരുന്നുവെന്നാണു കനേഡിയൻ വൃത്തങ്ങൾ നൽകുന്ന വിവരം. അതേസമയം, അമിത് ഷായുടെ പങ്കിനെക്കുറിച്ച് കാനഡ എങ്ങനെയാണ് അറിഞ്ഞതെന്നു വ്യക്തമാക്കിയിട്ടില്ല.