കള്ളം പറയരുത്; മോദിക്ക് മറുപടിയുമായി കോൺഗ്രസ് മുഖ്യമന്ത്രിമാർ
Mail This Article
മുംബൈ ∙ വാഗ്ദാനങ്ങൾ നടപ്പാക്കിയ ചരിത്രം കോൺഗ്രസിന് ഇല്ലെന്നും തെലങ്കാനയും ഹിമാചൽ പ്രദേശും കർണാടകയും ഉദാഹരണമാണെന്നും മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആരോപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് മുഖ്യമന്ത്രിമാർ നേരിട്ടെത്തി. തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി, ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവരാണ് മുംബൈയിൽ വാർത്താസമ്മേളനം വിളിച്ചതും അക്കമിട്ടു മറുപടി നൽകിയതും.
തെലങ്കാനയിൽ 22.2 ലക്ഷം കർഷകരുടെ വായ്പകൾ എഴുതിത്തള്ളിയെന്നും 50,000 യുവാക്കൾക്ക് തൊഴിലവസരങ്ങളുണ്ടാക്കിയെന്നും 50 ലക്ഷം കുടുംബങ്ങൾക്ക് ഗുണകരമാകുന്ന രീതിയിൽ 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകിയെന്നും രേവന്ത് റെഡ്ഡി ചൂണ്ടിക്കാട്ടി.
ബിജെപിയുടെ ഓപ്പറേഷൻ താമരയെ അതിജീവിച്ചവരാണെന്നു പറഞ്ഞ സുഖ്‌വിന്ദർ, തിരഞ്ഞെടുപ്പ് വാഗ്ദാനമായ പെൻഷൻ പദ്ധതി നടപ്പാക്കിയത് കണ്ടില്ലേ എന്നു ചോദിച്ചു. യുവാക്കൾക്കും സ്ത്രീകൾക്കുമുൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കിയതാണു ശിവകുമാർ വിവരിച്ചത്.
അതേസമയം, മഹാവികാസ് അഘാഡി സഖ്യത്തിൽ കോൺഗ്രസിനെ മാത്രം കടന്നാക്രമിച്ചും വോട്ട് ചോർച്ച തടയാൻ ഒബിസി, ദലിത് കാർഡുകൾ പുറത്തെടുത്തും പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണം തുടർന്നു. അഘാഡിയിലെ കക്ഷികളായ എൻസിപി ശരദ് പവാർ വിഭാഗത്തെയും ശിവസേനാ ഉദ്ധവ് പക്ഷത്തെയും വിമർശിച്ചതേയില്ല.
കോൺഗ്രസ് ഒബിസികളെ വെറുക്കുന്നുവെന്നും പിന്നാക്ക വിഭാഗക്കാരൻ പ്രധാനമന്ത്രിയാകുന്നതിനോടു പൊരുത്തപ്പെടാൻ അവർക്കു കഴിയില്ലെന്നുമുള്ള രൂക്ഷമായ ആരോപണവും പ്രധാനമന്ത്രി ഉന്നയിച്ചു. സംവരണ വിഷയത്തിൽ മറാഠാ വിഭാഗത്തിന്റെ വോട്ടുകൾ ചോരാനിടയുള്ള സാഹചര്യം മുന്നിൽക്കണ്ടാണ് ജനസംഖ്യയുടെ 50 ശതമാനത്തിലേറെ വരുന്ന ഒബിസികളെ ഒപ്പം നിർത്താനുള്ള ശ്രമം. ഹിന്ദുക്കളെല്ലാം ബിജെപിക്കൊപ്പം ഒരുമിക്കണമെന്ന അർഥത്തിൽ ‘ഏക് ഹേ തോ സേഫ് ഹേ’ എന്ന മുദ്രാവാക്യം ആവർത്തിച്ചാണ് പ്രചാരണം.