ഉപതിരഞ്ഞെടുപ്പ് ഇന്ന്: ബംഗാളിൽ തൃണമൂലും ബിജെപിയും നേർക്കുനേർ
Mail This Article
കൊൽക്കത്ത ∙ ഇന്നു നടക്കുന്ന ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ 6 മണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും മുഖാമുഖം ഏറ്റുമുട്ടുന്നു. ആർ.ജി. കർ മെഡിക്കൽ കോളജിൽ പി.ജി. ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം തൃണമൂൽ കോൺഗ്രസിന്റെ വനിതാ വോട്ടു ബാങ്കിൽ വിള്ളലുണ്ടാക്കുമെന്നാണു ബിജെപിയുടെ പ്രതീക്ഷ.
നയ്ഹാതി, ഹരോവ, മെദിനിപൂർ, തൽദാൻഗ്ര, സിതായ്, മാദരിഹട്ട് എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. ഇവിടുത്തെ എംഎൽഎമാർ രാജിവച്ച് ലോക്സഭയിലേക്കു മത്സരിച്ചു ജയിച്ചിരുന്നു. നോർത്ത് ബംഗാളിലെ മാദരിഹട്ട് ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളും തൃണമൂലിന്റെ ശക്തികേന്ദ്രങ്ങളാണ്. മാദരിഹട്ട് ബിജെപിയുടേയും. 5 മണ്ഡലങ്ങളിൽ ഇടതു സഖ്യം മത്സരിക്കുന്നുണ്ട്. ഇതിൽ ഒരു സീറ്റിൽ സിപിഐ (എംഎൽ) ആണ് മത്സരിക്കുന്നത്. കോൺഗ്രസ് പുതിയ അധ്യക്ഷൻ സുവാങ്കർ സർക്കാറിന്റെ കീഴിൽ 6 മണ്ഡലങ്ങളിലും സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്.
ബിഹാറിൽ 4; ഇന്ത്യാ മുന്നണിക്ക് പ്രശാന്ത് കിഷോർ വെല്ലുവിളി
പട്ന ∙ ബിഹാറിൽ 4 നിയമസഭാ സീറ്റുകളിലേക്ക് ഇന്നു നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ഇന്ത്യാസഖ്യത്തിനു നിർണായകം. ഇതിൽ മൂന്നും ഇന്ത്യാസഖ്യത്തിന്റെ സിറ്റിങ് സീറ്റുകളാണ്. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി നാലിടത്തും മത്സരിക്കുന്നത് സഖ്യത്തിനു വെല്ലുവിളിയാണ്. ആർജെഡിയുടെ യാദവ– മുസ്‌ലിം വോട്ടു ബാങ്ക് ലക്ഷ്യമിട്ടാണു ജൻ സുരാജ് പാർട്ടിയുടെ പ്രവർത്തനം.ബേലാഗഞ്ച്, രാംഗഡ് സീറ്റുകൾ നിലനിർത്താനുള്ള തീവ്രശ്രമത്തിലാണ് ആർജെഡി. സിപിഐ (എംഎൽ) സിറ്റിങ് സീറ്റാണ് തരാരി. ജിതൻ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോർച്ചയുടേതാണ് (എച്ച്എഎം) എൻഡിഎയുടെ ഏക സിറ്റിങ് സീറ്റായ ഇമാംഗഞ്ച്.
കർണാടകയിൽ മൂന്നിടത്ത്; നിഖിലിന് നിർണായകം
ബെംഗളൂരു∙ കർണാടകയിൽ മൂന്നിടത്ത് ഇന്നു നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കേന്ദ്ര മന്ത്രി കുമാരസ്വാമി പ്രതിനിധീകരിച്ച ചന്നപട്ടണയിലാണ് കടുത്ത പോരാട്ടം. ഇവിടെ കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡ കോൺഗ്രസിന്റെ സി.പി.യോഗേശ്വറിനെ നേരിടുന്നു. ബിജെപി എംഎൽസി സ്ഥാനം രാജിവച്ചു കോൺഗ്രസ് സ്ഥാനാർഥിയായ യോഗേശ്വർ മുൻപ് 5 തവണ നിയമസഭാംഗമായിട്ടുണ്ട്. നിഖിൽ ആകട്ടെ മത്സരിച്ച 2 തവണയും തോറ്റു. 3 മണ്ഡലങ്ങളിലും ബിജെപി–ദൾ സഖ്യത്തെയാണ് കോൺഗ്രസ് നേരിടുന്നത്. ലോക്സഭാംഗമായതിനെ തുടർന്നു മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രാജിവച്ച ഷിഗ്ഗാവിൽ മകൻ ഭരത് ബി.ബൊമ്മെയും (ബിജെപി) ഇ.തുക്കാറാം (കോൺഗ്രസ്) ഒഴിഞ്ഞ സന്ദൂർ സംവരണ മണ്ഡലത്തിൽ ഭാര്യ ഇ.അന്നപൂർണയും സീറ്റ് നിലനിർത്താനാണ് സാധ്യത.