ADVERTISEMENT

ന്യൂഡൽഹി ∙ അലിഗഡ് മുസ്‌ലിം സർവകലാശാലയിൽ (എഎംയു) മുസ്‌ലിംകൾക്ക് 50% സംവരണമുണ്ടെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദം സർവകലാശാല തള്ളി. പ്രവേശനത്തിലോ ഉദ്യോഗ നിയമനത്തിലോ മതാടിസ്ഥാനത്തിലുള്ള സംവരണം നൽകാറില്ലെന്ന് എഎംയു വ്യക്തമാക്കി.

പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപിച്ചുവെന്നതുകൊണ്ട് ന്യൂനപക്ഷ അവകാശം എടുത്തുമാറ്റാനാകില്ലെന്നും എഎംയുവിന്റെ ന്യൂനപക്ഷ പദവി വിഷയം പുതിയ ബെഞ്ച് തീരുമാനിക്കുമെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് കഴിഞ്ഞദിവസം വിധിച്ചതിനു പിന്നാലെ ഉയർന്ന വിവാദങ്ങളോടാണ് സർവകലാശാലയുടെ പ്രതികരണം. 

യോഗി ആദിത്യനാഥിന്റെ പരാമർശത്തെക്കുറിച്ചു സൂചിപ്പിച്ചില്ലെങ്കിലും മുസ്‌ലിം സംവരണം അനുവദിക്കുന്നുവെന്ന പത്രവാർത്തകൾ എഎംയു നിഷേധിച്ചു.

‘തുടർപഠനത്തിനും അഡ്മിഷനുമായി സർവകലാശാലയിലെ വിവിധ സ്കൂളിൽനിന്നു പാസാകുന്ന വിദ്യാർഥികൾക്കായി ഇന്റേണൽ ക്വോട്ട സംവിധാനമുണ്ട്. മതമോ വിശ്വാസമോ പരിഗണിക്കാതെ അവരെ ഇന്റേണൽ വിദ്യാർഥികളായി കണ്ട് 50% സംവരണം അനുവദിക്കുകയാണ് ചെയ്യുന്നത്. 

ഇന്റേണൽ ക്വോട്ടയിലെ മെറിറ്റ് മാനദണ്ഡം മാത്രമാണ് ബാധകമാക്കുന്നത്. മറിച്ചുള്ള റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്’– സർവകലാശാല വ്യക്തമാക്കി.

എഎംയുവിലെ ന്യൂനപക്ഷ പദവി സുപ്രീം കോടതിയാണു തീരുമാനിക്കുന്നതെന്നും രാജ്യത്തിന്റെ വിഭവങ്ങളും നികുതിപണവും ഉപയോഗിച്ചു സ്ഥാപിച്ച വാഴ്സിറ്റി പിന്നാക്കക്കാർക്കും പട്ടികവിഭാഗങ്ങൾക്കും സംവരണം നൽകുന്നില്ലെന്നും പകരം മുസ്‌ലിംകൾക്ക് 50% സംവരണം നൽകുകയാണെന്നും കഴിഞ്ഞദിവസം യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

English Summary:

Yogi Adityanath's argument rejected by AMU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com