ആദിവാസികളെ ഇറക്കിവിട്ട് വികസനം വേണ്ട: മറാൻഡി
Mail This Article
ലാൻഡ്ബാങ്ക് സംവിധാനം ഇല്ലാതെ തന്നെ സംസ്ഥാനത്തിന്റെ വികസനം സാധ്യമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷനും ജാർഖണ്ഡിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ബാബുലാൽ മറാൻഡി പറഞ്ഞു. ഭൂമി നഷ്ടപ്പെടുമെന്നതിനാൽ ആദിവാസികൾ ലാൻഡ്ബാങ്കിനെതിരെ സമരം നടത്തിയിരുന്നു. ജാർഖണ്ഡിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തിയാൽ, മുഖ്യമന്ത്രിയാകാൻ ഏറ്റവുമധികം സാധ്യതയുള്ള നേതാവാണു ബാബുലാൽ മറാൻഡി. നിയമസഭാ തിരഞ്ഞെടുപ്പു രണ്ടാം ഘട്ടത്തിലേക്കു കടക്കുമ്പോൾ, ധൻവർ മണ്ഡലത്തിലെ കോദയ്ബാഗിലെ വീട്ടിൽ മലയാള മനോരമയ്ക്ക് അദ്ദേഹം അനുവദിച്ച അഭിമുഖത്തിൽ നിന്ന്:
എത്ര സീറ്റാണു പ്രതീക്ഷ?
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 51 മണ്ഡലങ്ങളിൽ ഞങ്ങൾ മുന്നിലാണ്. ആ സീറ്റുകളെല്ലാം ജയിക്കുകയാണു ലക്ഷ്യം.
ചംപയ് സോറൻ ബിജെപിയിലെത്തിയതു നേട്ടമാകുമോ?
തീർച്ചയായും. ജാർഖണ്ഡിനു വേണ്ടി പോരാടിയ മുതിർന്ന നേതാവാണ് അദ്ദേഹം. ഈ പ്രായത്തിൽ പാർട്ടി വിടേണ്ടി വന്നതിൽനിന്ന് അദ്ദേഹം നേരിട്ട അവഗണന മനസ്സിലാക്കാം. സംസ്ഥാനമാകെ അതിന്റെ പ്രയോജനം ലഭിക്കും.
ചംപയ് സോറൻ ബിജെപിയിലെത്തിയതു താങ്കളുടെ മുഖ്യമന്ത്രി സാധ്യതയെ ബാധിക്കുമോ?
മുഖ്യമന്ത്രി ആരാകണമെന്നു തീരുമാനിക്കുന്നതു പാർട്ടിയാണ്. മന്ത്രിയോ മുഖ്യമന്ത്രിയോ ആകലല്ല, ജാർഖണ്ഡിലെ അഴിമതിക്കാരെ ജയിലിലാക്കുകയാണു ലക്ഷ്യം.
ബംഗ്ലദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റമാണു പ്രധാനമന്ത്രിയടക്കമുള്ള കേന്ദ്ര നേതാക്കളുടെ പ്രസംഗങ്ങളിലെ ആവർത്തിച്ചുള്ള ആരോപണം. പക്ഷേ, താങ്കൾ ഈ ആരോപണം കാര്യമായി ഉന്നയിച്ചു കാണുന്നില്ല?
ഓരോ നേതാക്കളും പ്രസംഗിക്കേണ്ടതെന്തെന്ന് അവരാണു തീരുമാനിക്കുന്നത്. നുഴഞ്ഞുകയറ്റം ഗൗരവമുള്ള വിഷയമാണ്. ആദിവാസി ജനസംഖ്യ 60 വർഷത്തിനിടെ 10% കുറഞ്ഞു. സാന്താൾ പർഗാനയിൽ കുറവുണ്ടായത് 14 ശതമാനമാണ്.
ആദിവാസികൾക്ക് അനുകൂലമായി നിലപാടെടുത്താണു താങ്കൾ ബിജെപി വിട്ടത്. തിരിച്ചു വന്നതെന്തിന്?
മക്കൾ ചിലപ്പോൾ വീടുവിട്ടു പോകും. കുറച്ചു കഴിയുമ്പോൾ തിരിച്ചു വരും. അതിലപ്പറമൊന്നുമില്ല.
പക്ഷേ, ലാൻഡ് ബാങ്ക് ഉൾപ്പെടെ ആദിവാസികളുടെ ആശങ്കകളും പ്രശ്നങ്ങളും ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല?
ലാൻഡ്ബാങ്ക് വേണ്ടെന്നു തന്നെയാണു പാർട്ടിയുടെ നിലപാട്. ലാൻഡ്ബാങ്ക് ഇല്ലാതെ തന്നെ വികസന പദ്ധതികൾ നടപ്പാക്കാൻ കഴിയും. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായശാലകളും ഉയരാൻ ഭൂമി വേണം. പക്ഷേ, ആദിവാസി ഭൂമി തന്നെ വേണമെന്നില്ല. ഇതര മേഖലകളിൽ ഏതു പദ്ധതിക്കും എത്ര ഭൂമി വേണമെങ്കിലും ഏറ്റെടുക്കാവുന്നതാണ്.
ആദിവാസികളുടെ മതമായ സർനയ്ക്ക് അംഗീകാരം നൽകണമെന്ന ആവശ്യത്തോടു യോജിക്കുന്നുണ്ടോ?
മതമായി അംഗീകരിക്കണമെന്നു തന്നെയാണു നിലപാട്. പക്ഷേ, തീരുമാനിക്കേണ്ടതു കേന്ദ്ര സർക്കാരാണ്. കേന്ദ്രം ഭരിച്ചിട്ടും ഈ ആവശ്യമടക്കമുള്ള കാര്യങ്ങളിൽ ഒന്നും ചെയ്യാതിരുന്ന കോൺഗ്രസ്, ആദിവാസികളോടു മാപ്പു പറയണം. ഭൂമിക്കു വേണ്ടി അലയുന്ന ആദിവാസികളുടെ കാര്യത്തിൽ ഹേമന്ത് സോറൻ സർക്കാർ അനങ്ങിയിട്ടില്ല.
ജെഎംഎം നേതാവ് കൽപന സോറന്റെ പ്രചാരണ യോഗങ്ങളിൽ വൻ ജനക്കൂട്ടമാണല്ലോ. പ്രത്യേകിച്ച് സ്ത്രീകൾ?
ആയിരമോ രണ്ടായിരമോ സ്ത്രീകളെ പ്രചാരണ യോഗങ്ങളിലെത്തിക്കാൻ ബിജെപിക്കും സാധിക്കും. അതിലൊന്നും കാര്യമില്ല.
അധികാരത്തിൽ വന്നാൽ, എന്തു മാറ്റമാണു വരുത്തുക?
ജാർഖണ്ഡിലെ ധാതുക്കൾ ഇവിടെത്തന്നെ ഉൽപന്നങ്ങളാക്കുന്ന വ്യവസായങ്ങൾ കൊണ്ടുവരും. നാട്ടുകാർക്കു കൂടുതൽ സാങ്കേതിക വിദ്യാഭ്യാസവും നൈപുണ്യ പരിശീലനവും നൽകും. കൂടുതൽ മെഡിക്കൽ കോളജുകളും നഴ്സിങ് കോളജുകളും തുടങ്ങും. ആദ്യത്തെ വർഷം 1.5 ലക്ഷം പേർക്കു തൊഴിൽ നൽകും.