മണിപ്പുർ: ഗോത്രവനിതയെ കൊല്ലപ്പെടുത്തിയത് പീഡിപ്പിച്ച ശേഷം
Mail This Article
കൊൽക്കത്ത ∙ മണിപ്പുരിലെ ജിരിബാമിൽ ചുട്ടുകൊല്ലപ്പെട്ട മാർ ഗോത്ര വനിത ക്രൂരമായ പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയോട്ടിയും എല്ലുകളും തകർത്ത നിലയായിലായിരുന്നു. 3 കുട്ടികളുടെ അമ്മയായ യുവതിയുടെ ശരീരം മുഴുവൻ കത്തിക്കരിഞ്ഞതിനാൽ ബലാൽസംഗത്തിന് ഇരയായോ എന്നു വ്യക്തമല്ല. മെയ്തെയ് സായുധ ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിൽ.
ജിരിബാമിൽ സിആർപിഎഫുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റു മരിച്ച 11 കുക്കി സായുധസംഘാംഗങ്ങളുടെ മൃതദേഹങ്ങൾ അസമിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മിസോറം വഴി ചുരാചന്ദ്പുരിൽ എത്തിക്കും. മണിപ്പുരിന്റെ മറ്റു ഭാഗങ്ങളിലൂടെ മൃതദേഹങ്ങൾ എത്തിക്കാൻ കഴിയാത്തതിലാണ് ഇത്. കൊല്ലപ്പെട്ട ഏതാനും പേരുടെ കണ്ണുകൾ ചൂഴ്ന്നെടുത്തതായി കുക്കി സംഘടനകൾ ആരോപിച്ചു.
ഇതിനിടെ, ജിരിബാമിലെ ദുരിതാശ്വാസ ക്യാംപിൽ നിന്ന് കാണാതായ മെയ്തെയ് വിഭാഗക്കാരായ 3 സ്ത്രീകളെയും 3 കുട്ടികളെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇംഫാൽ താഴ്‍വരയിൽ പ്രതിഷേധം ആരംഭിച്ചു. കുക്കി ഗ്രൂപ്പുകൾ ഇവരെ തട്ടിക്കൊണ്ടുപോയതാണെന്നാണ് കരുതുന്നത്. കാണാതായ 2 മുതിർന്ന പൗരൻമാരുടെ മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു.
കൂടുതൽ മേഖലകളിലേക്ക് സൈനികാധികാര നിയമം
കൊൽക്കത്ത ∙ മണിപ്പുരിൽ വീണ്ടും അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തിൽ 6 പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ കൂടി പ്രത്യേക സൈനികാധികാര നിയമം (അഫ്സ്പ) നടപ്പിലാക്കി. കഴിഞ്ഞ ദിവസങ്ങളിൽ അക്രമങ്ങൾ ഉണ്ടായ ജിരിബാമും പ്രത്യേക സൈനികാധികാര നിയമത്തിനു കീഴിലാക്കി. വാറന്റില്ലാതെ റെയ്ഡ് നടത്തുന്നതിനും ആവശ്യമെങ്കിൽ വെടിവയ്പു നടത്തുന്നതിനും സൈന്യത്തിനും കേന്ദ്ര സേനയ്ക്കും അധികാരം നൽകുന്നതാണ് അഫ്സ്പ.
ഇംഫാൽ താഴ്‌വര ഉൾപ്പെടെ മെയ്തെയ് ഭൂരിപക്ഷ പ്രദേശങ്ങളിലെ 19 പൊലീസ് സ്റ്റേഷൻ പരിധികളിൽ നിലവിൽ അഫ്സ്പയില്ലായിരുന്നു. പുതിയ ഉത്തരവനുസരിച്ച് ജിരിബാമിനു പുറമേ ഇംഫാൽ വെസ്റ്റിലെ സെക്മായി, ലാംസാങ്, ഇംഫാൽ ഈസ്റ്റിലെ ലാംലായ്, ബിഷ്ണുപുരിലെ മൊയ്രാങ്, കാങ്പോക്പിയിലെ ലെയ്മകോങ് എന്നിവിടങ്ങളും പ്രത്യേക സൈനികാധികാര നിയമത്തിനു കീഴിലാക്കി. വർഷങ്ങൾ നീണ്ട പ്രക്ഷോഭത്തിനൊടുവിൽ 2016 ലാണ് മണിപ്പുരിൽ അഫ്സ്പ പിൻവലിച്ചത്.