ADVERTISEMENT

സവാളയുടെയും തക്കാളിയുടെയും വിളവെടുപ്പുകാലമാണു നാസിക്കിൽ. അമിതമഴ കാരണം വിളവു കുറെ നശിച്ചെങ്കിലും വില കൂടിയതിന്റെ ആശ്വാസമുണ്ട് കർഷകർക്ക്. തിരഞ്ഞെടുപ്പുകാലമായതിനാൽ ഇവിടെ കർഷകവോട്ടിനും നല്ല വിലയാണ്. നാസിക്കിൽനിന്ന് അധികം ദൂരെയല്ല കൽവൺ മണ്ഡലം. സവാളയും തക്കാളിയും സ്ട്രോബറിയും പേരയ്ക്കയും കോളിഫ്ലവറുമെല്ലാം വഴിയരികിലെ തട്ടുകളിൽ നിരത്തിവച്ചു വിൽക്കുകയാണു കർഷകർ. കൽവണിലെ സിപിഎം സ്ഥാനാർഥിയും കർഷകനേതാവുമായ ജെ.പി.ഗാവിത്തിന്റെ തിരഞ്ഞെടുപ്പു റാലികളും പച്ചക്കറിത്തട്ടുപോലെ വർണാഭമാണ്. സിപിഎമ്മിന്റെ ചുവപ്പും കോൺഗ്രസിന്റെയും എൻസിപിയുടെയും ത്രിവർണവും ശിവസേനയുടെ കാവിയും ചേർന്നുള്ള നിറക്കൊഴുപ്പ്. നാസിക്കിൽനിന്നു മുംബൈയിലേക്കു കർഷകരുടെ ലോങ് മാർച്ച് നയിച്ച ഗാവിത് മഹാരാഷ്്ട്ര നിയമസഭയിലേക്കു ലക്ഷ്യമിടുന്നത് ‘വിക്ടറി മാർച്ച്’.

മഹാവികാസ് അഘാഡിയിലെ കക്ഷികൾ തമ്മിലുള്ള ഐക്യത്തിന്റെ ഉദാഹരണമാണു കൽവൺ. ഈ മണ്ഡലം ഉൾപ്പെടുന്ന ദിൻഡോരി ലോക്സഭാ സീറ്റിൽ നാമനിർദേശപത്രിക നൽകിയശേഷമാണ് ശരദ് പവാറിന്റെ സ്ഥാനാർഥിക്കായി ഗാവിത് പിൻമാറിയത്. പവാറിന്റെ സ്ഥാനാർഥി ജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻസിപിയുടെ സീറ്റായ കൽവൺ നന്ദിസൂചകമായി പവാർ വിട്ടുനൽകി. സിറ്റിങ് എംഎൽഎ നിതിൻ പവാർ അജിത് പവാറിനൊപ്പം േചക്കേറിയിരുന്നു. ഇദ്ദേഹംതന്നെയാണ് ഇവിടെ അജിത് വിഭാഗത്തിന്റെ സ്ഥാനാർഥി.

2019ൽ കോൺഗ്രസ് കൂടി പിന്തുണച്ചിരുന്ന നിതിൻ പവാറിനോട് 6596 വോട്ടിനായിരുന്നു ഗാവിത്തിന്റെ പരാജയം. ഇത്തവണ കോൺഗ്രസും ശരദ് പവാറും ഒപ്പംനിൽക്കുമ്പോൾ വിജയം ഉറപ്പെന്നു ഗാവിത്. പ്രചാരണബോർഡുകളിലെ ഏറ്റവും വലിയ മുഖം ശരദ് പവാറാണ്. 2014ൽ ഒഴികെ കഴിഞ്ഞ 4 പതിറ്റാണ്ടിലെ എല്ലാ തിരഞ്ഞെടുപ്പിലും എൻസിപിയെ ജയിപ്പിച്ച കൽവണിൽ പവാറിന്റെ പിന്തുണയുടെ വില ഗാവിത്തിനറിയാം.

‘വിജയക്കൊയ്ത്ത് ഉറപ്പ്’

2 വർഷം മുൻപ് രണ്ടാമത്തെ കർഷകമാർച്ച് ആരംഭിച്ച സുർഗാനയിലെ തിരഞ്ഞെടുപ്പു റാലിക്കു മുൻപാണു ഗാവിത്തിനെ കണ്ടത്. കർഷകർ ചെറുമാർച്ചുകളായി മൈതാനത്തേക്ക് ഒഴുകിയെത്തി. ഉയർത്തിവച്ച മീശ ഒന്നുകൂടി പിരിച്ച് ഗാവിത് സംസാരിച്ചുതുടങ്ങി.

Q നാസിക് കേന്ദ്രീകരിച്ച് 2 കർഷക മാർച്ചുകൾ നയിച്ചു. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനായോ?

A മാർച്ചിൽ ഉന്നയിച്ച ആവശ്യങ്ങൾ ഒരുപരിധിവരെ നടപ്പായി. താങ്ങുവില, എല്ലാ സീസണിലും കൃഷി ചെയ്യാൻ ജലലഭ്യത, മുടക്കമില്ലാതെയും നിരക്കു കുറച്ചും വൈദ്യുതി എന്നിങ്ങനെ പ്രശ്നങ്ങൾ ഇനിയുമുണ്ട്.

Q സിറ്റിങ് എംഎൽഎക്കെതിരെയാണു മത്സരം. എത്രമാത്രമാണു വിജയപ്രതീക്ഷ?

A അവർ പണമിറക്കിയാണു മത്സരിക്കുന്നത്. 2014ൽ ഇവിടെ ജയിച്ച ഞാൻ 2019ൽ ചെറിയ മാർജിനിലാണു തോറ്റത്. ഇത്തവണ മഹാവികാസ് അഘാഡിയുടെ പിന്തുണ കൂടിയുള്ളതിനാൽ വിജയം ഉറപ്പ്.

English Summary:

CPM candidate JP Gavit hoping for farmer vote in Kalwan constituency in Maharashtra Assembly Election 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com