വർളി: വറച്ചട്ടിയിൽ എരിതീപ്പോര്; ആദിത്യ താക്കറെയും മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റയും നേർക്കുനേർ
Mail This Article
മുംബൈ ∙ അറബിക്കടലിലേക്കു കാൽനീട്ടിയിരിക്കുന്ന മണ്ഡലമാണ് മുംബൈയിലെ വർളി. മത്സ്യത്തൊഴിലാളികൾ ഏറെയുള്ള തീരമേഖല. ശിവസേനയുടെ ശക്തികേന്ദ്രം. അത്രയേറെ സുരക്ഷിതമായതിനാലാണ് 2019ൽ ആദിത്യ താക്കറെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കു കാലുവച്ചപ്പോൾ വർളി സീറ്റ് തന്നെ നിശ്ചയിച്ചത്. താക്കറെ കുടുംബത്തിൽനിന്നു തിരഞ്ഞെടുപ്പുനേരിട്ട ആദ്യത്തെയാളാണ് പാർട്ടി സ്ഥാപകൻ ബാൽ താക്കറെയുടെ കൊച്ചുമകനായ ആദിത്യ.
നിലവിലെ അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകൻ. പതിറ്റാണ്ടുകളോളം മഹാരാഷ്ട്ര രാഷ്ട്രീയം നിയന്ത്രിച്ച ബാൽ താക്കറെ ഒരു തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. നിയമസഭാ കൗൺസിൽ വഴിയെത്തി 2019ൽ മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെയും തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ കന്നിമത്സരത്തിൽ വർളിയിൽനിന്ന് ആദിത്യ മിന്നുംജയം നേടിയെങ്കിൽ ഇത്തവണ പോരാട്ടം കടുപ്പം.
2019ൽ സഖ്യകക്ഷിയായിരുന്ന ബിജെപി ഇപ്പോൾ ഒപ്പമില്ല. ശിവസേനയാകട്ടെ പിളരുകയും ചെയ്തു. കോൺഗ്രസിൽനിന്നു ശിവസേനാ ഷിൻഡെ വിഭാഗത്തിൽ ചേക്കേറിയ മിലിന്ദ് ദേവ്റ എന്ന കരുത്തനാണ് ഇത്തവണ മുഖ്യ എതിരാളിയെന്നതും വെല്ലുവിളി. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനാ സ്ഥാനാർഥി സന്ദീപ് ദേശ്പാണ്ഡെയും രംഗത്തുണ്ട്. ശിവസേനയുടെ മറാഠി വോട്ടുകൾ ദേശ്പാണ്ഡെ ഭിന്നിപ്പിച്ചേക്കും.
ബോംബെ സ്കോട്ടിഷ് സ്കൂളിലും മുംൈബ സെന്റ് സേവ്യേഴ്സ് കോളജിലും പഠിച്ച ആദിത്യ നിയമപഠനത്തിനു േശഷമാണു രാഷ്ട്രീയത്തിൽ സജീവമായത്. പിന്നാലെ പാർട്ടിയുടെ യുവജനവിഭാഗമായ യുവസേനയുടെ അധ്യക്ഷനായി. 2019ൽ ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ് കോൺഗ്രസും എൻസിപിയുമായി ചേർന്ന് ഉദ്ധവ് രൂപീകരിച്ച മഹാ വികാസ് അഘാഡി സർക്കാരിൽ പരിസ്ഥിതി, ടൂറിസം മന്ത്രിയായിരുന്നു ആദിത്യ. താക്കറെ എന്ന വിലാസമാണ് അദ്ദേഹത്തിന്റെ ബലം. മണ്ഡലത്തിൽ സജീവമായ ആദിത്യയ്ക്ക് ശിവസേന പിളർന്നതിന്റെ പേരിലുള്ള സഹതാപവും ഗുണമായേക്കും.
കോൺഗ്രസിന്റെ മുൻ എംപിയും മുൻ േകന്ദ്രമന്ത്രിയുമാണു മിലിന്ദ്. മുൻ കേന്ദ്രമന്ത്രി മുരളി ദേവ്റയുടെ മകൻ. ഇൗ വർഷമാദ്യം ഷിൻഡെയുടെ പാർട്ടിയിലെത്തിയതിനു പിന്നാലെ രാജ്യസഭാംഗമായി. ബോസ്റ്റൺ സർവകലാശാലയിൽ ഉപരിപഠനത്തിനു ശേഷമാണു മിലിന്ദ് രാഷ്ട്രീയത്തിലെത്തിയത്.