ഐഎസ്ആർഒയുടെ ജിസാറ്റുമായി കുതിച്ച് ഫാൽക്കൺ 9, ഇനി അതിവേഗ ഇന്റർനെറ്റ്
Mail This Article
തിരുവനന്തപുരം ∙ ഇന്ത്യയുടെ ഉൾപ്രദേശങ്ങളിലും സമുദ്ര, ആകാശ പരിധികളിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന ജിസാറ്റ്–20 (ജിസാറ്റ്–എൻ2) ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യൻ സമയം അർധരാത്രി 12.01ന് ആണ് യുഎസിലെ ഫ്ലോറിഡയിലുള്ള കേപ് കനാവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽനിന്ന് സ്പേസ്എക്സിന്റെ ഉടമസ്ഥതയിലുള്ള ഫാൽക്കൺ 9 റോക്കറ്റിലേറി ജിസാറ്റ് 20 ആകാശത്തിലേക്കുയർന്നത്. ഐ എസ്ആർഒ, എൻഎസ്ഐഎൽ എന്നിവയിലെ പ്രോജക്ട് ടീമുകൾ വിക്ഷേപണത്തിനു സാക്ഷികളായി. എട്ടു മിനിട്ട് കൊണ്ട് ഉപഗ്രഹം ഏകദേശം 27000 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തി.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിനു (ഐഎസ്ആർഒ) കീഴിലെ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) നിർമിച്ചതാണ് ഉപഗ്രഹമാണ് ജിസാറ്റ്–20. ഭൂനിരപ്പിൽനിന്ന് 36000 x 170 കിലോമീറ്റർ ഭൂസ്ഥിര കൈമാറ്റ ഭ്രമണപഥത്തിലാണ് (ജിടിഒ) ജിസാറ്റ് 20 എത്തിയത്. 4700 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ജിടിഒയിലേക്ക് എത്തിക്കാൻ ഇന്ത്യൻ റോക്കറ്റുകൾക്കു ശേഷിയില്ലാത്തതിനാലാണ് 8300 കിലോഗ്രാം ഭാരം വരെ ഇതേ ഓർബിറ്റിലെത്തിക്കാൻ ശേഷിയുള്ള സ്പേസ്എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിന്റെ സഹായം തേടിയത്. ലോക കോടീശ്വരൻ ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള ബഹിരാകാശ സ്ഥാപനമാണ് സ്പേസ്എക്സ്.
ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള എൽവിഎം3 റോക്കറ്റിന് 4000 കിലോഗ്രാം ഭാരം വരെ ജിടിഒയിലും 8000 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ 500 കിലോമീറ്റർ വരെ ഉയരത്തിലുള്ള താഴ്ന്ന ഭൗമ ഭ്രമണപഥത്തിലും (ലിയോ) എത്തിക്കാൻ കഴിയും. മുൻപ് ഇത്തരം ദൗത്യങ്ങൾക്ക് ഇന്ത്യ ആശ്രയിച്ചിരുന്നത് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഏരിയൻ റോക്കറ്റുകളായിരുന്നു. ജിസാറ്റ് 24 ഉപഗ്രഹത്തെ 2023 ൽ ഭ്രമണപഥത്തിൽ എത്തിച്ചത് ഏരിയൻ 5 റോക്കറ്റ് ആണ്. ഈ റോക്കറ്റിന്റെ കാലാവധി കഴിയുകയും ഏരിയൻ 6 റോക്കറ്റ് നിർമാണം പൂർത്തിയാകാത്തതുമാണ് ഫാൽകൺ 9 റോക്കറ്റിനെ ആശ്രയിക്കാൻ കാരണം.