മണിപ്പുർ കലാപം: നിലപാട് കടുപ്പിച്ച് മെയ്തെയ് പൗരസംഘടനകൾ; സർക്കാർ ഓഫിസുകൾ താഴിട്ടുപൂട്ടുമെന്ന് ഭീഷണി
Mail This Article
മണിപ്പുരിൽ കുക്കി സായുധഗ്രൂപ്പുകൾക്കെതിരെ മെയ്തെയ് പൗരസംഘടനകൾ നിലപാടു കടുപ്പിച്ചു. കുക്കി സായുധ ഗ്രൂപ്പുകളെ അടിച്ചമർത്തിയാൽ മതിയെന്ന മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന എൻഡിഎ എംഎൽഎമാരുടെ യോഗത്തിലെ നിർദേശത്തെ ഇവർ എതിർത്തു. സായുധ സംഘടനകളുമായുള്ള സമാധാനക്കരാർ പിൻവലിക്കണമെന്ന ആവശ്യം തങ്ങൾ നേരത്തേ ഉന്നയിച്ചത് ഇവർ ചൂണ്ടിക്കാട്ടി. 24 മണിക്കൂറിനകം നടപടി അറിയിച്ചില്ലെങ്കിൽ എല്ലാ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫിസുകളും താഴിട്ടു പൂട്ടുമെന്നു പൗരസംഘടനകളുടെ ഏകോപനസമിതിയായ കൊകോമി അറിയിച്ചു.
തിങ്കളാഴ്ച രാത്രി നടന്ന എൻഡിഎ എംഎൽഎമാരുടെ യോഗത്തിലാണു കുക്കി സായുധഗ്രൂപ്പുകൾക്കെതിരെ നടപടിയെടുക്കാൻ പ്രമേയം പാസാക്കിയത്. ഈ സംഘടനകളെ ഭീകരസംഘടനകളായി പ്രഖ്യാപിക്കണമെന്നും ഇംഫാൽ താഴ് വരയിൽ ഉൾപ്പെടെ 6 പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രത്യേക ൈസനികാധികാര നിയമം നടപ്പിലാക്കിയ നടപടി പിൻവലിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രമേയമല്ല, സമയബന്ധിതമായ നടപടിയാണു സർക്കാർ അറിയിക്കേണ്ടതെന്നാണു കൊകോമിയുടെ നിലപാട്.
തിങ്കളാഴ്ച രാത്രി നടന്ന യോഗത്തിൽ 27 എംഎൽഎമാർ പങ്കെടുത്തെന്നാണ് സർക്കാർ അറിയിച്ചത്. 11 എംഎൽഎമാർ യോഗം ബഹിഷ്കരിച്ചു. പങ്കെടുക്കാത്ത ബിജെപി എംഎൽഎമാർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി. യോഗത്തിൽ പങ്കെടുത്ത 3 എംഎൽഎമാർക്ക് എൻപിപിയും നോട്ടിസ് നൽകി.
രാഷ്ട്രപതി ഇടപെടണം: കോൺഗ്രസ്
മണിപ്പുർ കലാപം അവസാനിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കഴിഞ്ഞ 18 മാസമായി പരാജയമാണെന്നും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രാഷ്ട്രപതി ദ്രൗപദി മുർമുവിനു കത്തെഴുതി.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 300 പേരുടെ ജീവനെടുത്ത ദുരിതമാണു മണിപ്പുരിലേത്. ഒരു ലക്ഷത്തിൽപരം ആളുകൾക്ക് വീടുവിട്ടുപോകേണ്ടി വന്നു. സർക്കാരുകളിൽ നിന്നു സഹായമില്ലാതിരിക്കെ, ഒറ്റപ്പെട്ടു കഴിയുകയാണ് മണിപ്പുർ ജനതയെന്നും ഖർഗെ കത്തിൽ ചൂണ്ടിക്കാട്ടി.
കൂടുതൽ കേന്ദ്രസേനയെ നിയോഗിക്കണം: എൻസിസിഐ
കലാപസാഹചര്യം തുടരുന്നതിൽ നാഷനൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ (എൻസിസിഐ) കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ അഖിലേന്ത്യാ സംഘടനയാണ് എൻസിസിഐ. ക്രമസമാധാനനില വീണ്ടെടുക്കാൻ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള സമാധാനശ്രമമാണു വേണ്ടത്. എല്ലാ ആക്രമണങ്ങളും അന്വേഷിക്കുകയും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയും വേണം. സംസ്ഥാന സർക്കാർ മധ്യസ്ഥനായി നിലകൊള്ളണമെന്നും എൻസിസിഐ ആവശ്യപ്പെട്ടു.
പ്രശ്നങ്ങൾക്കു കാരണം കോൺഗ്രസും ചിദംബരവും: ബിരേൻ സിങ്
ഇംഫാൽ ∙ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു പ്രധാന കാരണക്കാർ കോൺഗ്രസും മുൻ ആഭ്യന്തരമന്ത്രി പി.ചിദംബരവുമാണെന്ന് മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ്. മ്യാൻമറിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കോൺഗ്രസ് സർക്കാരുകൾ തടഞ്ഞില്ലെന്നും ഇവർ മണിപ്പുരിലെ തദ്ദേശീയരുടെ അവകാശങ്ങൾ കവരുകയാണെന്നും അദ്ദേഹം ആരോപിച്ചു. മ്യാൻമർ പൗരനും മ്യാൻമർ പാർലമെന്റിൽ മൽസരിക്കുകയും ചെയ്ത സോമി റവല്യൂഷണറി ആർമി ചെയർമാൻ താങ്‌ലിയൻപൗ ഗ്വിറ്റുമായി ചിദംബരം കൈകൊടുക്കുന്ന ചിത്രം മുഖ്യമന്ത്രി പ്രദർശിപ്പിച്ചു. ബിരേൻ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു പുറത്താക്കണമെന്നു നേരത്തേ ചിദംബരം എക്സിൽ കുറിച്ചിരുന്നു. മണിപ്പുർ കോൺഗ്രസ് അധ്യക്ഷൻ മേഘചന്ദ്രയുടെ അഭ്യർത്ഥന പ്രകാരം ചിദംബരം പിന്നീട് ട്വീറ്റ് പിൻവലിച്ചു.