മണിപ്പുരിൽ ബിരേൻ ഭീതിയിൽ എംഎൽഎമാർ
Mail This Article
ഇംഫാൽ ∙ മണിപ്പുരിൽ മുഖ്യമന്ത്രി ബിരേൻ സിങ് കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാത്ത എംഎൽഎമാരുടെ പേരുകൾ മുഖ്യമന്ത്രിയുടെ ഓഫിസ് പരസ്യമാക്കിയത് എംഎൽഎമാരെ സമ്മർദത്തിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് സൂചന. ബിരേൻ സിങ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടവരുടെയും പിന്തുണ പിൻവലിച്ച സഖ്യകക്ഷിയായ എൻപിപി എംഎൽഎമാരുടെയും പേരുകൾ ഇതിലുണ്ട്. കുക്കികൾക്കെതിരെ മുഖ്യമന്ത്രി ശക്തമായ നടപടികൾക്ക് ഒരുങ്ങുമ്പോൾ ഒരു വിഭാഗം പിന്തുണ നൽകുന്നില്ലെന്നു ജനങ്ങളെ അറിയിക്കുകയായിരുന്നു പേരുകൾ പുറത്തുവിട്ടതിലൂടെ ലക്ഷ്യമിട്ടത്. യോഗത്തിൽ പങ്കെടുക്കാത്ത പല എംഎൽഎമാരും സംസ്ഥാനം വിട്ടിട്ടുണ്ട്. മണിപ്പുരിൽ തുടരുന്നവർ കേന്ദ്രസേനയുടെ സുരക്ഷ തേടിയിട്ടുമുണ്ട്.
സഖ്യകക്ഷികളിൽ പലരും ഇപ്പോഴും ബിരേന്റെ നിയന്ത്രണത്തിലാണ്. സർക്കാരിനുള്ള പിന്തുണ എൻപിപി പിൻവലിച്ചിട്ടും 3 എൻപിപി എംഎൽഎമാർ യോഗത്തിൽ പങ്കെടുത്തത് ഇതിനു തെളിവാണ്. യോഗത്തിൽ പങ്കെടുക്കാത്തതിന് എൻപിപി എംഎൽഎ ശൈഖ് നൂറുൽ ഹസന് കാരണം കാണിക്കൽ നോട്ടിസ് നൽകാനും മുഖ്യമന്ത്രിയുടെ ഓഫിസ് ധൈര്യപ്പെട്ടു.
പൊതുമരാമത്ത് മന്ത്രി കെ.ഗോവിന്ദാസിന്റെ വീട് തകർത്തതിലും ബന്ധുക്കളും അനുയായികളും ദുരൂഹത ആരോപിക്കുന്നുണ്ട്. മന്ത്രിസഭയിലെ ഏറ്റവും സീനിയറാണ് ഗോവിന്ദാസ്. ബിരേൻ സിങ്ങിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട എംഎൽഎമാരുടെ മുൻപിൽ ഗോവിന്ദാസും ഉണ്ടായിരുന്നു. ഡൽഹിയിൽ ക്യാംപ് ചെയ്താണ് ബിരേൻ സിങ്ങിനെതിരേ നീക്കം നടത്തിയത്. 5 മന്ത്രിമാരുടെയും 10 എംഎൽഎമാരുടെയും വീടുകൾക്ക് നേരെ ആക്രമണം നടന്നെങ്കിലും ഏറ്റവും വലിയ ആക്രമണം ഗോവിന്ദാസിന്റെ വീടിനു നേരെയായിരുന്നു. അക്രമികൾ ഒരു മണിക്കൂറോളം അഴിഞ്ഞാടിയിട്ടും പൊലീസോ സുരക്ഷ സേനയോ സ്ഥലത്ത് എത്തിയില്ല. 6 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
അന്ത്യശാസനം പിൻവലിച്ചു
∙ കുക്കി സായുധ ഗ്രൂപ്പുകൾക്കെതിരെ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്ന അന്ത്യശാസനം മെയ്തെയ് പൗരസംഘടനകൾ പിൻവലിച്ചു. ജിരിബാമിൽ ഒരു കുടുംബത്തിലെ 6 പേരെ കൊലപ്പെടുത്തിയവർക്കെതിരെ 7 ദിവസത്തിനകം നടപടിയെടുക്കാനുള്ള എൻഡിഎ എംഎൽഎമാരുടെ പ്രമേയം അംഗീകരിക്കുന്നതായി മെയ്തെയ് സംഘടനയായ കൊകോമി അറിയിച്ചു. 7 ദിവസം കാത്തിരിക്കാൻ തയാറാണെന്ന് അറിയിച്ച സംഘടന സമരം പിൻവലിക്കുകയും ചെയ്തു. മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ ഇടപെടലിനെത്തുടർന്നാണ് സംഘടന നിലപാട് മാറ്റിയത്.
മണിപ്പുരിൽ ഇന്റർനെറ്റ് നിരോധം 3 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. പുലർച്ചെ 5 മുതൽ രാവിലെ 10 വരെ കർഫ്യൂവിന് ഇളവ് നൽകിയിട്ടുണ്ട്. സിആർപിഎഫ് ഉൾപ്പെടെ 50 കമ്പനി കേന്ദ്രസേന അധികമായി സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.