നിജ്ജർ വധശ്രമം: മോദിക്ക് അറിയാമായിരുന്നെന്ന വാർത്ത ഇന്ത്യ തള്ളി
Mail This Article
ന്യൂഡൽഹി ∙ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമായിരുന്നുവെന്ന കാനഡയിലെ മാധ്യമവാർത്തകൾ വിദേശകാര്യ മന്ത്രാലയം തള്ളി. ദ് ഗ്ലോബ്, മെയിൽ എന്നീ പത്രങ്ങൾ, പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാർത്ത നൽകിയത്. ഇത്തരം ‘പരിഹാസ്യമായ പ്രസ്താവനകൾ’ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇത്തരം മോശമായ പ്രചാരണങ്ങൾ ഇതിനകം തന്നെ വഷളായ ഇന്ത്യ–കാനഡ ബന്ധത്തെ കൂടുതൽ നശിപ്പിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചായിരുന്നു വാർത്തകൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്കും ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്ന് വാർത്തകളിൽ പറയുന്നു.