ഡൽഹിയിലെ വായുമലിനീകരണം: നിയന്ത്രണം കർശനമാക്കാൻ നിർദേശിച്ച് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ ഡൽഹിയിലെ വായുമലിനീകരണം കുറയ്ക്കാൻ ഏർപ്പെടുത്തിയ ഗ്രേഡ് റെസ്പോൺസ് ആക‍്ഷൻ പ്ലാൻ 4 (ഗ്രാപ് 4) നിയന്ത്രണ നടപടികൾ കർശനമായി നടപ്പാക്കാത്തതിൽ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു. ഡൽഹിയിലേക്ക് പ്രവേശിക്കുന്നതിന് ട്രക്കുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താൻ കോർട്ട് കമ്മിഷണർമാരായി 13 അഭിഭാഷകരെ ചുമതലപ്പെടുത്തി. ഇവർ ഇന്നു റിപ്പോർട്ട് നൽകും. ജഡ്ജിമാരായ അഭയ് എസ്. ഓക, എ.ജി. മസി എന്നിവരുടെ ബെഞ്ചിന്റേതാണു നടപടി.
ഡൽഹിയിലേക്കു 113 പ്രവേശനമാർഗങ്ങളുണ്ടെന്ന് അമിക്കസ് ക്യൂറി അപരാജിത സിങ് ചൂണ്ടിക്കാട്ടി. ഇതിൽ 13 സ്ഥലത്ത് വാഹനപരിശോധനയുണ്ടെന്ന് ഡൽഹി സർക്കാരിന്റെ അഭിഭാഷകൻ പറഞ്ഞു. ബാക്കി 100 പോയിന്റുകളിൽ കൂടി ട്രക്കുകൾ നഗരത്തിലേക്കു കടക്കില്ലേയെന്ന് ചോദിച്ച കോടതി എല്ലായിടത്തും ചെക്ക്പോസ്റ്റ് സ്ഥാപിച്ച് നിയന്ത്രണം കർശനമായി നടപ്പാക്കണമെന്ന് നിർദേശിച്ചു.
നിയന്ത്രണങ്ങൾ തിരിച്ചടിയാകുമെന്ന് അഭിഭാഷകർ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. ഇളവ് വരുത്തണോ എന്ന കാര്യം 25ന് പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി.