അദാനിക്ക് പുതിയ വായ്പകൾ തൽക്കാലം ലഭിച്ചേക്കില്ല
Mail This Article
ന്യൂയോർക്ക് ∙ അദാനി ഗ്രൂപ്പ് കമ്പനികൾക്കു പുതുതായി വായ്പ അനുവദിക്കുന്നതു തൽക്കാലത്തേക്കു നിർത്തിവയ്ക്കുന്നതിനെക്കുറിച്ചു രാജ്യാന്തര ബാങ്കുകൾ ആലോചിക്കുന്നതായി സൂചന. റോയ്ട്ടേഴ്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗൗതം അദാനി അടക്കമുള്ളവർക്കെതിരെ യുഎസ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്നാണിത്. വൻകിട പദ്ധതികളിലുള്ള മുതൽമുടക്കിനെ ഇതു പ്രതിസന്ധിയിലാക്കിയേക്കാം. എന്നാൽ നിലവിലുള്ള വായ്പകളെ ബാധിക്കില്ല.
കേസ് ശക്തമായി മുന്നോട്ടുനീങ്ങിയാൽ പ്രതികളെ വിട്ടുകിട്ടുന്നതിനുള്ള നടപടികൾ യുഎസിന്റെ ഭാഗത്തുനിന്ന് ഉണ്ടായേക്കാമെന്ന് ഇന്ത്യൻ–അമേരിക്കൻ അറ്റോർണി രവി ബത്ര പറഞ്ഞു. 1997 ൽ ഇന്ത്യയും യുഎസും തമ്മിൽ ഒപ്പുവച്ച ഉടമ്പടി പ്രകാരം പ്രതികളെ വിട്ടുനൽകേണ്ടി വരും. പക്ഷേ, അത്യപൂർവം കേസുകളിലേ ഇതു സംഭവിക്കാറുള്ളൂവെന്നും ബത്ര പറഞ്ഞു. അതേസമയം, അദാനിക്കെതിരായ അഴിമതിയാരോപണങ്ങൾ ഇന്ത്യ–യുഎസ് ബന്ധത്തെ ബാധിക്കില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.