തുടർഭരണം: മൂന്നിൽരണ്ട് ഭൂരിപക്ഷത്തോടെ സോറൻ; വിജയശിൽപികളായി ഹേമന്തും കൽപനയും
Mail This Article
ന്യൂഡൽഹി ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽപെട്ട് 5 മാസത്തോളം ജയിലിൽ കഴിയേണ്ടിവന്ന ഹേമന്ത് സോറന് (49) ഇതു മധുരപ്രതികാരമാണ്. ഇക്കൊല്ലം ജനുവരി 31നാണ് അദ്ദേഹത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്. തുടർന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. മുതിർന്ന നേതാവായ ചംപയ് സോറനാണു പകരം മുഖ്യമന്ത്രിയായത്. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ഹേമന്ത് വീണ്ടും മുഖ്യമന്ത്രിയായതോടെ പിണങ്ങിയ ചംപയ് സോറൻ ജെഎംഎം വിട്ടു ബിജെപിയിൽ ചേർന്നു. പിതാവ് ഷിബു സോറന്റെ അടുത്തയാളായിരുന്ന ചംപയ് സോറന്റെ പാർട്ടി മാറ്റം ഹേമന്തിനു കനത്ത ആഘാതമായിരുന്നു. സംസ്ഥാനത്തു കാര്യമായി നേതാക്കളില്ലാത്ത കോൺഗ്രസിനെ ഒപ്പംചേർത്തു പൊരുതിയ ഹേമന്ത് തന്നെയാണ് ഇന്ത്യാസഖ്യത്തിന്റെ വിജയശിൽപി. ഷിബു സോറന്റെ കിരീടം ഈ തിരഞ്ഞെടുപ്പുവിജയത്തിലൂടെ ജാർഖണ്ഡ് ജനത ഹേമന്തിന്റെ തലയിൽ ചാർത്തി.
2009 ൽ രാജ്യസഭാംഗമായ ഹേമന്ത് 2010 ൽ ബിജെപി സർക്കാരിൽ ഉപമുഖ്യമന്ത്രിയായി. 2013 ൽ കോൺഗ്രസിന്റെയും ആർജെഡിയുടെയും പിന്തുണയോടെ മുഖ്യമന്ത്രിയായി. 2014 ൽ പ്രതിപക്ഷനേതാവ്. അക്കൊല്ലം തുടങ്ങിയ പതൽഘഡി ആദിവാസിസമരം ഹേമന്തിന്റെ രാഷ്ട്രീയജീവിതത്തിൽ വഴിത്തിരിവായി. ആദിവാസികളുടെ അവകാശത്തിനുവേണ്ടി നിലകൊണ്ടു. 2019 ൽ വീണ്ടും മുഖ്യമന്ത്രിയായപ്പോൾ പതൽഘഡി കേസുകൾ പിൻവലിച്ച് ആദിവാസികളുടെ വീരനായകനായി. ഹേമന്ത് ജയിലിലായപ്പോൾ മാത്രം രാഷ്ട്രീയത്തിലിറങ്ങിയ ഭാര്യ കൽപന സോറനും ഈ ജയത്തിൽ തുല്യാവകാശമുണ്ട്. സ്ത്രീകളടക്കം വൻ ജനക്കൂട്ടമാണു കൽപനയുടെ പ്രചാരണയോഗങ്ങളിലെത്തിയത്.