ADVERTISEMENT

ന്യൂഡൽഹി ∙ പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നു മുതൽ. സമ്മേളനത്തിൽ വഖഫ് ബിൽ പാസാക്കരുതെന്നും ഗൗതം അദാനിക്കെതിരായ കൈക്കൂലി ഇടപാടുവിഷയം ചർച്ച ചെയ്യണമെന്നും സമ്മേളനത്തിനു മുന്നോടിയായി ചേർന്ന സർവകക്ഷിയോഗത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. അതേസമയം ഇരു സഭകളുടെയും അധ്യക്ഷരുടെ അനുമതിയോടെ മാത്രമേ ഏതു വിഷയം ചർച്ച ചെയ്യണമെന്നതിൽ തീരുമാനമെടുക്കാൻ ‌സാധിക്കൂവെന്നു കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു നിലപാടു സ്വീകരിച്ചു. വയനാട് ദുരിതാശ്വാസ വിഷയവും കേരളത്തിൽ നിന്നുള്ള എംപിമാർ ഉന്നയിച്ചു.

മുസ്‌ലിം ലീഗ് പ്രതിനിധി ഇ.ടി.മുഹമ്മദ് ബഷീറാണു വഖഫ് ബില്ലിനെ എതിർത്ത് ആദ്യം രംഗത്തെത്തിയത്. വഖഫ് ഭേദഗതി നിയമം അടിയന്തരമായി കൊണ്ടുവരാനുള്ള സർക്കാർ നീക്കം മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങൾക്കു നേരെയുള്ള കടന്നാക്രമണമാണിതെന്നും എല്ലാ വിഭാഗങ്ങളുമായി ചർച്ച നടത്താൻ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ടു. മറ്റു പല പ്രതിപക്ഷ പാർട്ടികളും ഇതേ നിലപാടു സ്വീകരിച്ചു. വഖഫ് ബിൽ ഈ സമ്മേളനത്തിൽത്തന്നെ പാസാക്കുമെന്നാണു കേന്ദ്രസർക്കാർ നൽകുന്ന സൂചന. ഇതുൾപ്പെടെ 13 ബില്ലുകളാണു സമ്മേളനത്തിൽ പാസാക്കാൻ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

ചൂരൽമല– മുണ്ടക്കൈ ദുരന്തവിഷയത്തിൽ കേന്ദ്രസർക്കാർ മതിയായ സഹായം അനുവദിക്കാത്തതു പി.സന്തോഷ് കുമാർ (സിപിഐ), എൻ.കെ.പ്രേമചന്ദ്രൻ (ആർഎസ്‌പി), കെ.രാധാകൃഷ്ണൻ (സിപിഎം) എന്നിവർ ഉയർത്തി. അദാനി അഴിമതിയിൽ ജെപിസി അന്വേഷണം, മണിപ്പുർ കലാപം, ഉത്തരേന്ത്യയിലെ അന്തരീക്ഷ മലിനീകരണം, ജമ്മു കശ്മീരിലെ ഭീകരാക്രമണം തുടങ്ങിയവയിൽ വിശദമായ ചർച്ചയും നടപടിയും വേണമെന്നു കോൺഗ്രസിനെ പ്രതിനിധീകരിച്ച കൊടിക്കുന്നിൽ സുരേഷ്, ഗൗരവ് ഗൊഗോയ് എന്നിവർ ആവശ്യപ്പെട്ടു. ഡിസംബർ 20 വരെ നടക്കുന്ന സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാൻ ഇന്ത്യാസഖ്യത്തിലെ നേതാക്കൾ ഇന്നുയോഗം ചേരും.

എംപിമാർക്ക് മറുപടി: ഇംഗ്ലിഷും പരിഗണിക്കും

∙ എംപിമാർക്കുള്ള കത്തുകളും ബില്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ഹിന്ദിയിൽ മാത്രം നൽകുന്നതു മാറ്റം വരുത്തുന്നതു പരിശോധിക്കാമെന്നു കേന്ദ്രസർക്കാരിന്റെ ഉറപ്പ്. സ്പീക്കറുമായി സംസാരിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നു കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് സർവകക്ഷി യോഗത്തിൽ പറഞ്ഞു. ഇംഗ്ലിഷിൽ നൽകുന്ന കത്തുകൾക്കു ഹിന്ദിയിൽ മറുപടി ലഭിക്കുന്നതു സംസ്ഥാനങ്ങളെ അപമാനിക്കലാണെന്നു യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ വ്യക്തമാക്കിയിരുന്നു.

English Summary:

Waqf Bill sparks outrage:Opposition clashes with government in parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com