തെലങ്കാന വിവാദത്തിനില്ല; സ്കിൽ സർവകലാശാലയ്ക്ക് അദാനി ഫൗണ്ടേഷൻ വാഗ്ദാനം ചെയ്ത 100 കോടി നിരസിച്ചെന്ന് മുഖ്യമന്ത്രി
Mail This Article
ന്യൂഡൽഹി ∙ സ്കിൽ സർവകലാശാലയ്ക്ക് അദാനി ഫൗണ്ടേഷൻ വാഗ്ദാനം ചെയ്ത 100 കോടി രൂപയുടെ സംഭാവന തെലങ്കാന സർക്കാർ നിരസിച്ചു. ഗൗതം അദാനിയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെത്തുടർന്നാണിത്. സംഭാവന സ്വീകരിക്കുന്നത് അനാവശ്യ ചർച്ചകൾക്ക് വഴിവയ്ക്കുമെന്ന കാരണത്താലാണ് നിരസിച്ചതെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന തെലങ്കാന പോലെയുള്ള സംസ്ഥാനങ്ങൾ അദാനിക്ക് കൈ കൊടുക്കുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു.
-
Also Read
26/11 ഭീകരാക്രമണം: 16–ാം വാർഷികം ഇന്ന്
അദാനി ഗ്രൂപ്പ് അടക്കമുള്ള ബിസിനസ് ഗ്രൂപ്പുകളിൽ നിന്ന് തെലങ്കാന സർക്കാർ ഒരുരൂപ പോലും വാങ്ങിയിട്ടില്ലെന്ന് റെഡ്ഡി പറഞ്ഞു. സിഎസ്ആർ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് അദാനി ഫൗണ്ടേഷൻ 100 കോടി രൂപ വാഗ്ദാനം ചെയ്തത്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വീണ്ടും ആവശ്യപ്പെട്ടു. വിവാദ ബിസിനസ് നായകനെ പ്രോത്സാഹിപ്പിക്കുന്നതുവഴി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിച്ഛായ നഷ്ടപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അദാനിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജന്തർ മന്തറിൽ മാർച്ച് നടത്തി.
ഗൗതം അദാനിക്കെതിരെയുള്ള യുഎസ് കുറ്റപത്രവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാൽ തിവാരി സുപ്രീം കോടതിയിൽ ഹർജി നൽകി.
ടോട്ടൽ എനർജീസ് പുതിയ നിക്ഷേപത്തിനില്ല
ഗൗതം അദാനിക്കെതിരെയുള്ള കൈക്കൂലി ആരോപണങ്ങളിൽനിന്ന് മുക്തി നേടും വരെ അദാനി ഗ്രൂപ്പിൽ പുതിയ നിക്ഷേപം നടത്തില്ലെന്ന് ഫ്രഞ്ച് ഊർജകമ്പനിയായ ടോട്ടൽ എനർജീസ് അറിയിച്ചു. കൈക്കൂലി സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി അറിയില്ലായിരുന്നുവെന്നും കമ്പനി അറിയിച്ചു. അദാനി ഗ്രൂപ്പിലെ ഏറ്റവും വലിയ വിദേശനിക്ഷേപകരിലൊന്നാണ് ടോട്ടൽ എനർജീസ്. അദാനി ഗ്രീൻ എനർജിയിലും (19.75%) അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡിലും (37.4%) ഓഹരിയുണ്ട്.
കുറ്റപത്രത്തിന്റെ ഭാവി; അമേരിക്കൻ നിയമം അദാനിക്കെങ്ങനെ?
ന്യൂയോർക്ക് ∙ ഗൗതം അദാനിക്കെതിരെയുള്ള യുഎസ് കുറ്റപത്രത്തിന്റെ മുന്നോട്ടുള്ള വഴിയെപ്പറ്റിയും ചർച്ച. യുഎസിലെ നിയമങ്ങൾ, നാട്ടുകാരനല്ലാത്ത ഒരാൾക്കു ബാധകമാകുന്നതിന്റെ സാങ്കേതിക വശങ്ങളാണ് അഭിഭാഷകർ പരിശോധിക്കുന്നത്.
ക്രിമിനൽ നിയമലംഘനമോ സിവിൽ നിയമലംഘനമോ ആകട്ടെ, മറുനാട്ടിലും യുഎസ് നിയമസാധുത പ്രോത്സാഹിപ്പിക്കാവുന്നതല്ലെന്ന ചീഫ് ജസ്റ്റിസ് ജോൺ റോബർട്സിന്റെ മുൻ ഉത്തരവ് പ്രമുഖ അഭിഭാഷകൻ രവി ബത്ര ചൂണ്ടിക്കാട്ടുന്നു. എന്നിരിക്കിലും യുഎസിന് ആശങ്കയുണ്ടാക്കുംവിധമാണ് പരാതിക്കിടയാക്കിയ പ്രവൃത്തിയെങ്കിൽ പ്രോസിക്യൂഷന് മുന്നോട്ടു പോകാം.