സംഭൽ ശാന്തമാകുന്നു ഇന്റർനെറ്റ് വിലക്ക് തുടരുന്നു; രാഹുൽ ഗാന്ധി നാളെ സംഭലിൽ
Mail This Article
ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ സംഭൽ ജില്ലയിൽ ഷാഹി ജുമാ മസ്ജിദിലെ സർവേയുമായി ബന്ധപ്പെട്ട സംഘർഷത്തിൽ 5 പേർ കൊല്ലപ്പെട്ട ചന്ദൗസി പ്രദേശം സാധാരണ നിലയിലേക്ക്. സ്കൂളുകളും അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളും തുറന്നു. എന്നാൽ, ഇന്റർനെറ്റ് നിരോധനം തുടരുന്നു. പൊലീസും ദ്രുതകർമസേനയും പ്രദേശത്തു തന്നെയുണ്ട്. സമാധാനം നിലനിർത്താൻ ഹിന്ദു, മുസ്‌ലിം പ്രതിനിധികൾ ആഹ്വാനം ചെയ്തു.
കോൺഗ്രസിന്റെ പ്രതിനിധി സംഘം ഇന്നു സ്ഥലം സന്ദർശിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ സംഭലിലെത്തും. ഇതിനിടെ, സംഭവത്തിൽ പ്രതിഷേധിച്ചു ഇടതു വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിലെ യുപി ഭവനിലേക്കു മാർച്ച് നടത്തി. ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ധനഞ്ജയ് ഉൾപ്പെടെ 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാഹി ജുമാ മസ്ജിദിലെ സർവേയ്ക്കെത്തിയ അഭിഭാഷക സംഘത്തിനു നേരെ ഞായറാഴ്ച ജനക്കൂട്ടത്തിന്റെ അതിക്രമമുണ്ടായതിനു പിന്നാലെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. ഔദ്യോഗിക കണക്കനുസരിച്ചു 4 പേരാണു മരിച്ചത്. എന്നാൽ, സംഘർഷത്തിൽ ഒരാൾകൂടി മരിച്ചെന്നാണു പ്രദേശവാസികൾ പറയുന്നത്. 12 പേർ പരുക്കേറ്റു ചികിത്സയിലാണ്.