ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചർച്ചയ്ക്കിടെ ശിവസേനാ നേതാവും കാവൽ മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ അപ്രതീക്ഷിതമായി ജൻമനാട്ടിലേക്കു തിരിച്ചു.  ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്ന് ഏകദേശം ഉറപ്പായിരിക്കെയാണ് ഇന്നലെ മുംബൈയിൽ നടത്താനിരുന്ന ചർച്ച റദ്ദാക്കി സ്വദേശമായ സത്താറയിലേക്കു നാടകീയമായി  പോയത്. 80 ശതമാനത്തിലേറെ സീറ്റു നേടി വിജയിച്ച് ഒരാഴ്ചയായിട്ടും  മുന്നണിക്ക്  സർക്കാർ രൂപീകരണത്തിൽ ധാരണയിലെത്താൻ കഴിയാത്തത് എന്തുകൊണ്ട് എന്ന ചോദ്യമുയരുന്നു.

ദേവേന്ദ്ര ഫഡ്നാവിസ്, ഷിൻഡെ, മറ്റൊരു സഖ്യകക്ഷിനേതാവായ അജിത് പവാർ എന്നിവർ വ്യാഴാഴ്ച ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ചിരുന്നു. ഡൽഹി യോഗത്തിലെ നിർദേശങ്ങളിൽ ഷിൻഡെ അതൃപ്തനാണെന്നാണു സൂചന.അദ്ദേഹം നാട്ടിൽ നിന്നു തിരിച്ചെത്തിയ ശേഷം തിങ്കളാഴ്ച ചർച്ച പുനരാരംഭിച്ചേക്കും. സർക്കാർ രൂപീകരണം നാലാം തീയതിക്കു ശേഷമേ ഉണ്ടാകാനിടയുള്ളൂ. പനി ബാധിച്ചതുകൊണ്ടാണ് ഷിൻഡെ ചർച്ചകൾ ഒഴിവാക്കിയതെന്നും മുഖ്യമന്ത്രിപദത്തിനുവേണ്ടിയുള്ള അവകാശവാദം ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ പാർട്ടിയിലെ മുതിർന്ന നേതാവ് അവകാശപ്പെട്ടു. 

മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ ഉപമുഖ്യമന്ത്രി പദവിക്കൊപ്പം ആഭ്യന്തരം, നഗരവികസനം തുടങ്ങിയ പ്രധാന വകുപ്പുകൾ  സ്വന്തമാക്കാനാണ് ഷിൻഡെയുടെ ശ്രമം. ഫഡ്നാവിസിനു കീഴിൽ ഉപമുഖ്യമന്ത്രിയാകാൻ താൽപര്യമില്ലെന്ന നിലപാട് ആവർത്തിച്ച അദ്ദേഹം തനിക്കു പകരം  ലോക്സഭാഗമായ മകൻ ശ്രീകാന്തിനെ ഉപമുഖ്യമന്ത്രിയാക്കാൻ ആഗ്രഹിക്കുന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ, മകന് ഉപമുഖ്യമന്ത്രിസ്ഥാനത്തിനു പുറമേ ഷിൻഡെയ്ക്കും പ്രധാന പദവിയെന്ന നിർദേശം ബിജെപിക്കു സ്വീകാര്യമല്ല.

ആഭ്യന്തരവകുപ്പ് ഉൾപ്പെടെ മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിടുന്ന ബിജെപി, ഷിൻഡെയ്ക്ക്  ഉപമുഖ്യമന്ത്രിസ്ഥാനവും പാർട്ടിക്ക് നഗരവികസനം, പൊതുമരാമത്ത് വകുപ്പുകളും അജിത് പവാറിന് ഉപമുഖ്യന്ത്രിസ്ഥാനവും ധനം, കൃഷിവകുപ്പുകളും നൽകാമെന്നാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. അതിനിടെ, വഖഫ് ബോർഡിന് 10 കോടി രൂപ അനുവദിച്ച തീരുമാനം ബിജെപിയുടെ എതിർപ്പിനെത്തുടർന്ന് മഹാരാഷ്ട്ര സർക്കാർ പിൻവലിച്ചു. കാവൽ മന്ത്രിസഭയിലെ ഉദ്യോഗസ്ഥരാണ് തുക അനുവദിച്ചതെന്നും വഖഫ് ബോർഡിന് ഭരണഘടനയിൽ സ്ഥാനമില്ലെന്നും ബിജെപി നേതാക്കൾ പറഞ്ഞു.

English Summary:

Maharashtra CM Tussle: Eknath Shinde's sudden departure stalls Maharashtra CM talks. Will Fadnavis take the lead or is Shinde playing hardball?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com