ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പിലെ തുടർച്ചയായ തിരിച്ചടികൾക്കു പിന്നാലെ പുനഃസംഘടന കർശനമായി നടപ്പാക്കാൻ കോൺഗ്രസ് പ്രവർത്തകസമിതി തീരുമാനിച്ചു. ഹരിയാനയിലും മഹാരാഷ്ട്രയിലും അടിസ്ഥാന തലത്തിൽ കോൺഗ്രസ് ഘടകങ്ങൾ പുനഃസംഘടിപ്പിക്കും. ഉദയ്പുർ ചിന്തൻ ശിബിരത്തിൽ കൈക്കൊണ്ടതിൽ നടപ്പാക്കാൻ ശേഷിക്കുന്ന കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നു സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കി. 

ചർച്ചയിലൊതുങ്ങാതെ നടപടി വേണമെന്ന സൂചനയോടെയാണ് പ്രിയങ്ക ഗാന്ധി സംസാരിച്ചത്. ഓരോ സംസ്ഥാനത്തിന്റെയും ചുമതലയുള്ള ജനറൽ സെക്രട്ടറിമാർക്കും എഐസിസി ഭാരവാഹികൾക്കുമാണ് പാർട്ടിയെ അടിസ്ഥാനതലത്തിൽ സജ്ജമാക്കേണ്ട ബാധ്യതയെന്ന് പ്രിയങ്ക ഓർമിപ്പിച്ചു. 

സംഘടനാകാര്യത്തെക്കാൾ ജനകീയ പ്രശ്നങ്ങൾക്കൊപ്പം നിൽക്കുകയാണ് തിരഞ്ഞെടുപ്പു ജയത്തിന്റെ അടിസ്ഥാനമെന്ന പരാമർശമാണ് രാഹുലിൽ നിന്നുണ്ടായത്. ഇന്ദിരാ ഗാന്ധിയുടെ കാലത്തെക്കുറിച്ചുള്ള പരാമർശവുമുണ്ടായി. അന്നവർ ജനങ്ങൾക്കൊപ്പവും സംഘടന വേറൊരു പക്ഷത്തുമായിരുന്നു. ആളുകൾക്ക് ബോധ്യമാകുന്ന രീതിയിൽ തിരഞ്ഞെടുപ്പു സന്ദേശം കൈമാറണമെന്നും ലോക്സഭ തിരഞ്ഞെടുപ്പിൽ അതു വിജയം കണ്ടെന്നും രാഹുൽ ഗാന്ധി ഓർമിപ്പിച്ചു. 

മഹാത്മാ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ശതാബ്ദി വിപുലമായി ആഘോഷിക്കാൻ കർണാടകയിലെ ബെൽഗാമിൽ ഡിസംബർ 26ന് പ്രത്യേക പ്രവർത്തകസമിതി യോഗവും റാലിയും സംഘടിപ്പിക്കും. 

തിരഞ്ഞെടുപ്പു രീതിയിൽ മാറ്റത്തിനായി കോൺ‌ഗ്രസ്

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു കമ്മിഷൻ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് ആരോപിച്ചു തിരഞ്ഞെടുപ്പുരീതിയിൽ സമഗ്ര മാറ്റം കൊണ്ടുവരാനുള്ള ദേശീയ മുന്നേറ്റത്തിനു കോൺഗ്രസ് പ്രവർത്തകസമിതി ആഹ്വാനം ചെയ്തു. മഹാരാഷ്ട്ര തിരഞ്ഞെടുപ്പു വൈകിപ്പിച്ച് ബിജെപിക്ക് അവസരം നൽകുകയാണ് കമ്മിഷൻ ചെയ്തതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. വോട്ടിങ് യന്ത്രത്തെക്കുറിച്ചു സംസാരിക്കാതെ തിരഞ്ഞെടുപ്പു കമ്മിഷനെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിൽ പ്രചാരണം വേണമെന്ന് ഗൗരവ് ഗൊഗോയ് വ്യക്തമാക്കി. 

അദാനി, മണിപ്പുർ, സംഭൽ വിഷയങ്ങളുയർത്തി പാർലമെന്റിൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധം അവഗണിക്കുന്ന രീതി, ആരാധനാലയ നിയമത്തിന്റെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളിൽ യോഗം പ്രമേയം പാസാക്കി. ജമ്മു കശ്മീരിൽ കൂടുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാമായിരുന്നുവെന്നും ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും ഫലത്തിൽ അവിശ്വസനീയത ഉണ്ടെന്നും വിലയിരുത്തി.‌

English Summary:

Congress reorganization: Congress Leadership including Priyanka Gandhi Confirms reorganization in Party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com