മണിപ്പുരിൽ ബിരേൻ സിങ് ഒറ്റപ്പെടുന്നു; രാജി ആവശ്യവുമായി കൂടുതൽ പേർ
Mail This Article
കൊൽക്കത്ത∙ ഒന്നര വർഷം പിന്നിട്ടിട്ടും മണിപ്പുർ വംശീയകലാപം അവസാനിപ്പിക്കാൻ കഴിയാതെ വന്നതോടെ മുഖ്യമന്ത്രി ബിരേൻ സിങ് കൂടുതൽ ഒറ്റപ്പെടുന്നു. ബിജെപിയിലെ ഒരു വിഭാഗം എംഎൽഎമാരും എൻഡിഎയുടെ ഭാഗമായ രാഷ്ട്രീയപാർട്ടികളും അയൽ സംസ്ഥാനമായ മിസോറമിന്റെ മുഖ്യമന്ത്രിയും രാജി ആവശ്യപ്പെട്ടെങ്കിലും ബിരേൻ സിങ് വഴങ്ങിയിട്ടില്ല. ബിരേൻ സിങ്ങിനെ മാറ്റിയാൽ ഇംഫാൽ താഴ്‌വരയിൽ വൻ പ്രക്ഷോഭമുണ്ടാകുമെന്നതിനാൽ ബിജെപി കേന്ദ്ര നേതൃത്വവും ഇതിന് മുതിരുന്നില്ല.
-
Also Read
ആന്ധ്ര വഖഫ് ബോർഡ് പിരിച്ചുവിട്ടു
എൻഡിഎ ഘടകകക്ഷിയായ മിസോ നാഷനൽ ഫ്രണ്ടിനു പുറമേ മിസോറം മുഖ്യമന്ത്രി ലാൽഡുഹോമയും ബിരേൻ സിങ്ങിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. ബിജെപിക്കും മണിപ്പുരിനും മുഖ്യമന്ത്രി ബിരേൻ സിങ് ഭാരമാണെന്നാണ് ലാൽഡുഹോമ പറഞ്ഞത്. ഇതിനെതിരെ മിസോ നാഷനൽ ഫ്രണ്ട് ദേശവിരുദ്ധരാണെന്നായിരുന്നു മണിപ്പുർ സർക്കാരിന്റെ ആദ്യ പ്രതികരണം. ഇന്ത്യയിലെയും മ്യാൻമറിലെയും ബംഗ്ലദേശിലെയും സ്ഥലങ്ങൾ ഉൾപ്പെടുത്തി കുക്കി-ചിൻ സ്വതന്ത്ര ക്രിസ്ത്യൻ മിസോറം സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മണിപ്പുർ സർക്കാർ ആരോപിച്ചു.
ആദ്യ ബിരേൻ സിങ് സർക്കാരിലെ ഘടകകക്ഷിയും ബിജെപി കഴിഞ്ഞാൽ മണിപ്പുരിലെ ഇപ്പോഴത്തെ രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയുമായ നാഷനൽ പീപ്പിൾസ് പാർട്ടി ഈ മാസം സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. ബിരേൻ രാജിവയ്ക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. എൻഡിഎയുടെ ഭാഗമാണ് മേഘാലയ ഭരിക്കുന്ന നാഷനൽ പീപ്പിൾസ് പാർട്ടി.
ബിരേൻ സിങ്ങിനെ മാറ്റണമെന്ന് 19 ബിജെപി എംഎൽഎമാർ പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ കുറച്ചുപേർ മാത്രമാണ് പരസ്യമായി പറയാൻ ധൈര്യപ്പെടുന്നത്. ബിരേൻ സിങ്ങിനെതിരെ പ്രതികരിച്ച കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ മേഘചന്ദ്രയെ തീവ്ര മെയ്തെയ് സംഘടനയായ ആരംഭായ് തെംഗോൽ മർദിച്ചിരുന്നു. മണിപ്പുരിലെ പ്രശ്നങ്ങൾ അസമിനെയും ബാധിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇന്നലെ പ്രതികരിച്ചു.