ബംഗ്ലദേശ് അസി. ഹൈക്കമ്മിഷനിലെ അക്രമം: 7 പേർ അറസ്റ്റിൽ
Mail This Article
ന്യൂഡൽഹി ∙ ത്രിപുര അഗർത്തലയിലുള്ള ബംഗ്ലദേശ് അസി. ഹൈക്കമ്മിഷൻ ഓഫിസിനു നേരെ കഴിഞ്ഞ ദിവസമുണ്ടായ അതിക്രമം ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാക്കുന്നു. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ പ്രണയ് വർമയെ, ബംഗ്ലദേശ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ത്രിപുര പൊലീസ് 7 പേരെ അറസ്റ്റ് ചെയ്തു. 3 പൊലീസുകാരെ സസ്പെൻഡ് ചെയ്തെന്നും വ്യക്തമാക്കി.
സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്, അഗർത്തലയിലെ അസിസ്റ്റന്റ് ഹൈക്കമ്മിഷനിലെ എല്ലാ വീസ, കോൺസുലർ സേവനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ബംഗ്ലദേശ് മിഷൻ ഫസ്റ്റ് സെക്രട്ടറി മുഹമ്മദ് അൽ അമീൻ പറഞ്ഞു. ഹിന്ദു ആത്മീയ നേതാവ് ചിന്മയ് കൃഷ്ണ ദാസിനെ രാജ്യദ്രോഹക്കുറ്റത്തിനു അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധിച്ചവർ അസി. ഹൈക്കമ്മിഷൻ കെട്ടിടം വളയുകയും ബംഗ്ലദേശ് പതാക കത്തിക്കുകയും ചെയ്തു. സംഭവത്തെ അപലപിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഡൽഹിയിലെ എംബസി ഉൾപ്പെടെയുള്ള രാജ്യത്തെ എല്ലാ ബംഗ്ലദേശ് കോൺസുലർ ഓഫിസുകൾക്കും സുരക്ഷ വർധിപ്പിച്ചതായി അറിയിച്ചു.
ധാക്കയിൽ ബംഗ്ലദേശ് ആക്ടിങ് വിദേശകാര്യ സെക്രട്ടറി റിയാസ് ഹമീദുല്ലയുമായി കൂടിക്കാഴ്ച നടത്തിയ ഹൈക്കമ്മിഷണർ പ്രണയ് വർമ ഇരുരാജ്യങ്ങളും തമ്മിൽ പല മേഖലകളിലും ശക്തമായ സഹകരണമുണ്ടെന്നും ഒരു വിഷയത്തിന്റെ പേരിൽ അത് ഇല്ലാതാകില്ലെന്നും മാധ്യമങ്ങളോടു പറഞ്ഞു. അഗർത്തല സംഭവം ഇന്ത്യൻ സർക്കാരിന്റെ പരാജയമാണെന്നും ഷെയ്ഖ് ഹസീനയുടെ ബംഗ്ലദേശല്ല ഇതെന്ന് ഇന്ത്യ തിരിച്ചറിയണമെന്നും നിയമവിഭാഗം ഉപദേഷ്ടാവ് ആസിഫ് നസറുല്ല വിമർശിച്ചു.