പിളർത്തി നേടിയ കസേര; പിഴവില്ലാത്ത ചാണക്യൻ: ‘രാജ്യത്തിനുള്ള നാഗ്പുരിന്റെ സമ്മാനം’
Mail This Article
മുംബൈ ∙ രാജ്യത്തിനുള്ള നാഗ്പുരിന്റെ സമ്മാനം: 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദേവേന്ദ്ര ഫഡ്നാവിസിനെ ചൂണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബിജെപി തൂത്തുവാരിയ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയെ നയിക്കാൻ 44 വയസ്സു മാത്രമുള്ള ഫഡ്നാവിസിനെ മോദിയും ഷായും ചേർന്ന് മുന്നോട്ടു നിർത്തിയപ്പോൾ മുതിർന്ന നേതാക്കൾ അദ്ഭുതപ്പെട്ടു. 10 വർഷത്തിനിപ്പുറം മുഖ്യമന്ത്രി കസേരയിലേക്കു മൂന്നാം വട്ടവും ഫഡ്നാവിസ് എത്തുന്നു. തന്ത്രപരമായ രാഷ്ട്രീയ നീക്കങ്ങളിലൂടെ ദേശീയ തലത്തിലും മുദ്ര ചാർത്തിയ നേതാവാണ് അദ്ദേഹം.
2019 ൽ ബിജെപി സഖ്യം വിട്ട് കോൺഗ്രസിനോടും ശരദ് പവാറിനോടും കൈകോർത്ത് മഹാ വികാസ് അഘാഡി സർക്കാരുണ്ടാക്കിയ ശിവസേനയെ പിളർത്തി ഭരണം തിരിച്ചുപിടിച്ചത് ഫഡ്നാവിസിന്റെ നീക്കമാണ്. 2023 ൽ എൻസിപിയെ പിളർത്തി അജിത് പവാറിന്റെ നേതൃത്വത്തിൽ ഭൂരിപക്ഷം എംഎൽഎമാരെയും അദ്ദേഹം എൻഡിഎ പാളയത്തിലെത്തിച്ചു. കോൺഗ്രസും പിന്നീട് കോൺഗ്രസ്–എൻസിപി സഖ്യവും പതിറ്റാണ്ടുകൾ വാണ മറാഠ മണ്ണ് അങ്ങനെ ബിജെപിയുടെ കയ്യിൽ ഭദ്രമായി.
2 രാഷ്ട്രീയ അട്ടിമറികളിലും പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തെ ഫഡ്നാവിസ് വലിയ തോതിൽ ആശ്രയിച്ചിട്ടില്ല. അധികാരത്തിനായി എന്തും ചെയ്യാമെന്നു വിശ്വസിക്കുന്നവരുടെ ലോകത്ത് ഫഡ്നാവിസിൽ പുതിയ ചാണക്യന്റെ ഉദയം ഉറപ്പിക്കാം. ബഹളങ്ങളില്ലാതെ, കൃത്യമായ ഗൃഹപാഠത്തിലൂടെ, പിഴവില്ലാത്ത തയാറെടുപ്പുകളോടെയാണ് അദ്ദേഹം നീങ്ങുന്നത്.
ജനസംഘം നേതാവും മുൻ നിയമസഭാ കൗൺസിൽ അംഗവുമായിരുന്ന ഗംഗാധർ ഫഡ്നാവിസിന്റെ മകനായി നാഗ്പുരിൽ ജനിച്ച അദ്ദേഹം ആർഎസ്എസിലൂടെയാണ് ഉയർന്നുവന്നത്. അടിയന്തരാവസ്ഥക്കാലത്ത് അച്ഛനെ ജയിലിലിട്ട ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സ്കൂളിൽ പഠിക്കില്ലെന്നു ശഠിച്ചു.
നിയമത്തിൽ ബിരുദത്തിനും ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദത്തിനും ശേഷം നാഗ്പുർ കോർപറേഷൻ തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയത്തിൽ സജീവമായി. 22–ാം വയസ്സിൽ കൗൺസിലർ. 27–ാം വയസ്സിൽ നാഗ്പുർ നഗരസഭാധ്യക്ഷനായപ്പോൾ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി. 1999 മുതൽ നാഗ്പുരിൽനിന്നു തുടർച്ചയായി നിയമസഭാംഗം.
2013 ൽ ബിജെപി സംസ്ഥാന അധ്യക്ഷനായതോടെ രാശി തെളിഞ്ഞു. 2014 ൽ ആദ്യമായി അധികാരത്തിലെത്തുമ്പോൾ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു. 2019 ൽ ബിജെപിയും അവിഭക്ത ശിവസേനയും തമ്മിലുണ്ടായ അധികാരത്തർക്കത്തിനിടെ പുലർച്ചെ ഫഡ്നാവിസ് മുഖ്യമന്ത്രിയും എൻസിപി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിയായും രാജ്ഭവനിൽ രഹസ്യമായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഭൂരിപക്ഷമില്ലാതെ 3 ദിവസത്തിനകം രാജിവയ്ക്കേണ്ടിവന്നു. അഴിമതിയുടെ കറ കാര്യമായി പുരളാതെ പാർട്ടിയെയും സർക്കാരിനെയും നയിക്കാൻ കഴിഞ്ഞു എന്നതു പ്രധാന നേട്ടമാണ്.