സുഖ്ബീർ ബാദലിനു നേരെ വധശ്രമം: അടിപതറുമ്പോൾ ഒരു പിടിവള്ളി
Mail This Article
ന്യൂഡൽഹി ∙ പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി സുഖ്ബീർ സിങ് ബാദലിനു നേരെയുണ്ടായ വധശ്രമം അകാലി ദളിന്റെ തിരക്കഥയനുസരിച്ചാണെന്നു സംശയിക്കുന്നവരുണ്ട്. എന്നാൽ, വെടിയുതിർത്ത നരെയ്ൻ സിങ് ചൗരയുടെ പശ്ചാത്തലം പരിഗണിക്കുമ്പോൾ, ആ സംശയം ദുർബലമാകുന്നു. എങ്കിലും, സിഖ് സമുദായത്തിന്റെ സഹതാപം നേടാൻ ഇന്നലത്തെ സംഭവം സുഖ്ബീറിനു സഹായകമാകും.
2007–17 കാലത്ത് അകാലി ദൾ പഞ്ചാബ് ഭരിച്ചപ്പോഴെടുത്ത നടപടികളിൽ പലതും സിഖ് മത താൽപര്യത്തിനു വിരുദ്ധമെന്നു വ്യക്തമാക്കിയാണ് സുഖ്ബീറിനെയും എസ്ജിപിസി മുൻ അധ്യക്ഷ ബീബി ജാഗിർ കൗർ ഉൾപ്പെടെ ഏതാനും നേതാക്കളെയും അകാൽ തഖ്ത് ശിക്ഷിച്ചത്. മുൻ മുഖ്യമന്ത്രിയും സുഖ്ബീറിന്റെ പിതാവുമായ അന്തരിച്ച പ്രകാശ് സിങ് ബാദലിന് 2011 ൽ നൽകിയ ‘സമുദായത്തിന്റെ അഭിമാന’മെന്ന ബഹുമതി പിൻവലിക്കാനും അകാൽ തഖ്ത് തീരുമാനിച്ചിരുന്നു.
ബാദൽ കുടുംബത്തിന്റെ നിയന്ത്രണത്തിൽനിന്ന് അകാലി ദളിനെ മോചിപ്പിക്കുന്നതിനൊപ്പം, അകാൽ തഖ്ത് തങ്ങളുടെ പരമാധികാരം പുനഃസ്ഥാപിക്കുന്ന നടപടി കൂടിയായാണ് ശിക്ഷാവിധി വിലയിരുത്തപ്പെട്ടത്. പാർട്ടിയിൽ അംഗത്വ വിതരണം നടത്താനും 6 മാസത്തിനകം പുതിയ നേതൃത്വത്തെ നിയോഗിക്കാനും ഏഴംഗ സമിതിയെയും അകാൽ തഖ്ത് ചുമതലപ്പെടുത്തിയിരുന്നു. പാർട്ടി അധ്യക്ഷസ്ഥാനത്തുനിന്നുള്ള സുഖ്ബീറിന്റെ രാജി പ്രവർത്തക സമിതി അംഗീകരിക്കാനും നിർദേശിച്ചു.
സമുദായ താൽപര്യങ്ങൾ സംരക്ഷിക്കുക മുഖ്യ ചുമതലയായുള്ള പ്രസ്ഥാനമാണ് അകാലി ദൾ. എന്നാൽ, 1996 ൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയതു മുതൽ അധികാരപക്ഷത്തുനിൽക്കാൻ സമുദായ താൽപര്യങ്ങൾ മറന്നെന്നു വിമർശനമുണ്ടായി. 2017 മുതൽ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ പാർട്ടി ദുർബലമായി.
മിതവാദികളായ അകാലി ദൾ ദുർബലപ്പെട്ടിടത്ത് തീവ്രവാദ സ്വഭാവമുള്ളവർ ശക്തിപ്പെടുന്ന സ്ഥിതിയുമുണ്ട്. അത്തരക്കാരിൽ 2 പേർ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചു; കോൺഗ്രസ് 7 സീറ്റ് (26.30% വോട്ട്), എഎപി 3 സീറ്റ് (26.02%വോട്ട്), അകാലി ദൾ 1 സീറ്റ് (13.42% വോട്ട്). ഒരു സീറ്റും നേടാത്തപ്പോഴും 18.56% ലഭിച്ച ബിജെപി, 10 സീറ്റിൽ അകാലി ദളിനെ പിന്നിലാക്കി. തീവ്രവാദികൾ ശക്തിപ്പെടുന്നത് സംസ്ഥാനത്തിനെ പഴയ പ്രശ്നകാലത്തിലേക്ക് തിരികെക്കൊണ്ടുപോകാമെന്ന ആശങ്ക സമുദായത്തിൽ ശക്തമാണ്.
അകാലി ദൾ ദുർബലമാകുന്നത് സമുദായത്തിനുതന്നെ വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ബാദൽ കുടുംബത്തെ ഒതുക്കാൻ അകാൽ തഖ്ത് ശക്തമായി ഇടപെട്ടത്. എന്നാൽ, വിമതരിൽ ചിലരും ശിക്ഷിക്കപ്പെട്ടത് പാർട്ടിയെ ഒറ്റക്കെട്ടാക്കാനുള്ള ശ്രമമായി കരുതപ്പെടുന്നു. പാർട്ടിയെ പുനഃസംഘടിപ്പിക്കാൻ നിയോഗിക്കപ്പെട്ട സമിതിയിൽ സുഖ്ബീറിന്റെ വിശ്വസ്തരുമുണ്ട്. എങ്കിലും, ബാദൽ കുടുംബത്തിന് പഴയ സ്വാധീനം തിരിച്ചുപിടിക്കുക എളുപ്പമല്ല. രാഷ്ട്രീയ സേവനത്തിനായി പ്രകാശ് സിങ് ബാദലിനു നൽകിയ ബഹുമതി തിരിച്ചെടുത്തത് കുടുംബത്തിനു മൊത്തത്തിലുള്ള സന്ദേശമായി കരുതപ്പെടുന്നുണ്ട്. അതിന്റെ ആഘാതത്തിൽനിന്ന് പരിമിതമായി രക്ഷപ്പെടാനും സുഖ്ബീറിന് ഇന്നലെ സാധിച്ചു.
ആക്രമണത്തെ ചെറുത്ത എഎസ്ഐക്ക് അഭിനന്ദനം
ന്യൂഡൽഹി ∙ സുഖ്ബീർ സിങ് ബാദലിനെതിരായ ആക്രമണത്തെ ചെറുത്ത പഞ്ചാബ് പൊലീസ് എഎസ്ഐ ജസ്ബീർ സിങ്ങിനു മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിന്റെ അഭിനന്ദനം. വലിയൊരു അപകടം ഒഴിവായതു പൊലീസുകാരുടെ സമയോചിത ഇടപെടലിനെത്തുടർന്നാണെന്ന് അദ്ദേഹം പറഞ്ഞു.
സെഡ് പ്ലസ് സുരക്ഷയുള്ള ബാദലിനു സമീപത്തു നിന്നിരുന്ന എഎസ്ഐ ജസ്ബീർ സിങ്ങാണു നരെയ്ൻ സിങ് ചൗരയുടെ തോക്കിൻ മുനയിൽനിന്ന് അദ്ദേഹത്തെ രക്ഷിച്ചത്. ‘ചൗര വരുന്നതു കണ്ടപ്പോൾ തന്നെ എനിക്കു സംശയം തോന്നിയിരുന്നു. പോക്കറ്റിൽനിന്ന് തോക്ക് എടുക്കുന്നതുകണ്ട് ഓടിയെത്തി പിടിച്ചു മാറ്റുകയായിരുന്നു’ ജസ്ബീർ സിങ് പറഞ്ഞു. ബാദലിനു നേരെയല്ല, ഗുരുദ്വാരയിൽ സേവനം ചെയ്യുകയായിരുന്ന സേവാദറിനു നേരെയാണ് അതിക്രമം ഉണ്ടായതെന്നാണു അകാൽ തഖ്തിന്റെ ജതേദാർ (ആധ്യാത്മികാചാര്യൻ) ഗ്യാനി രഖ്ബീർ സിങ് പ്രതികരിച്ചത്. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വലിയ ശക്തികൾ ഇതിനു പിന്നിലുണ്ടെന്നു സംശയിക്കുന്നെന്നും പഞ്ചാബ് ഭരിക്കുന്ന എഎപിയുടെ ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ ഡൽഹി നിയമസഭയിൽ പറഞ്ഞു.
ചൗരയ്ക്ക് 4 പതിറ്റാണ്ടിന്റെ ഭീകരപ്രവർത്തന ചരിത്രം
ന്യൂഡൽഹി ∙ ഇപ്പോൾ സജീവമല്ലാത്ത ഖലിസ്ഥാൻ നാഷനൽ ആർമി എന്ന ഭീകരസംഘടനയുടെ നേതാവായിരുന്നു നരെയ്ൻ സിങ് ചൗര (68). നിയമവിരുദ്ധ പ്രവർത്തന നിരോധനനിയമം (യുഎപിഎ) ഉൾപ്പെടെയുള്ള വകുപ്പുകൾപ്രകാരം കേസുകളുണ്ട്.
1982 ൽ അകാൽ ഫെഡറേഷനിൽ ചേർന്നശേഷം പാക്കിസ്ഥാനിലേക്കു പോയി ഭീകരസംഘടനയ്ക്കു രൂപം നൽകുകയായിരുന്നുവെന്നാണു വിവരം. തൊണ്ണൂറുകളിൽ തിരിച്ചെത്തിയശേഷം 1995, 2004, 2013 വർഷങ്ങളിലായി പലതവണ ജയിലിൽ കിടന്നു. പഞ്ചാബ് മുൻമുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെ വധിച്ച കേസിലെ പ്രതികൾ കടന്നുകളഞ്ഞ 2004 ജനുവരിയിലെ കുപ്രസിദ്ധ ബുറെയ്ൽ ജയിൽചാട്ട കേസിലടക്കം പ്രധാന കണ്ണിയായിരുന്നു. 2022 ൽ ആണ് ഒടുവിൽ ജയിൽമോചിതനായത്.