ആഭ്യന്തര വകുപ്പ് ആർക്ക് ? മഹായുതിയിൽ തർക്കം തുടരുന്നു; വഴങ്ങാതെ ഷിൻഡെയും ഫഡ്നാവിസും
Mail This Article
മുംബൈ ∙ സത്യപ്രതിജ്ഞ കഴിഞ്ഞ് 3 ദിവസം പിന്നിടുമ്പോഴും മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിൽ പ്രധാന വകുപ്പുകളുമായി ബന്ധപ്പെട്ട തർക്കം തുടരുന്നു. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ആഭ്യന്തരവകുപ്പിനായി സമ്മർദം ശക്തമാക്കിയതും പ്രധാന വകുപ്പുകൾ ആവശ്യപ്പെടുന്നതുമാണ് തീരുമാനം വൈകാൻ കാരണം. ആഭ്യന്തരവകുപ്പ് വിട്ടുനൽകാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ബിജെപിയും തയാറുമല്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും ഷിൻഡെ വിഭാഗം ചർച്ചകൾ നടത്തുന്നുണ്ട്. ഉപമുഖ്യമന്ത്രിയായിരുന്നപ്പോൾ ദേവേന്ദ്ര ഫഡ്നാവിസിന് ആഭ്യന്തര വകുപ്പ് നൽകിയതുപോലെ, ഇപ്പോൾ തങ്ങൾക്ക് നൽകണമെന്നാണ് ഷിൻഡെയുടെ ആവശ്യം. 43 മന്ത്രിമാരെയാണ് സംസ്ഥാനത്ത് നിയോഗിക്കാവുന്നത്. ഇതിൽ പകുതിയിലധികവും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയിൽ നിന്നാകും. ശിവസേനയ്ക്ക് 12, എൻസിപിക്ക് 9 എന്നിങ്ങനെയാണ് തത്വത്തിൽ ധാരണയായിട്ടുള്ളത്.