ഹൈക്കോടതി ജഡ്ജിയുടെ പ്രസംഗം: സുപ്രീം കോടതി വിശദീകരണം തേടി
Mail This Article
ന്യൂഡൽഹി ∙ വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവ് നടത്തിയ വിവാദ പ്രസംഗത്തിന്റെ വിശദാംശങ്ങൾ ഹാജരാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. പ്രസംഗം സംബന്ധിച്ച മാധ്യമ വാർത്തകൾ ശ്രദ്ധയിൽപെട്ടെന്നും അലഹാബാദ് ഹൈക്കോടതിയോടു വിശദീകരണം തേടിയെന്നും സുപ്രീം കോടതി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വിഎച്ച്പിയുടെ നിയമവേദി ഹൈക്കോടതി ഹാളിൽ നടത്തിയ ചടങ്ങിലായിരുന്നു വിവാദപ്രസംഗം. ഹിന്ദുക്കളാകുന്ന ഭൂരിപക്ഷത്തിന്റെ താൽപര്യത്തിന് അനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കേണ്ടതെന്നു പറഞ്ഞുള്ള പ്രസംഗത്തിൽ മുസ്‌ലിംകൾക്കെതിരെ രൂക്ഷമായ വിദ്വേഷ പരാമർശങ്ങളും ഉണ്ടായിരുന്നു. ജസ്റ്റിസ് യാദവിനെതിരെ ആഭ്യന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കൺവീനറായുള്ള ക്യാംപെയ്ൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് (സിജെഎആർ) ചീഫ് ജസ്റ്റിസിനു കത്തെഴുതി.
ജഡ്ജിക്കെതിരെ കുറ്റവിചാരണ വേണമെന്ന് രാജ്യസഭാംഗവും സുപ്രീം കോടതി ബാർ അസോസിയേഷൻ അധ്യക്ഷനുമായ കപിൽ സിബൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ കഴിഞ്ഞ 10 വർഷത്തിനിടെ ആവർത്തിക്കുന്നതെന്നും ചോദിച്ചു. ജഡ്ജിയെ പദവിയിൽനിന്നു നീക്കാൻ സുപ്രീം കോടതിക്ക് അധികാരമുണ്ടെന്നും ഓർമിപ്പിച്ചു. സിപിഎം ഉൾപ്പെടെയുള്ള പാർട്ടികളും പരാമർശങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം, പരാമർശങ്ങളിൽ ഖേദകരമായി ഒന്നുമില്ലെന്നും ഇത്തരം ‘ബോധവൽക്കരണ ശ്രമങ്ങൾ’ തുടരുമെന്നും വിഎച്ച്പി അധ്യക്ഷൻ അലോക് കുമാർ പ്രതികരിച്ചു.