മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനം നാളെ; സത്യപ്രതിജ്ഞ നാഗ്പുരിലെ നിയമസഭാ മന്ദിരത്തിൽ
Mail This Article
മുംബൈ ∙ മൂന്നാഴ്ചത്തെ കാത്തിരിപ്പിനു ശേഷം മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനം നാളെ നടക്കും. നാഗ്പുരിലെ നിയമസഭാ മന്ദിരത്തിലാണ് സത്യപ്രതിജ്ഞ. തുടർന്ന്, 16ന് നാഗ്പുരിൽ നിയമസഭയുടെ ശീതകാല സമ്മേളനം ആരംഭിക്കും. മന്ത്രിസഭയിൽ പരമാവധി 43 അംഗങ്ങൾ ആകാമെങ്കിലും 30 പേരായിരിക്കും ആദ്യഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്യുക.
തിരഞ്ഞെടുപ്പുഫലമറിഞ്ഞ് 20 ദിവസം പിന്നിട്ടിട്ടും മന്ത്രിസഭാ വികസനം സാധിക്കാതിരുന്നതു ഭരണപക്ഷത്തിന് നാണക്കേടായി മാറിയിരുന്നു. വൻവിജയം നേടിയിട്ടും 10 ദിവസത്തിലേറെ കഴിഞ്ഞാണ് മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും (ബിജെപി) ഉപമുഖ്യമന്ത്രിമാരായി ഏക്നാഥ് ഷിൻഡെയും (ശിവസേന) അജിത് പവാറും (എൻസിപി) സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രിപദം ലഭിക്കാതിരുന്നതോടെ ആഭ്യന്തരവകുപ്പ് നേടിയെടുക്കാൻ ഷിൻഡെ സമ്മർദം ചെലുത്തിയതാണ് മന്ത്രിമാരുടെ എണ്ണം നിശ്ചയിക്കലും വകുപ്പുവിഭജനവും വൈകാൻ ഇടയാക്കിയത്. മന്ത്രിസഭാ വികസനത്തിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കാൻ ഫഡ്നാവിസും അജിത് പവാറും ഡൽഹിയിലേക്ക് പോയപ്പോഴും ഷിൻഡെ വിട്ടുനിന്നു.
57 എംഎൽഎമാരുള്ള ഷിൻഡെക്കും 41 എംഎൽഎമാരുള്ള അജിത് പവാറിനും, മന്ത്രിമാരാകാൻ ആഗ്രഹിക്കുന്ന സ്വന്തം പക്ഷക്കാരിൽ നിന്നു കടുത്ത സമ്മർദവുമുണ്ട്.