ഗഗൻയാൻ: റോക്കറ്റ് കൂട്ടിച്ചേർക്കൽ തുടങ്ങി; പൂർത്തിയാകാൻ 40 ദിവസം
Mail This Article
തിരുവനന്തപുരം ∙ ‘ഗഗൻയാൻ’ വഴി മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യത്തിനുള്ള റോക്കറ്റ് കൂട്ടിച്ചേർക്കൽ ജോലികൾക്കു തുടക്കമായി. ആളില്ലാത്ത ആദ്യ ഗഗൻയാൻ ദൗത്യത്തിലാകും (ജി1) ഈ റോക്കറ്റിന്റെ പരീക്ഷണം നടക്കുക. വിവിധ ഘടകങ്ങളായി നിർമിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ (എസ്ഡിഎസ്‌സി–ഷാർ) എത്തിച്ച റോക്കറ്റ് പൂർണരൂപത്തിലാക്കുന്ന ജോലികൾ തുടങ്ങുന്നത് ദൗത്യത്തിന്റെ വിളംബരമായാണ് കണക്കാക്കുന്നത്. 2025 ജനുവരിയിൽ വിക്ഷേപിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ജി1 ദൗത്യം ഫെബ്രുവരിയിലേക്കു മാറ്റാൻ സാധ്യതയുണ്ട്.
ഇന്നലെ രാവിലെ 8.45ന് എസ്ഡിഎസ്‌സിയിൽ ഹ്യുമൻ റേറ്റഡ് ഖര ഇന്ധന മോട്ടറിന്റെ (എസ്200) നോസിലിലേക്ക് അനുബന്ധ ഘടകം കൂട്ടിച്ചേർത്താണ് ഔദ്യോഗികമായി റോക്കറ്റ് നിർമാണ ജോലികൾ തുടങ്ങിയത്. 30–40 ദിവസം കൊണ്ട് റോക്കറ്റ് പൂർണരൂപത്തിലാകും. ഹ്യുമൻ റേറ്റഡ് എച്ച്എൽവിഎം3– ഗഗൻയാൻ1/ഓർബിറ്റൽ മിഷൻ –1 (എച്ച്എൽവിഎം3–ജി1/ഒഎം–1) എന്നാണ് ഈ ദൗത്യം ഔദ്യോഗികമായി അറിയപ്പെടുക.