ഒരു രാജ്യം, ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ്; ബിൽ പാസാവില്ലെന്ന് ഉറപ്പ്: പ്രതിപക്ഷം
Mail This Article
ന്യൂഡൽഹി ∙ ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ വോട്ട് ചെയ്യുന്നവരുടെ ‘മൂന്നിൽ രണ്ട് ഭൂരിപക്ഷം’ വേണമെന്ന കടമ്പ കടക്കാൻ എൻഡിഎയ്ക്ക് കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ‘ഒരു രാജ്യം, ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ്’ ബില്ലുകളുടെ അവതരണസമയത്തെ വോട്ടെടുപ്പു ഫലം എന്നാണ് പ്രതിപക്ഷത്തിന്റെ വാദം. ബിൽ പാസാക്കണമെങ്കിൽ ഇരുസഭകളിലും കേവലഭൂരിപക്ഷവും (272), വോട്ട് ചെയ്യുന്നവരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷവും വേണം. ഇന്നലെ ലോക്സഭയിലെ വോട്ടെടുപ്പിൽ പോലും ആകെ പോൾ ചെയ്യപ്പെട്ട 467 വോട്ടുകളിൽ 311 കിട്ടിയാൽ മാത്രമേ മൂന്നിൽ രണ്ട് ഭൂരിപക്ഷമാകൂ. ബില്ലിനെ അനുകൂലിച്ചുള്ള വോട്ടുകൾ 269 എണ്ണം മാത്രമായിരുന്നു. അതായത് കേവലഭൂരിപക്ഷമായ 272 ലും താഴെ.
ബിൽ പാസാക്കുന്ന കാര്യത്തിൽ എൻഡിഎ നേരിടാൻ പോകുന്ന വെല്ലുവിളിയുടെ സൂചനയാണിതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇപ്പോൾ 542 പേരുള്ള സഭയിൽ എല്ലാവരും ഹാജരാണെങ്കിൽ, 362 പേരുടെ പിന്തുണയുണ്ടെങ്കിലേ ലോക്സഭയിൽ ബിൽ പാസാകൂ. സഭയിൽ കേവലഭൂരിപക്ഷമുണ്ടെങ്കിലും വോട്ട് ചെയ്യുന്നവരുടെ ‘മൂന്നിൽ രണ്ട്’ ഭൂരിപക്ഷം നേടണമെങ്കിൽ പ്രതിപക്ഷത്തുള്ള വലിയ കക്ഷികളെ കൂട്ടുപിടിച്ചേ തീരൂ. വൈഎസ്ആർ കോൺഗ്രസ് പോലെയുള്ള പാർട്ടികൾ ഇപ്പോഴും അന്തിമനിലപാട് വ്യക്തമാക്കിയിട്ടില്ല. നീക്കത്തെ അനുകൂലിച്ചിരുന്ന ബിജെഡിക്ക് ലോക്സഭയിൽ നിലവിൽ എംപിമാരില്ല.
ബിൽ പിൻവലിക്കണം; ഒറ്റക്കെട്ടായി പ്രതിപക്ഷം
ഒരേ സമയം തിരഞ്ഞെടുപ്പ് നടത്താനുള്ള ബില്ലുകൾ പിൻവലിക്കുകയോ പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്കു വിടുകയോ ചെയ്യണമെന്നായിരുന്നു 90 മിനിറ്റ് നീണ്ട ചർച്ചയിൽ മിക്ക പ്രതിപക്ഷ കക്ഷികളുടെയും ആവശ്യം. തൃണമൂൽ കോൺഗ്രസ് അടക്കം ഇന്ത്യാസഖ്യത്തിലെ എല്ലാ കക്ഷികളും ബില്ലിനെ എതിർത്തു. ഭരണപക്ഷത്തു നിന്ന് ടിഡിപി, ശിവസേന എന്നിവയാണ് അനുകൂലിച്ച് സംസാരിച്ചത്.
പ്രസിഡന്റിന് കൂടുതൽ അധികാരം നൽകുന്നതാണ് ബിൽ എന്ന് കോൺഗ്രസ് ലോക്സഭാ ഉപനേതാവ് ഗൗരവ് ഗൊഗോയ് ആരോപിച്ചു. ഇന്ത്യൻ ഫെഡറൽ സംവിധാനത്തെ തന്നെ തച്ചുടയ്ക്കുമെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. സഭയിൽ എൻഡിഎയ്ക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാനുള്ള സാഹചര്യമില്ലാത്തപ്പോൾ എങ്ങനെയാണ് ബിൽ കൊണ്ടുവരുന്നതെന്ന് ഡിഎംകെയുടെ ടി.ആർ.ബാലു ചോദിച്ചു. രാജ്യത്ത് ഏകാധിപത്യം നടപ്പാക്കുകയാണ് ബില്ലുകളുടെ ലക്ഷ്യമെന്ന് സമാജ്‍വാദി പാർട്ടി ആരോപിച്ചു.
രാജ്യത്തെ പ്രസിഡൻഷ്യൽ ഭരണത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള ആദ്യ ചുവടുവയ്പെന്നാണ് എഐഎംഐഎം അംഗമായ അസദുദ്ദീൻ ഉവൈസി ബില്ലുകളെ വിശേഷിപ്പിച്ചത്. ബില്ലുകളുടെ അവതരണത്തിന് അനുമതിക്കായി ശബ്ദവോട്ടിനു പകരം വോട്ടെടുപ്പു വേണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കർ ഓം ബിർല അംഗീകരിച്ചു. പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ ഇതാദ്യമായാണ് ഇലക്ട്രോണിക് വോട്ടിങ് സംവിധാനം ഉപയോഗിച്ചത്. പരിഷ്കാരങ്ങളോട് കോൺഗ്രസിന് എന്നും അലർജിയാണെന്ന ശിവസേന അംഗം ശ്രീകാന്ത് ഷിൻഡെയുടെ പരാമർശം ബഹളത്തിനിടയാക്കി.
ബില്ലുകൾ ഇവ
∙ 129–ാമത് ഭരണഘടനാ ഭേദഗതി ബിൽ, 2024: ഭരണഘടനയിൽ 82എ ആയി പുതിയ വകുപ്പ് ഉൾപ്പെടുത്തുന്നു; 83, 172, 327 വകുപ്പുകൾ ഭേദഗതി ചെയ്യുന്നു. 82 എ അനുസരിച്ച്, പുതിയ പൊതു തിരഞ്ഞെടുപ്പ് നടന്ന് ലോക്സഭ ആദ്യമായി സമ്മേളിക്കുന്ന ദിവസം പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിലാക്കി രാഷ്ട്രപതി വിജ്ഞാപനമിറക്കും.
ലോക്സഭയുടെ 5 വർഷ പൂർണ കാലാവധിക്കൊപ്പം നിയമസഭകളുടെ കാലാവധിയും അവസാനിക്കും. അങ്ങനെയെങ്കിൽ, 2031 ൽ രൂപീകരിക്കപ്പെടാവുന്ന കേരള നിയമസഭയ്ക്ക് 2034 വരെയേ കാലാവധിയുണ്ടാവു.
5 വർഷത്തെ പൂർണകാലാവധിക്കു മുൻപ് ലോക്സഭ പിരിച്ചുവിടുന്ന സാഹചര്യമുണ്ടായാൽ അവശേഷിക്കുന്ന കാലയളവിനെ പൂർത്തിയാകാത്ത കാലാവധിയായി കണക്കാക്കും. തുടർന്ന് നടക്കുന്നത് ഇടക്കാല തിരഞ്ഞെടുപ്പ്. അതിലൂടെ രൂപപ്പെടുന്ന ലോക്സഭയ്ക്ക് ബാക്കി സമയത്തേക്ക് മാത്രമാവും കാലാവധി. നിയമസഭകളുടെ കാര്യത്തിലും ഇതേ രീതി പാലിക്കും.
∙ കേന്ദ്ര ഭരണപ്രദേശ ഭേദഗതി ബിൽ, 2024: കേന്ദ്രഭരണ പ്രദേശങ്ങളിലും ഡൽഹിയിലും തിരഞ്ഞെടുപ്പു നടത്തുന്നതിനുള്ള നിയമഭേദഗതി. കേന്ദ്രഭരണ പ്രദേശങ്ങളിലെ സർക്കാരുകളുമായി ബന്ധപ്പെട്ട 1963 ലെ നിയമം, 1991 ലെ ഡൽഹി ദേശീയ തലസ്ഥാന മേഖലാ നിയമം, 2019 ലെ ജമ്മു കശ്മീർ പുനഃസംഘടനാ നിയമം എന്നിവയിലാണ് ഭേദഗതി.
∙ ‘പാർലമെന്റിന്റെ നിയമനിർമാണ അധികാരങ്ങൾക്ക് പുറത്താണിത്. നിയമസഭകളുടെ കാലാവധി പാർലമെന്റിന്റെ കാലാവധിക്കൊപ്പമായിരിക്കണമെന്ന് എങ്ങനെയാണ് നിശ്ചയിക്കാനാവുക? ഇത് ഭരണഘടനയുടെ അടിസ്ഥാനത്തിനു വിരുദ്ധമാണ്.’ – മനീഷ് തിവാരി (കോൺഗ്രസ്)
∙ ‘ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തിയാൽ പ്രാദേശിക വിഷയങ്ങൾ പിന്തള്ളപ്പെട്ടുപോകും. പുതിയ നിയമം ജനങ്ങളുടെ അഭിലാഷത്തിന് എതിരും വോട്ടവകാശത്തെ ഹനിക്കുന്നതുമാണ്. തിരഞ്ഞെടുത്ത സംസ്ഥാന സർക്കാരുകൾക്ക് കാലാവധി പൂർത്തിയാക്കാൻ കഴിയാതെ വരും.’ – ഇ.ടി.മുഹമ്മദ് ബഷീർ (മുസ്‍ലിം ലീഗ്)
∙ ‘രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന്റെ അടിവേരുതോണ്ടുന്നതാണ് ബിൽ. കാലാവധി തീരുന്ന നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ബില്ലിൽ വ്യക്തമായ വ്യവസ്ഥകളില്ല. ബിൽ നിയമമായാൽ നിയമസഭകളും സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങളായി മാറും.’ – എൻ.കെ.പ്രേമചന്ദ്രൻ (ആർഎസ്പി)
∙ ‘ഒരു വ്യക്തിയുടെ അഭിലാഷങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കാൻ വേണ്ടി മാത്രമുള്ളതാണ് ഈ ബില്ലുകൾ. സംസ്ഥാനങ്ങൾ കേന്ദ്രത്തിനു കീഴിലല്ല.’ – കല്യാൺ ബാനർജി (തൃണമൂൽ കോൺഗ്രസ്)
∙ ‘ജനാധിപത്യരീതി അവസാനിപ്പിക്കും. ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ബിജെപി ഭരണഘടന തകർക്കുകയാണ്.’ – ആംര റാം (സിപിഎം)
∙ ‘പാർലമെന്റിന്റെയും നിയമസഭകളുടെയും കാലാവധി സംബന്ധിച്ച് നിശ്ചിത വ്യവസ്ഥകളുണ്ട്. ഇവ രണ്ടും ഒരുമിപ്പിക്കാൻ പാടില്ല. സർക്കാരുകളെ പിരിച്ചുവിടാനുള്ള അധികാരം ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മിഷനിലെത്തുന്ന തരത്തിലാണ് ബില്ലുകൾ.’ – സുപ്രിയ സുളെ (എൻസിപി–ശരദ് പവാർ)