വിവാഹമോചനം: ജീവനാംശത്തിൽ കടുപ്പിച്ച് കോടതി
Mail This Article
ന്യൂഡൽഹി ∙ വിവാഹമോചന ശേഷം മുൻ ഭർത്താവിനുണ്ടായ സാമ്പത്തികാഭിവൃദ്ധിക്ക് ആനുപാതികമായി ഉയർന്ന ജീവനാംശം ആവശ്യപ്പെടാൻ മുൻഭാര്യയ്ക്കു കഴിയില്ലെന്ന് സുപ്രീം കോടതി. മുൻ ഭർത്താവ് പാപ്പരായി പ്രഖ്യാപിക്കപ്പെടുകയാണെങ്കിലും ഇതുപോലെ സ്വത്തു പങ്കുവയ്ക്കാൻ മുൻ ഭാര്യ തയാറാകുമോ എന്നു കോടതി ചോദിച്ചു.
വിവാഹമോചനം നേടിയ സ്ത്രീ മുൻ ഭർത്താവിന്റേതിനു തുല്യമായ സമ്പത്ത് ആർജിക്കണമെന്ന ലക്ഷ്യത്തോടെ സ്ഥിരം ജീവനാംശം ആവശ്യപ്പെടുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇത്തരത്തിൽ ജീവനാംശം ആവശ്യപ്പെടുന്ന പ്രവണത വർധിച്ചുവരുന്നതായും ജഡ്ജിമാരായ ബി.വി. നാഗരത്ന, എൻ.കെ. സിങ് എന്നിവരുടെ ബെഞ്ച് പറഞ്ഞു. മാന്യമായ ജീവനാംശത്തിന് അർഹതയുണ്ട്. ഭർതൃഗൃഹത്തിൽ കിട്ടിയിരുന്ന സൗകര്യങ്ങളും ആവശ്യപ്പെടാം. യുഎസിൽ 5,000 കോടി രൂപ ആസ്തിയുള്ള ആളുടെ ഭാര്യ സ്വത്തിൽ തുല്യത ആവശ്യപ്പെട്ട് ജീവനാംശം തേടിയതായിരുന്നു കേസ്.