ADVERTISEMENT

കുവൈത്ത് സിറ്റി ∙ ഇന്ത്യ-കുവൈത്ത് ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. പ്രതിരോധം, കായികം, സാംസ്കാരികം, സൗരോർജം എന്നീ നാലു മേഖലകളിൽ ഇരുരാജ്യങ്ങളും ധാരണാപത്രം ഒപ്പിട്ടു. 

പുതിയ ഘട്ടത്തിലേക്കു കടക്കുന്നതോടെ ഇരുരാജ്യങ്ങളും കൂടുതൽ അഭിവൃദ്ധിപ്പെടുമെന്നു മോദി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം എന്നീ മേഖലകളിലെ ബന്ധവും ഉഭയകക്ഷി സഹകരണവും കൂടുതൽ മെച്ചപ്പെടുത്തും. ഫാർമസ്യൂട്ടിക്കൽസ്, ഐടി, ഫിൻടെക്, ഇൻഫ്രാസ്ട്രക്ചർ, സെക്യൂരിറ്റി തുടങ്ങിയ പ്രധാന മേഖലകളിലെ സഹകരണവും ചർച്ച ചെയ്തു. ജിസിസിയുടെ അധ്യക്ഷ പദവി അലങ്കരിക്കുന്ന കുവൈത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ-ജിസിസി രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെട്ടതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

2023-24 സാമ്പത്തിക വർഷത്തിൽ 1047 കോടി യുഎസ് ഡോളർ മൂല്യമുള്ള ഉഭയകക്ഷി വ്യാപാരവുമായി കുവൈത്ത് ഇന്ത്യയുടെ മികച്ച വ്യാപാര പങ്കാളികളിൽ ഒന്നാണ്. കുവൈത്തിലേക്കുള്ള ഇന്ത്യൻ കയറ്റുമതി ആദ്യമായി 200 കോടി ഡോളറിലെത്തി. കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ ഇന്ത്യയിലെ നിക്ഷേപം 1000 കോടി  ഡോളർ കവിഞ്ഞു. 

കുവൈത്ത് പ്രധാനമന്ത്രി അഹ്മദ് അൽ അബ്ദുല്ല അൽ അഹ്മദ് അൽ സബാഹ്, സബാഹ് അൽ ഖാലിദ് അൽ മുബാറക് അൽ സബാഹുമായും ഉന്നത ഉദ്യോഗസ്ഥരുമായും മോദി ചർച്ച നടത്തി. 4 പതിറ്റാണ്ടിനിടെ ആദ്യമായി കുവൈത്തിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ആചാരപരമായ വരവേൽപും ഗാർഡ് ഓഫ് ഓണറും നൽകിയിരുന്നു. 1981ൽ ഇന്ദിരാഗാന്ധി കുവൈത്ത് സന്ദർശിച്ചിരുന്നു. ദ്വിദിന സന്ദർശനം   പൂർത്തിയാക്കി പ്രധാനമന്ത്രി  നാട്ടിലേക്കു മടങ്ങി.

കുവൈത്തിന്റെ പരമോന്നത ബഹുമതി മോദിക്ക് സമ്മാനിച്ചു

ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിയതിന് കുവൈത്തിന്റെ പരമോന്നത ബഹുമതിയായ ‘ദി ഓർഡർ ഓഫ് മുബാറക് അൽ കബീർ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ബയാൻ പാലസിൽ നടന്ന ചടങ്ങിൽ കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് ആണ് പുരസ്കാരം സമ്മാനിച്ചത്.

English Summary:

India-Kuwait relation: Narendra Modi's visit to Kuwait resulted in a significant upgrade of bilateral relations, including several MoUs and the awarding of Kuwait's highest honor to Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com