ഗാന്ധിജിയിലേക്ക് കോൺഗ്രസ്; തീവ്ര ആശയപ്രചാരണ യജ്ഞം നടത്തും
Mail This Article
ബെളഗാവി∙ ചരിത്രം ഉറങ്ങുന്ന ബെളഗാവി വീരസൗധത്തിലേക്ക് മഹാത്മജിയുടെ ഛായാചിത്രം കയ്യിലേന്തി രാഹുൽ ഗാന്ധി നടന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള നേതാക്കളും ഒപ്പം നടന്നു. 1924 ലെ ബെളഗാവി എഐസിസി സെഷനിൽ ജനനംകൊണ്ട സേവാദൾ എന്ന ആശയത്തിന്റെ പിന്തുടർച്ചക്കാർ ഗാന്ധിസ്മൃതി സൂക്തങ്ങൾ ഉറക്കെച്ചൊല്ലി. ബെളഗാവിയുടെ പാതയോരങ്ങൾ മഹാത്മജിയുടെ ചിത്രങ്ങളാൽ നിറഞ്ഞു. കോൺഗ്രസ് മഹാത്മജിയുടെ ദീപ്ത സ്മരണകളിലേക്ക്, മഹത്തായ പൈതൃകത്തിലക്കു തിരിച്ചു നടക്കുക കൂടിയായിരുന്നു.
പഴയ പ്രവർത്തകസമിതി യോഗങ്ങളുടെ ഓർമ ഉണർത്തി നേതാക്കൾ നിലത്തിരുന്നു. അതിനു തുനിഞ്ഞ രാഹുൽ ഗാന്ധിയോട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തനിക്കൊപ്പം കസേരയിൽ ഇരിക്കാൻ അഭ്യർഥിച്ചു. ആരോഗ്യ പ്രശ്നങ്ങളും പ്രായവും കണക്കിലെടുത്ത് ഖർഗെ നിലത്തെ ഇരിപ്പ് ഒഴിവാക്കി. 1924 ലെ അതേ സമ്മേളനം നടന്ന വലിയ വലിപ്പമില്ലാത്ത ഹാളിലാണ് ഈ യോഗവും നടന്നത്. ഹാളിനോടു ചേർന്നുളള കിണർ അടക്കം അതേ പോലെ പരിപാലിച്ചിരുന്നു. ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുന്നിലാണ് പ്രവർത്തക സമിതി അംഗങ്ങൾ ഇരുന്നത്. ചുറ്റും 1924 ലെ സമ്മേളനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ.
ഗാന്ധിജി ഛായാചിത്രം കയ്യിലേന്തി രാഹുൽ ഗാന്ധിയും മറ്റു നേതാക്കളും വീർസൗധ പാർക്കിലാണ് ആദ്യം എത്തിച്ചേർന്നത്. അവിടെ മല്ലികാർജുൻ ഖർഗെ ത്രിവർണ പതാക ഉയർത്തി. വന്ദേഭാരതും ദേശീയ ഗാനവും ആലപിച്ചു. ഗാന്ധിജിയുടെ മഹത്തായ പൈതൃകം പേറുന്നവരും ഗാന്ധി ഘാതകരും തമ്മിലുള്ള വൈരുധ്യങ്ങളുടെ ഏറ്റുമുട്ടലാണ് രാജ്യത്ത് നടക്കുന്നതെന്നു ചൂണ്ടിക്കാട്ടിയുള്ള തീവ്ര ആശയപ്രചാരണ യജ്ഞത്തിന് തുടർന്ന് സമ്മേളനം രൂപം നൽകി. ഇന്ന് കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം നടക്കുന്ന ബെളഗാവിയിലെ നിയമസഭാ മന്ദിരത്തിൽ മഹാത്മജിയുടെ പ്രതിമ സ്ഥാപിക്കും. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വിശാല പ്രവർത്തകസമിതി യോഗത്തിന് സുഖമില്ലാത്തതിനാൽ എത്തിച്ചേർന്നില്ല.