കുറച്ചു സംസാരിച്ചു, കൂടുതൽ കേട്ടു
Mail This Article
ഡോ.മൻമോഹൻസിങ് പ്രധാനമന്ത്രിയായിരിക്കെ, രാത്രി 7 കഴിയും അദ്ദേഹം ഓഫിസിൽനിന്നു പുറത്തിറങ്ങാൻ. സന്ദർശകരും ഔദ്യോഗിക തിരക്കുകളും അതുവരെ നീളും. ഓഫിസിൽനിന്ന് ഔദ്യോഗിക വസതിയിലേക്കുള്ള അദ്ദേഹത്തിന്റെ രാത്രിനടത്തത്തിൽ മിക്കവാറും ഞാൻ ഒപ്പമുണ്ടാകും. പിന്നെ അദ്ദേഹത്തിന്റെ പിഎയും. ഈ നടപ്പിലാണ് പല കാര്യങ്ങളും വിശദമായി സംസാരിക്കാൻ അവസരം ലഭിച്ചിരുന്നത്. കുറച്ചു സംസാരിക്കുകയും കൂടുതൽ കേൾക്കുകയുമായിരുന്നു മൻമോഹൻ സിങ്ങിന്റെ ശൈലി.
-
Also Read
വായിച്ചുതീരാത്ത പുസ്തകം
ഡോ.മൻമോഹൻ സിങ് ആർബിഐ ഗവർണറായിരിക്കെ, പഞ്ചാബ് സർക്കാരിലെ ഉയർന്ന ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് ഞാൻ അദ്ദേഹത്തെ ആദ്യം നേരിൽ കാണുന്നത്. പ്രധാനമന്ത്രിയായി ചുമതലയേൽക്കുമ്പോൾ എനിക്കൊരു ക്ഷണം വരുമെന്നു പോലും പ്രതീക്ഷിച്ചിരുന്നില്ല. പബ്ലിക് എന്റർപ്രൈസസ് സിലക‍്‍ഷൻ ബോർഡിന്റെ ചെയർമാനെന്ന നിലയിൽ അസമിൽ ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് വിളി വന്നത്; എത്രയും വേഗം ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കാണണം. അവിടെയെത്തി കണ്ടപ്പോൾ ‘എന്റെ ഒപ്പം നിൽക്കാമോ’ എന്ന ചോദ്യം. രണ്ടു യുപിഎ സർക്കാരുകളുടെ കാലത്തും ഞാൻ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
സ്ഥിരം രാഷ്ട്രീയക്കാരനല്ലാത്ത ഒരാൾ പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്നതിന്റെ പരിമിതി അദ്ദേഹത്തിൽ കണ്ടിട്ടില്ല. വിനയം കൊണ്ടും എല്ലാവരെയും കേൾക്കാനുള്ള സന്നദ്ധതകൊണ്ടും അദ്ദേഹം അതിനെയെല്ലാം മറികടന്നു. സ്വന്തമായി പിന്തുണ സമ്പാദിച്ച് സ്ഥാനത്തു തുടരാൻ ആഗ്രഹിച്ച രാഷ്ട്രീയജീവി ആയിരുന്നില്ല മൻമോഹൻ സിങ്. അതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ കരുത്തും. പ്രധാനമന്ത്രിയുടെ ഓഫിസിൽ സോണിയ ഗാന്ധി സ്ഥിരം സന്ദർശകയായിരുന്നു. സോണിയയെ ഓഫിസിൽ ചെന്നു കാണാമെന്നു മൻമോഹൻ സിങ് പലവട്ടം പറഞ്ഞെങ്കിലും സോണിയ അദ്ദേഹത്തെ വിലക്കിയത് എനിക്കു നേരിട്ടറിയാം.
പ്രധാനമന്ത്രിയുടെ പദവിയും ഓഫിസും ഏറ്റവും ആദരിക്കപ്പെടേണ്ടതാണെന്ന് അവർ മൻമോഹൻ സിങ്ങിനോടു പറഞ്ഞു. ഗേറ്റ് വരെ അനുഗമിച്ചാണ് അദ്ദേഹം സോണിയയെ യാത്രയാക്കാറുള്ളത്. ഓഫിസിൽ കാണാനെത്തുന്ന ഏതാണ്ടെല്ലാ അതിഥികളെയും വാതിൽക്കൽ വരെയെങ്കിലും അനുഗമിച്ചിരുന്നു.
സൗമ്യതയായിരുന്നു മുഖമുദ്ര. എത്ര വലിയ കാറും കോളും വന്നാലും ദേഷ്യപ്പെട്ടു കണ്ടിട്ടില്ല. യുഎസ് ആണവ കരാറായിരുന്നു അദ്ദേഹം നേരിട്ട വലിയ വെല്ലുവിളി. യുഎസ് പ്രസിഡന്റ് ജോർജ് ബുഷും അദ്ദേഹവും തമ്മിലുള്ള ഒരു കൂടിക്കാഴ്ചയിൽ ഉരുത്തിരിഞ്ഞതാണ് ഈ കരാർ. അവർ തമ്മിൽ ഒരു രസതന്ത്രമുണ്ടായിരുന്നു. കരാറിനെതിരെ ആദ്യഘട്ടത്തിൽ പാർട്ടിയിൽനിന്നു തന്നെ എതിർപ്പു നേരിട്ടു. പിന്നീട് ഇടതുപക്ഷത്തിന്റെ എതിർപ്പ്. എന്നാൽ അദ്ദേഹം അചഞ്ചലനായിരുന്നു.
വിവരാവകാശ നിയമവും ഭക്ഷ്യഭദ്രതാ നിയമവുമൊക്കെ അദ്ദേഹത്തിന്റെ ആശയങ്ങളാണ്. എന്നാൽ ഒരാശയവും തന്റെ പേരിൽ അവതരിപ്പിക്കപ്പെടാൻ ആഗ്രഹിച്ചില്ല. എല്ലാം കാബിനറ്റിൽ ചർച്ചയ്ക്കു വയ്ക്കും. മുൻപിൽ കടലാസും പെൻസിലുമുണ്ടാകും. അഭിപ്രായങ്ങളിൽ പ്രസക്തമെന്നു തോന്നുന്നവ കുറിച്ചെടുക്കും. കൂട്ടായ തീരുമാനത്തിലെത്തും.
ഒരിക്കൽ മാത്രമാണ് അദ്ദേഹത്തിന്റെ ഒരു നിർദേശത്തിന് എതിരായി അഭിപ്രായം പറയേണ്ടിവന്നത്. ഒരുദ്യോഗസ്ഥന്റെ വ്യക്തിപരമായ കാര്യത്തിലായിരുന്നു അത്. എന്റെ അഭിപ്രായം അദ്ദേഹം സ്വീകരിച്ചു. എന്നോടു വ്യക്തിപരമായ സൗഹൃദമല്ല ഉണ്ടായിരുന്നതെങ്കിലും പ്രധാനമന്ത്രിപദമൊഴിഞ്ഞ ശേഷവും എല്ലാ ഡൽഹി യാത്രകളിലും ഞാൻ വീട്ടിലെത്തി കാണുമായിരുന്നു. കഴിഞ്ഞ മാസവും സന്ദർശിച്ചു.