വിദേശ–സുരക്ഷാരംഗത്ത് കരുത്തറിയിച്ച കാലം; ചൈനയെ തടുക്കാൻ നിശ്ശബ്ദ കരുനീക്കം
Mail This Article
ന്യൂഡൽഹി ∙ വിദേശ–സുരക്ഷാനയങ്ങളിൽ മുൻഗാമികളെ തള്ളിപ്പറയാതെ, അവരുടെ നയങ്ങളുടെ ചുവടുപിടിച്ചു മുന്നോട്ടുപോവുകയായിരുന്നു മൻമോഹൻ സിങ്. ‘കിഴക്കോട്ട് നോക്കുക’ എന്ന നരസിംഹറാവുവിന്റെ വിദേശനയം ദേവെഗൗഡ–ഗുജ്റാൾ–വാജ്പേയി കാലത്തു ശ്രദ്ധിക്കപ്പെടാതെ കിടന്നതു പൊടിതുടച്ചെടുത്തു തന്റെ നയമായി പിന്തുടർന്നതു കൂടാതെ, വാജ്പേയിയുടെ ആണവനയത്തിനു പുതിയ മാനം കൊണ്ടുവരികയും ചെയ്തു.
സാമ്പത്തികമായി നേരത്തേതന്നെ പുരോഗമിച്ച ജപ്പാനുമായും 1980–90 കളിൽ കുതിപ്പു നേടിയ ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളുമായും വാണിജ്യബന്ധങ്ങൾ ശക്തിപ്പെടുത്തുകയായിരുന്നു ‘കിഴക്കോട്ടുള്ള നോട്ട’ത്തിന്റെ കാതൽ. ഒപ്പം കിഴക്കൻ അതിർത്തിയിൽ ഇടഞ്ഞുനിൽക്കുന്ന മ്യാൻമറുമായി ധാരണകളുണ്ടാക്കുന്നത് ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശത്തിന്റെ സുരക്ഷയ്ക്ക് ഉതകുമെന്ന് അദ്ദേഹം കണക്കുകൂട്ടി. ഒപ്പം മ്യാൻമറിലൂടെയുള്ള വാണിജ്യനീക്കങ്ങൾ വഴി നേട്ടമുണ്ടാക്കാനുമാകും. അതനുസരിച്ച് മ്യാൻമർ നേതൃത്വത്തിന്റെ സഹകരണത്തോടെ അതിർത്തി ഒട്ടൊക്കെ ശാന്തമാക്കാനും കിഴക്കോട്ട് റോഡ്–റെയിൽ വാണിജ്യമാർഗങ്ങൾ നിർമിക്കാനും കഴിഞ്ഞു.
യുഎസിനെ അടുപ്പിച്ചു; ആണവക്ലബിൽ അംഗത്വം
1998–ലെ ആണവപരീക്ഷണങ്ങളുടെ പേരിൽ പാശ്ചാത്യരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾ മാറ്റിയെടുക്കാൻ വാജ്പേയിക്കു സാധിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ ആണവപദ്ധതികളുമായി സഹകരിക്കാൻ തയാറാകാതിരുന്ന യുഎസുമായി കരാറുണ്ടാക്കിയെടുക്കാൻ മൻമോഹനു കഴിഞ്ഞു. ഇടതുപാർട്ടികളുടെ പിന്തുണയോടെ നിലനിന്നിരുന്ന സർക്കാരിനെ അപകടത്തിലാക്കുന്ന രാഷ്ട്രീയ റിസ്ക്ക് എടുത്തായിരുന്നു ഈ നീക്കം.
യുഎസുമായുള്ള ആണവ ഉടമ്പടിയോടെ, പാശ്ചാത്യരാജ്യങ്ങൾ ഇന്ത്യയുടെ ആണവരംഗത്തു സഹകരിക്കാൻ തയാറായി. ന്യൂക്ലിയർ സപ്ലയേഴ്സ് ഗ്രൂപ്പ്, വാസനാർ ഗ്രൂപ്പ്, മിസൈൽ ടെക്നോളജി കൺട്രോൾ റെജിം തുടങ്ങിയ ആണവായുധ ക്ലബുകളിൽ ഇന്ത്യയ്ക്കു പ്രവേശനം ലഭിച്ചു. അതോടെ ആയുധങ്ങളെ ചുറ്റിപ്പറ്റി മാത്രമായിരുന്ന വാജ്പേയിയുടെ നയത്തെ ആണവോർജ–സാങ്കേതിക നയമാക്കി മാറ്റിയെടുക്കാൻ മൻമോഹനു സാധിച്ചു.
ഇതിനിടയിലും ഇന്ത്യയുടെ കാതലായ വിദേശനയത്തിൽ യാതൊരു വിട്ടുവീഴ്ചക്കും മൻമോഹൻ തയാറായില്ല. യുഎസുമായി ആണവഉടമ്പടി ഒപ്പിട്ടതിനെതുടർന്ന് യുഎസ് ഉപരോധത്തിലായിരുന്ന മ്യാൻമറുമായുള്ള ബന്ധങ്ങൾ ഉലയുമെന്നു പലരും കരുതി. മ്യാൻമറുൾപ്പടെയുള്ള ചില രാജ്യങ്ങളുടെ മേൽ ജനാധിപത്യത്തിന്റെ പേരു പറഞ്ഞ് യുഎസ് പ്രസിഡന്റ് സമ്മർദത്തിനു മുതിർന്നപ്പോൾ തന്ത്രപൂർവം മൻമോഹൻ വിട്ടുനിന്നു. അടുത്ത സുഹൃത്തും സാമ്പത്തികശാസ്ത്രജ്ഞനുമായ അമർത്യ സെന്നുമായിപ്പോലും അദ്ദേഹത്തിന് ഇക്കാര്യത്തിൽ അഭിപ്രായഭിന്നതയുണ്ടായി. മ്യാൻമറിലേക്ക് ‘ജനാധിപത്യം കയറ്റുമതി’ ചെയ്യുന്നതിൽ ഇന്ത്യ സഹകരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ് ഇന്ത്യയിൽവച്ചു പ്രഖ്യാപിച്ചപ്പോൾ മറുപടി പറയാതെ നിന്നത് അദ്ദേഹത്തിന്റെ നയതന്ത്രപക്വതയുടെ തെളിവാണ്.
പാശ്ചാത്യരാജ്യങ്ങളോട് അടുക്കവേതന്നെ പരമ്പരാഗതസുഹൃത്തായ റഷ്യയെ അദ്ദേഹം തള്ളിയില്ല. പകരം അവരുമായുള്ള സൈനികസഹകരണം വർധിപ്പിച്ചു. റഷ്യയുമായി സഹകരിച്ചു വികസിപ്പിച്ച ബ്രഹ്മോസ് ക്രൂസ് മിസൈലിന്റെ റഷ്യയിൽപ്പോലുമില്ലാത്ത പുതിയ പതിപ്പുകൾ നിർമിക്കാൻ അദ്ദേഹം അനുമതി നൽകിയത് ആയുധസാങ്കേതിക വിദ്യാരംഗത്തു വലിയൊരു മുന്നേറ്റമായാണു കരുതുന്നത്.
ഉപേക്ഷിച്ച സൈനികനീക്കം
പാക്കിസ്ഥാനുമായുള്ള ബന്ധങ്ങളിൽ വാജ്പേയി ഭരണകൂടം നിർത്തിയിടത്തുവച്ചു തുടരുകയായിരുന്നു മൻമോഹൻ. പാക്ക് നിയന്ത്രിതഭൂമിയിൽനിന്ന് ഇന്ത്യയ്ക്കെതിരെ ഭീകരപ്രവർത്തനം നടത്താൻ അനുവദിക്കില്ലെന്ന് 2004 ജനുവരിയിൽ ഇസ്‌ലാമാബാദ് സന്ദർശിച്ച വാജ്പേയിക്കു പാക്ക് ഭരണകൂടം ഉറപ്പുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാജ്പേയി ആരംഭിച്ച ചർച്ചകൾ തുടരുകയായിരുന്നു മൻമോഹനും. എന്നാൽ, കശ്മീരിലെ ഭീകരശല്യം കുറഞ്ഞെങ്കിലും മറ്റിടങ്ങളിൽ ഭീകരാക്രമണം വ്യാപിച്ചത് മൻമോഹനെ വെട്ടിലാക്കി. ഒടുവിൽ 2008 നവംബറിലെ മുംബൈ ആക്രമണം കൂടിക്കഴിഞ്ഞതോടെ സൈനികമായി തിരിച്ചടിക്കാൻ മൻമോഹൻ ആലോചിച്ചതായി പറയപ്പെടുന്നു. ആ അവസരത്തിൽ തിരിച്ചടി പ്രതീക്ഷിച്ചിരിക്കുന്ന പാക്ക് സൈന്യത്തിനുമേൽ പെട്ടെന്നു പ്രഹരം നടത്തി മടങ്ങാനാവില്ലെന്ന സൈനികമേധാവികളുടെ ഉപദേശത്തിന് അദ്ദേഹം വഴങ്ങുകയായിരുന്നു. എന്നാൽ, കസബ് എന്ന പാക്ക് പൗരനായ ഭീകരനെ ജീവനോടെ പിടികൂടിയതു നയതന്ത്രതലത്തിൽ ഭരണകൂടം മുതലെടുത്തു. ഭീകരപ്രസ്ഥാനത്തിൽ പാക്കിസ്ഥാനുള്ള നിഷേധിക്കാനാവാത്ത തെളിവായി കസബിനെ ഉയർത്തിക്കാട്ടാൻ ഇന്ത്യയ്ക്കു സാധിച്ചു.
ചൈനയ്ക്കെതിരെ ബഹുമുഖതന്ത്രം
തൊണ്ണൂറുകളിൽ സാങ്കേതിക– സാമ്പത്തികരംഗങ്ങളിൽ ശ്രദ്ധപതിപ്പിച്ച് അയൽരാജ്യങ്ങൾക്കു പ്രശ്നമുണ്ടാക്കാതിരുന്ന ചൈന താമസിയാതെ സടകുടഞ്ഞെഴുന്നേറ്റുവരുമെന്ന് മൻമോഹൻ നേരത്തേ കണ്ടിരുന്നു. 2008 ലെ ബെയ്ജിങ് ഒളിംപിക്സ് കഴിഞ്ഞതോടെ അതു സംഭവിക്കുകയും ചെയ്തു. അതിർത്തി പ്രശ്നങ്ങൾ ഉയർത്തുകയും ടിബറ്റിലേക്കു കൂടുതൽ സൈന്യത്തെ അയയ്ക്കുകയും ചൈന ചെയ്തതോടെ മൻമോഹനും വെറുതെയിരുന്നില്ല. പ്രതിരോധമന്ത്രിയായിരുന്ന എ.കെ ആന്റണി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ, സൈനികമേധാവിമാർ എന്നിവരുടെ ഉപദേശപ്രകാരം ദ്രുതഗതിയിൽ സൈന്യത്തെ മുന്നണികളിലെത്തിക്കാൻ വേണ്ട സൗകര്യങ്ങൾ സജ്ജമാക്കി. മുൻനില ലാൻഡിങ് ഗ്രൗണ്ടുകൾ, എയർസ്ട്രിപ്പുകൾ എന്നിവ തയാറാക്കി. ഹെലികോപ്റ്ററിൽ എത്തിക്കാവുന്ന ഭാരം കുറഞ്ഞ ടാങ്കുകൾ, പീരങ്കികൾ എന്നിവ വാങ്ങിയും നിർമിച്ചും സൈന്യത്തിനു നൽകി. ഇവയിൽ പല നീക്കങ്ങളും അതീവരഹസ്യമായാണു നടത്തിയത്.
ടിബറ്റിലേക്കു നിർമിച്ച പർവതറെയിൽപ്പാതയിലൂടെ ദ്രുതഗതിയിൽ ഒട്ടേറെ ഡിവിഷൻ സൈന്യത്തെ അതിർത്തിയിലെത്തിക്കാൻ ചൈനയ്ക്കു സാധിക്കുമെന്ന് ആശങ്ക ഉയർന്നപ്പോൾ മൻമോഹൻ സർക്കാർ ഏതാനും സുഖോയ്–30 ദീർഘദൂര ഫൈറ്റർ സ്ക്വാഡ്രണുകളെയും ചൈനിസ് പ്രതിരോധനിരയ്ക്ക് തടുക്കാനാവാത്ത ബ്രഹ്മോസ് ക്രൂസ് മിസൈലുകളുടെ ഏതാനും ബാറ്ററികളെയും വടക്കൻ മേഖലയിലേക്കു നീക്കി. മലമുകളിലെ റെയിൽലൈൻ നിമിഷനേരത്തേ ഇന്ത്യൻ ബോംബിങ്ങിൽ തകരാനുള്ളതേയുള്ളുവെന്ന് അതോടെ ചൈനയ്ക്കു ബോധ്യമായി.
പരസ്യമായി തന്നെ ചൈനയ്ക്ക് മുന്നറിയിപ്പു നൽകാനായി മൻമോഹനും പ്രതിരോധമന്ത്രി എ.കെ ആന്റണിയും ചേർന്നു ബ്രഹ്മാസ്ത്രം തന്നെ പുറത്തെടുത്തു. അന്നുവരെ ഇന്ത്യൻ സൈന്യത്തിനില്ലായിരുന്ന പർവതപ്രഹരകോർ രൂപീകരിക്കാൻ അദ്ദേഹം പ്രതിരോധവകുപ്പിന് അനുമതി നൽകി. ചൈന ആക്രമണം നടത്തിയാൽ പ്രതിരോധിക്കുക മാത്രമല്ല, ചൈനീസ് ഭൂമിയിലേക്ക് ആക്രമണം നടത്താൻ കെൽപുള്ള വൻ സൈനികവ്യൂഹത്തെ തയാറാക്കുകയായിരുന്നു ലക്ഷ്യം.