ADVERTISEMENT

ഡോ. മൻമോഹൻ സിങ്ങിന് പല ജീവിതങ്ങൾ ഉണ്ടായിരുന്നതായി ചിലപ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെയും വിദ്യാഭ്യാസത്തെയും പറ്റി വളരെ കുറച്ചുവിരങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ബന്ധുക്കളുടെ കരുണയിലും സ്കോളർഷിപ്പുകളെ ആശ്രയിച്ചുള്ളതുമായിരുന്നു കഠിനമായ ആദ്യകാലം.

പിന്നീട് മുണ്ടുമുറുക്കിയുടുത്താണ് കേംബ്രിജിലെയും ഓക്സ്ഫഡിലെയും വിദ്യാഭ്യാസം നടത്തിയത്. അതിനു ശേഷം ഡൽഹിയിലെ സർക്കാർ ഉദ്യോഗസ്ഥരുടേതുപോലുള്ള ഇടത്തരം ജീവിതം. സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം തുടങ്ങിയത്. ആ ചുമതല അദ്ദേഹം നല്ല രീതിയിൽ നിർവഹിച്ചു. മിടുക്കനായ വിദ്യാർഥിയായിരുന്നു, വിപുലമായി വായിച്ചിരുന്നു എന്നീ കാര്യങ്ങളല്ലാതെ ആദ്യകാല ജീവിതത്തെപ്പറ്റി എടുത്തുപറയാൻ കൂടുതലൊന്നുമില്ല. 

ആദ്യകാലത്ത് സർക്കാരിൽ വിവിധ പദവികൾ വഹിച്ചിരുന്നപ്പോൾ അന്നത്തെ അന്തരീക്ഷവുമായി അദ്ദേഹം സമരസപ്പെട്ടു പോകുകയാണ് ചെയ്തത്. നിയമങ്ങൾ മൂലമുള്ള നിയന്ത്രണങ്ങൾ, പൊതുമേഖലയുടെ അപ്രമാദിത്വം, സ്വകാര്യമേഖലയെ സംശയദൃഷ്ടിയോടെ വീക്ഷിക്കൽ തുടങ്ങി അടഞ്ഞ ഒരു സമ്പദ്​മേഖലയാണ് അന്നു നിലനിന്നത്. ഇവയോട് ഏതെങ്കിലും തരത്തിൽ അദ്ദേഹം കലഹിച്ചിരുന്നതിന്റെ തെളിവുകളില്ല. 

അദ്ദേഹത്തിന്റെ ചിന്തയിലും കാഴ്ചപ്പാടിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നത് സൗത്ത് കമ്മിഷനിൽ ജോലി ചെയ്തിരുന്ന കാലഘട്ടമാണ്. 1991 മുതലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് അടിത്തറയിട്ടത് ആ കാലമാണ്. 

ഡോ. മൻമോഹൻ സിങ്ങിന് യഥാർഥ അവസരം കൈവന്നത് പ്രധാനമന്ത്രി പി.വി.നരസിംഹറാവു അദ്ദേഹത്തെ ധനമന്ത്രിയായി നിയമിച്ചതോടെയാണ്. അക്ഷരാർഥത്തിൽ തന്നെ അപ്രതീക്ഷിതം ആയിരുന്നു ആ സ്ഥാനലബ്ധി. ധനമന്ത്രിയായി നിയമിക്കാൻ പോകുന്ന കാര്യം ഡോ. പി.സി.അലക്സാണ്ടർ അദ്ദേഹത്തോട് പറഞ്ഞപ്പോൾ വിശ്വസിച്ചില്ലെന്നാണ് അക്കാലത്ത് പ്രചരിച്ച കഥ.

അടുത്ത ദിവസം അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. അവിടെ സന്നിഹിതരായിരുന്നവർക്കൊക്കെ അദ്ദേഹത്തെ കണ്ടും കേട്ടുമൊക്കെ പരിചയമുണ്ടായിരുന്നു. ഇളംനീല തലപ്പാവണിഞ്ഞ, മൃദുഭാഷിയായ, പ്രായംചെന്ന ഈ മാന്യന് എന്തു ഉത്തരവാദിത്തമാണ് നൽകാൻ പോകുന്നതെന്ന് അദ്ഭുതപ്പെട്ടു. 

ഇന്ത്യൻ സമ്പദ്​വ്യവസ്ഥ മുൻപൊരിക്കലുമുണ്ടായിട്ടില്ലാത്ത പ്രതിസന്ധി ആണ് 1991 ജൂണിൽ നേരിട്ടത്. പുതിയ ധനമന്ത്രി എന്താണ് ചെയ്യാൻ പോകുന്നതെന്ന് ആർക്കും നിശ്ചയമുണ്ടായിരുന്നില്ല. ആ സർക്കാരിലെ ഏറ്റവും വെല്ലുവിളി നേരിട്ട മന്ത്രി അദ്ദേഹമായിരുന്നു. 

വാണിജ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഞാൻ അടുത്തുനിന്നു കണ്ടു. സഹജമായ ബോധ്യത്തോടെയും താൽപര്യത്തോടെയും അദ്ദേഹം നയങ്ങൾ പൊളിച്ചുപണിയാൻ ആരംഭിച്ചു. കഠിനമായ നിയമങ്ങൾ കൊണ്ടു തടുത്തുനിർത്തിയിരുന്നതിനാൽ ഇന്ത്യയുടെ വിദേശ വ്യാപാരം വളരെ ശുഷ്കമായിരുന്നു. 

ജൂലൈ മാസത്തിലെ 30 ദിവസം തുടർച്ചയായി വീശിയടിച്ച കൊടുങ്കാറ്റിൽ സർക്കാർ നിയന്ത്രിത സമ്പദ്​വ്യവസ്ഥ കെട്ടിയുയർത്തിയിരുന്ന കോട്ടകൊത്തളങ്ങൾ തകർന്നുവീണു. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും അന്തംവിട്ടു നിന്നു. പലർക്കും ബോധം തിരിച്ചുകിട്ടിയില്ല. പലരും രംഗത്തുനിന്നു തന്നെ നിഷ്ക്രമിച്ചു. 

വിദേശ വ്യാപാര നയത്തിലും പുതിയ വ്യവസായ നയത്തിലും ആദ്യ ബജറ്റിൽ കൊണ്ടുവന്ന മാറ്റങ്ങൾ തന്നെ ഇന്ത്യയെ പുതിയ ദിശയിലേക്ക് നയിച്ചു. 1991 ജൂലൈ ഒന്നിനു തുടങ്ങിയ ആ യാത്ര, ഇടയ്ക്കൊക്കെ തടസ്സപ്പെട്ടെങ്കിലും, ഇന്നും തുടരുകയാണ്. ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെന്ന കപ്പലിനെ പ്രധാനമന്ത്രിയായിരുന്ന 10 വർഷവും (2004– 2014) ധനമന്ത്രിയായിരുന്ന 5 വർഷവും (1991–96) വ്യക്തമായ ദിശാബോധത്തോടെ അദ്ദേഹം നയിച്ചു. 

നമ്മൾ വിജയകരമായി താണ്ടിയ നാഴികക്കല്ലുകളെപ്പറ്റി ഇവിടെ ഓർക്കാം. തുറന്ന വ്യാപാരനയം, തുറന്ന വ്യവസായ നയം, പഴയ നിയമങ്ങളുടെ പരിഷ്കരണം, ഉദാരവൽക്കരണത്തിനു വേണ്ടിയുള്ള പുതിയ നിയമ നിർമാണം, നേരിട്ടുള്ള വിദേശ നിക്ഷേപം, വിദേശനാണയശേഖരത്തിലുണ്ടായ അഭൂതപൂർവമായ വർധന, മികച്ച രീതിയിൽ വളരുന്ന സ്വകാര്യമേഖല, പുതിയ വികസന, നിയന്ത്രണ അതോറിറ്റികൾ എന്നിവ അതിലുൾപ്പെടുന്നു. വാർഷിക ബജറ്റുകളെ ഉദാരവൽക്കരണത്തിന്റെയും പുരോഗതിയുടെയും മാധ്യമമാക്കി മാറ്റിയത് ഡോ. മൻമോഹൻ സിങ് ആണ്. 

ഡോ. മൻമോഹൻ സിങ് നടപ്പാക്കിയ വിവരാവകാശ നിയമം, വിദ്യാഭ്യാസ അവകാശ നിയമം, ഭക്ഷണത്തിനു വേണ്ടിയുള്ള അവകാശം, തൊഴിലുറപ്പു പദ്ധതി, വനാവകാശ നിയമം, സീറോ ബാലൻസ് ബാങ്ക് അക്കൗണ്ട്, ആധാർ, ആനുകൂല്യങ്ങൾ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന രീതി, ടെലികോം രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾ എന്നിങ്ങനെ പുതുമയുള്ളയും വിപ്ലവകരവുമായ നടപടികൾ ഇന്ത്യയെ മാറ്റിമറിച്ചു. 

സഹപ്രവർത്തകരോട് ഭയമില്ലാതെ യാത്രയിൽ ഒപ്പംചേരാനാണ് ഡോ. മൻമോഹൻ സിങ് ആവശ്യപ്പെട്ടത്. ഈ ലോകത്തെ അദ്ദേഹത്തിന്റെ യാത്രയ്ക്ക് അവസാനമായി. അതേസമയം അദ്ദേഹം തുടങ്ങിവച്ച ആവേശകരമായ യാത്ര ഇപ്പോഴും തുടരുകയാണ്. ഈ യാത്രയിലെ പങ്കാളികളാകാൻ ഭാഗ്യമുണ്ടായതിന് നമുക്ക് കടപ്പാടുള്ളവരായിരിക്കാം.

English Summary:

Dr. Manmohan Singh's Journey: P. Chidambaram remembers Dr. Manmohan Singh's enduring legacy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com