ഇപിഎഫ്: സത്വര നടപടിക്ക് നിര്ദേശം നൽകാൻ സമിതി; നിർദേശം രണ്ടാഴ്ചയ്ക്കകം
Mail This Article
ന്യൂഡൽഹി ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ അംഗങ്ങളുടെ ആനുകൂല്യങ്ങൾ പെട്ടെന്നു ലഭ്യമാക്കാനുള്ള വഴികൾ നിർദേശിക്കാൻ തൊഴിൽ മന്ത്രാലയം 5 അംഗ സമിതിയെ നിയോഗിച്ചു. ഉദ്യോഗസ്ഥരുടെ ഇടപെടലുകളും നടപടിക്രമങ്ങളും പരമാവധി കുറച്ച്, ആനൂകുല്യം അംഗങ്ങൾക്കു നേരിട്ടു കൈപ്പറ്റാവുന്ന തരത്തിലുള്ള നിർദേശങ്ങൾ രണ്ടാഴ്ചയ്ക്കകം സമർപ്പിക്കാനാണു മന്ത്രാലയത്തിന്റെ ധനകാര്യ ഉപദേശക ജി.മധുമിത ദാസിന്റെ നേതൃത്വത്തിലുള്ള സമിതിയോടു നിർദേശിച്ചിരിക്കുന്നത്.
വിവാഹം, വീടു നിർമാണം, വിദ്യാഭ്യാസം, ചികിത്സച്ചെലവ് തുടങ്ങിയ ആവശ്യങ്ങൾക്കായി പിഎഫിൽ നിന്ന് ഒരു ലക്ഷം രൂപ വരെ അംഗങ്ങൾക്കു നിലവിൽ നേരിട്ടു പിൻവലിക്കാം. ആനുകൂല്യവുമായി ബന്ധപ്പെട്ട്, സാക്ഷ്യപ്പെടുത്തലുള്ള എല്ലാ അപേക്ഷകളും കംപ്യൂട്ടർ വഴി ഓട്ടമാറ്റിക്കായി തുക അനുവദിക്കാവുന്ന തരത്തിൽ നടപടിക്രമങ്ങൾ ലഘൂകരിക്കാനാണു തൊഴിൽ മന്ത്രാലയം ലക്ഷ്യമിടുന്നത്.
നിലവിൽ, ഒരു അപേക്ഷയിൽ 27 തരം സാക്ഷ്യപ്പെടുത്തലുകൾ വേണം. സാക്ഷ്യപ്പെടുത്തൽ പൂർണമല്ലാത്തതിനാൽ, 60 ശതമാനത്തിലധികം അപേക്ഷകൾ നിരസിക്കുന്നു. ഇത്തരം അപേക്ഷകൾ, ഇപിഎഫ് ഉദ്യോഗസ്ഥർ തന്നെ നേരിട്ട് സ്ഥാപനത്തിലെത്തി പരിശോധിക്കേണ്ടി വരുന്നു. അത്യാവശ്യമില്ലാത്ത സാക്ഷ്യപ്പെടുത്തലുകൾ ഒഴിവാക്കും. 2023–24 ൽ 4.45 കോടി അപേക്ഷകളാണ് ഇപിഎഫ്ഒ തീർപ്പാക്കിയത്. ഇതിൽ 1.39 കോടി 3 ദിവസത്തിനകം തീർപ്പു കൽപിച്ചു. 7.50 കോടി അംഗങ്ങളാണ് ഇപിഎഫ്ഒയിലുള്ളത്.
ഇപിഎഫ് അംഗങ്ങൾക്ക് ഇ–വാലറ്റും സ്മാർട് കാർഡും നൽകുന്നതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് അധികൃതരുമായി തൊഴിൽ മന്ത്രാലയം ചർച്ച നടത്തി. ഇ–വാലറ്റും സ്മാർട് കാർഡും ഉപയോഗിച്ച്, അംഗങ്ങളുടെ ഇപിഎഫ് അക്കൗണ്ടുകളിലെ പണം എടിഎമ്മുകൾ വഴി പിൻവലിക്കാനുള്ള പദ്ധതിയാണു ചർച്ച ചെയ്തത്. അടുത്ത വർഷമാദ്യം പദ്ധതി നടപ്പാക്കുമെന്നാണു വ്യക്തമാക്കിയിരുന്നത്.